വി.പി. സുഹൈർ

മഞ്ഞക്കുപ്പായത്തിൽ മിന്നൽപ്പിണറാകാൻ സുഹൈർ ബ്ലാസ്റ്റേഴ്സിലെത്തുമോ?

കോഴിക്കോട്: നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ്.സിയുടെ മുന്നേറ്റ നിരക്കാരനായ മലയാളി താരം വി.പി. സുഹൈറിനെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌.സി സ്വന്തമാക്കുമോ? സുഹൈറിനായി ബ്ലാസ്റ്റേഴ്‌സ് ശക്തമായി രംഗത്തുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ സൂപ്പർ ലീഗിൽ കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡി​നുവേണ്ടി മികച്ച ​ഫോമിൽ പന്തുതട്ടിയ പാലക്കാട് എടത്തനാട്ടുകര സ്വദേശിയെ സ്വന്തമാക്കാൻ മറ്റു രണ്ടു താരങ്ങളെയും ​ട്രാൻസ്ഫർ ഫീയും നൽകാൻ കേരള ബ്ലാസ്റ്റേഴ്‌സ് ഒരുക്കമാണെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതു സംബന്ധിച്ച് ഔദ്യോഗികമായി ബ്ലാസ്റ്റേഴ്‌സും നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡും പ്രതികരിച്ചിട്ടില്ല.

അർധാവസരങ്ങൾ പോലും ഗോളാക്കി മാറ്റാൻ മിടുക്കുള്ള സുഹൈറിന്റെ ഫിനിഷിങ് പാടവം മുൻനിരയിൽ കരുത്താകുമെന്ന പ്രതീക്ഷയിലാണ് താരത്തിനുവേണ്ടി ബ്ലാസ്റ്റേ​ഴ്സ് കിണഞ്ഞു ശ്രമിക്കു​ന്നത്. താരത്തെ വിട്ടുനൽകുമെങ്കിൽ പകരം മലയാളി റൈറ്റ് വിങ്ങർ കെ. പ്രശാന്ത്, മണിപ്പൂരുകാരനായ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ ഗിവ്‌സണ്‍ സിങ് എന്നിവരെയും ഒപ്പം ട്രാന്‍സ്ഫര്‍ ഫീസും നല്‍കാമെന്ന വാഗ്ദാനമാണ് കേരള ബ്ലാസ്റ്റേഴ്‌സ് മുന്നോട്ടുവെച്ചിരിക്കുന്നത്. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് ഈ ഓഫറിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ, സുഹൈർ കേരള ബ്ലാസ്റ്റേഴ്സിലേക്ക് കൂടുമാറുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി വനിതാ ടീം തങ്ങളുടെ ട്വിറ്റർ ഹാൻഡിലിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.


കഴിഞ്ഞ സീസണിൽ ടീമിലുണ്ടായിരുന്ന സ്പാനിഷ് സ്‌ട്രൈക്കർ ആൽവാരോ വാസ്‌ക്വെസ്, ഭൂട്ടാൻ ഫോർവേഡ് ചെഞ്ചോ എന്നിവർ ഇതിനോടകം കേരള ബ്ലാസ്റ്റേഴ്സ് വിട്ടിട്ടുണ്ട്. വായ്പാടിസ്ഥാനത്തിൽ കഴിഞ്ഞ സീസണിൽ കളിക്കാനെത്തിയ അർജന്റീനക്കാരനായ ജോർജ് പെരേര ഡയസ് അടുത്ത സീസണിൽ ടീമിനൊപ്പമുണ്ടാകുന്ന കാര്യവും സംശയത്തിലാണ്. ഈ സാഹചര്യത്തിലാണ് മുൻനിരയിൽ മിന്നൽപ്പിണറാകാൻ ശേഷിയുള്ള സുഹൈറിനെ ബ്ലാസ്റ്റേഴ്സ് ഉന്നമിടുന്നത്. ഏറെ ആരാധക പിന്തുണയുള്ള താരമെന്നതും സുഹൈറിന്റെ സവി​ശേഷതയാണ്. മഞ്ഞപ്പടക്കുവേണ്ടി കളത്തിലിറങ്ങുന്നതിനോട് മലയാളിതാരത്തിനും ഏറെ താൽപര്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ. മറ്റു ടീമുകളുടെ താൽപര്യം കണക്കിലെടുത്ത് സുഹൈറിനായി വലിയ വിലയാണ് നോർത്ത് ഈസ്റ്റ് ആവശ്യപ്പെടുന്നത്.


29 കാരനായ സുഹൈര്‍ ക്ലബ് തലത്തില്‍ ഇതുവരെ 76 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 12 ഗോള്‍ നേടി, എട്ട് ഗോളിന് അസിസ്റ്റ് ചെയ്തു. ഐ ലീഗില്‍ മോഹന്‍ ബഗാന്‍, ഗോകുലം കേരള എഫ്.സി, ഈസ്റ്റ് ബംഗാള്‍ ടീമുകള്‍ക്കായി ബൂട്ടുകെട്ടി. 2020 മുതല്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ്.സിയുടെ മുൻനിരതാരമാണ്. നോര്‍ത്ത് ഈസ്റ്റിനായി 38 മത്സരങ്ങളില്‍നിന്ന് ഏഴ് ഗോള്‍ നേടി. നാലു ഗോളുകൾക്ക് ചരടുവലിച്ചു. 2021-2022 സീസണില്‍ 19 മത്സരങ്ങളില്‍ ഹൈലാൻഡേഴ്സിന് കളത്തിലിറങ്ങി നാലുഗോള്‍ നേടിയതിനൊപ്പം രണ്ട് ഗോളിന് അസിസ്റ്റ് ചെയ്തു. ഐ.എസ്.എല്ലിലെ മികവ് 2022ൽ ഇന്ത്യന്‍ ജഴ്സിയിൽ അരങ്ങേറാനുള്ള അവസരവും സുഹൈറിന് നൽകി. 

Tags:    
News Summary - VP Suhair To Kerala Blasters FC?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.