‘നൈക്കി’യുമായി തർക്കം; കറുപ്പ് ബൂട്ടുകൾ ധരിച്ച് കളിക്കാനിറങ്ങി വിനീഷ്യസ് ജൂനിയർ

പ്രമുഖ സ്പോർട്സ് ഷൂസ് നിർമാണ കമ്പനിയായ നൈക്കിയുമായുള്ള തർക്കത്തെ തുടർന്ന് റയൽ മഡ്രിഡിന്‍റെ ബ്രസീലിയൻ സൂപ്പർതാരം കളിക്കാനിറങ്ങിയത് കറുപ്പ് ബൂട്ടുകൾ ധരിച്ച്. സ്പാനിഷ് ലാ ലീഗയിൽ വലൻസിയക്കെതിരെ നടന്ന മത്സരത്തിന്‍റെ ആദ്യ പകുതിയിലാണ് താരം കറുപ്പ് ബൂട്ടുകൾ ധരിച്ചത്.

എന്നാൽ, രണ്ടാം പകുതിയിൽ നൈക്കി സ്പോൺസേർഡ് ബൂട്ടുകൾ ധരിച്ചാണ് കളിച്ചത്. 54 ാം മിനിറ്റിൽ കരീം ബെൻസേമയുടെ അസിസ്റ്റിലൂടെ താരം ഗോൾ നേടുകയും ചെയ്തു. 2013ലാണ് വിങ്ങറായ വിനീഷ്യസ് നൈക്കിയുമായ കരാറിലെത്തുന്നത്. എന്നാൽ, അമേരിക്കൻ കമ്പനിയുമായുള്ള പത്തു വർഷത്തെ കരാർ അവസാനിപ്പിക്കാൻ താരം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

ഇതുവരെയും വിഷയത്തിൽ രമ്യമായ തീരുമാനത്തിലെത്താൻ ഇരുവർക്കും കഴിഞ്ഞിട്ടില്ല. താരം പതിവായി ഉപയോഗിക്കുന്നത് നൈക്കിയുടെ മെർക്കുറിയൽ വാപർ ബൂട്ടുകളാണ്. 2018ൽ കമ്പനിയുമായുള്ള കരാർ പുതുക്കിയിരുന്നു. കമ്പനിയുമായുള്ള കരാർ താരം അവസാനിപ്പിച്ചതായും അദ്ദേഹത്തിന് കൂടുതൽ നേട്ടമുണ്ടാക്കുന്ന മറ്റൊരു കമ്പനിയുമായി കരാറുണ്ടാക്കാനാണ് തീരുമാനമെന്നും സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മറ്റൊരു ബ്രാൻഡുമായി ഒപ്പിടാൻ താരത്തിന് തിടുക്കമില്ലെന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു. വലൻസിയയെ ഏകപക്ഷീയമായ രണ്ടു ഗോളിനാണ് റയൽ പരാജയപ്പെടുത്തിയത്. ഇതോടെ ലീഗിൽ ഒന്നാമതുള്ള ബാഴ്സയുമായുള്ള പോയന്‍റ് വ്യത്യാസം റയൽ അഞ്ചാക്കി കുറച്ചു.

Tags:    
News Summary - Vinicius Junior wears ‘blackout’ boots after Nike row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.