ബ്രസീലുകാരനായ റൊണാൾഡോ നസാരിയോ ഫുട്ബോൾ ലോകം കണ്ട ഒരു പ്രതിഭാസമാണ്. അപാരമായ ക്ലോസ് കൺട്രോൾ കൊണ്ട് ടാക്കിളുകളെ വെട്ടിയൊഴിയാനുള്ള വൈഭവവും ഇരു കാലുകൾ കൊണ്ടും അനായാസം ഷൂട്ട് ചെയ്യാനുള്ള മിടുക്കുമാണ് താരത്തെ ഫുട്ബാൾ ചരിത്രത്തിലെ മികച്ച സ്ട്രൈക്കർമാരിലൊരാളാക്കിയത്.
റയൽ മാഡ്രിഡിനും ബാഴ്‌സക്കും വേണ്ടി പന്തുതട്ടിയ റൊണാൾഡോയുടെ കളികൾ പിന്നീട് വന്ന പല താരങ്ങളും കളത്തിൽ പയറ്റി. ഫുട്ബാളിലെ വളർന്നുവരുന്ന തലമുറക്ക് അദ്ദേഹം ഒരുപാട് കാര്യങ്ങൽ ബാക്കിവെച്ചാണ് ബൂട്ടഴിച്ചത്. അദ്ദേഹത്തെ ആരാധിക്കുകയും അനുകരിക്കുകയും ചെയ്ത യുവതാരങ്ങളിൽ ഒരാളാണ് വിനീഷ്യസ് ജൂനിയർ. സ്പാനിഷ് ലാ ലിഗയിൽ സെൽറ്റ വിഗോയെ 4-1ന് തകർത്ത മത്സരത്തിൽ ഈ റയൽ മാഡ്രിഡ് താരത്തിന്‍റെ പ്രകടനം ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു.
മിഡ്ഫീൽഡ് മാസ്ട്രോ ലുക മോഡ്രിചിന്‍റെ മനോഹരമായ പാസ് മുതലെടുത്ത് വിനി ഒരു പെർഫെക്റ്റ് മാൻ-ടു-മാൻ പ്രത്യാക്രമണത്തിലൂടെയാണ് ഗോൾ നേടിയത്. സ്വന്തം കോർട്ടിൽനിന്ന് ലുക നീട്ടിനൽകിയ പന്ത് സ്വീകരിച്ച വിനീഷ്യസ്, അതിവേഗം കുതിച്ചുപാഞ്ഞ് സെൽറ്റ ഗോളിയെയും വെട്ടിച്ച് മുന്നേറി ശൂന്യമായ പോസ്റ്റിലേക്ക് പന്തടിച്ചു കയറ്റുമ്പോൾ ഓർമയിലെത്തിയത് റൊണാൾഡോ എന്ന പ്രതിഭാസമായിരുന്നു. എതിർതാരങ്ങളെ വെട്ടിയൊഴിയാനുള്ള റൊണാൾഡോയുടെ കേളിമികവിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു വിനീഷ്യന്‍റെ ഗോൾ.
താരം ആ ഗോളിന്‍റെ ക്രെഡിറ്റ് കൊടുത്തതും റൊണാൾഡോക്കായിരുന്നു. 'ഞാൻ എപ്പോഴും റൊണാൾഡോയുടെ വിഡിയോകൾ കാണും, എതിരാളിയുടെ ഗോൾകീപ്പറെ തോൽപ്പിക്കാനുള്ള എളുപ്പവഴി ഇതാണെന്ന് അദ്ദേഹം എപ്പോഴും പറയും. എനിക്കിന്ന് ഗോൾകീപ്പറെ ശാന്തമായി ഡ്രിബിൾ ചെയ്തുകൊണ്ട് ലക്ഷ്യത്തിലെത്താൻ കഴിഞ്ഞു' -വിനീഷ്യസ് പറഞ്ഞു.
വിനീഷ്യസ് ജൂനിയറിന്‍റെ കൈയിൽ കൂടുതൽ അടവുകൾ ഉണ്ടെന്നതിന്റെ തെളിവാണ് സെൽറ്റക്കെതിരായ ഈ ഗോൾ. കഴിഞ്ഞ സീസണിൽ, ലാ ലിഗയിലും യുവേഫ ചാമ്പ്യൻസ് ലീഗിലും റയൽ മാഡ്രിഡിനുവേണ്ടി 22 ഗോളുകളാണ് താരം നേടിയത്. 20 ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.