അന്താരാഷ്ട്ര ഫുട്ബാളിൽ ഒരു ഇന്ത്യൻ താരത്തിന്റെ സ്വപ്നതുല്യമായ നേട്ടത്തിന്റെ വക്കിലാണ് ക്യാപ്റ്റൻ സുനിൽ ഛേത്രി. ലോക ഫുട്ബാളിൽ പോർചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയും (128) ഇറാന്റെ അലിദായിയും (108) അർജന്റീനയുടെ ലയണൽ മെസ്സിയും (106) മാത്രം വെട്ടിപ്പിടിച്ച ‘ഗോൾ സെഞ്ച്വറി’ എന്ന സുവർണ റെക്കോഡ് ഏഴുഗോൾ അകലെ ഛേത്രിയെ കാത്തിരിക്കുകയാണ്. നീലക്കുപ്പായത്തിൽ 18 വർഷം നീണ്ട പ്രയാണത്തിനിടെ എതിർവലയിലേക്ക് ഉതിർത്തത് 93 ഗോളുകൾ. 145 മത്സരങ്ങളിൽനിന്നാണ് ഈ നേട്ടം. ഇത്തവണ ഏഷ്യാകപ്പിൽ പ്രതീക്ഷയോടെ ഇന്ത്യൻ കടുവകൾ ഖത്തറിലെ മൈതാനത്തിറങ്ങുമ്പോൾ ആരാധകരുടെ മുഴുവൻ കണ്ണുകളും ഈ അഞ്ചടി ഏഴിഞ്ചുകാരനിലേക്കാണ്. 39ാം വയസ്സിലും ഗോൾ ദാഹിയായി എതിർമുഖത്ത് വട്ടമിട്ട് പറക്കുന്ന ഛേത്രിയുടെ മാന്ത്രിക ബൂട്ടുകളിലാണ് ടീമിന്റെ പ്രതീക്ഷകളത്രയും. കളിക്കാരനായും ക്യാപ്റ്റനായും ടീമിനെ അത്രയേറെ പ്രചോദിപ്പിക്കുന്നുണ്ട് ‘ക്യാപ്റ്റൻ ഫന്റാസ്റ്റിക്’ എന്ന് വിളിപ്പേരുള്ള സുനിൽ ഛേത്രി. ഓരോ മത്സരം പിന്നിടുമ്പോഴും താൻ കൂടുതൽ ഉത്തരവാദിത്ത ബോധമുള്ളവനായി മാറുകയാണെന്ന് അദ്ദേഹം പറയുന്നു.
ഫുട്ബാൾ ആസ്വദിച്ച്, ടീമിനായി സംഭാവന ചെയ്യാൻ കഴിയുന്നിടത്തോളം കാലം മൈതാനത്ത് തുടരുമെന്നാണ് ആരാധകർക്കുള്ള ഛേത്രിയുടെ ഉറപ്പ്. എന്നാൽ, ഇനിയൊരു ഏഷ്യാകപ്പിൽ ഛേത്രിയുടെ സാന്നിധ്യമുണ്ടാവില്ലെന്ന് ഏറക്കുറെ ഉറപ്പാണ്. നിലവിലെ ഫോം പരിഗണിച്ചാൽ ദേശീയ കുപ്പായത്തിൽ ഒന്നോ രണ്ടോ വർഷങ്ങൾകൂടി ഛേത്രി തുടർന്നേക്കാം. ഇന്ത്യൻ ടീമിന്റെ ഫൈനൽ തേർഡിൽ തലമുറമാറ്റത്തിന് സമയമായി. ഛേത്രിയെ മാത്രം ആശ്രയിച്ചുള്ള ആക്രമണ പദ്ധതികൾക്ക് കോച്ച് ഇഗോർ സ്റ്റിമാക് ബദൽ കണ്ടെത്തേണ്ടിയിരിക്കുന്നു.
1964ൽ ഇസ്രയേലിൽ നടന്ന എ.എഫ്.സി ഏഷ്യൻ കപ്പിന്റെ മൂന്നാം എഡിഷനിൽ റണ്ണേഴ്സ് അപ്പായതാണ് ഇതുവരെ ഇന്ത്യയുടെ മികച്ച പ്രകടനം. ചുനി ഗോസ്വാമി അടക്കമുള്ള താരങ്ങളടങ്ങിയ സുവർണ തലമുറയായിരുന്നു അന്ന് ടീമിൽ. ആതിഥേയരായ ഇസ്രായേലും ദക്ഷിണ കൊറിയയും ഹോങ്കോങ്ങും അടങ്ങുന്ന ഫൈനൽ റൗണ്ട്. ചാമ്പ്യൻഷിപ് ആരംഭിക്കുന്നതിന് മുമ്പ് ഇന്ത്യൻ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്റു അന്തരിച്ചത് താരങ്ങളിൽ ഒരു വിങ്ങലായി. ചാമ്പ്യൻഷിപ് നീട്ടിവെക്കണമെന്ന് ടീം ആവശ്യമുന്നയിച്ചെങ്കിലും സംഘാടകർ അനുവദിച്ചില്ല. നാലു ടീമുകൾ പങ്കെടുത്ത ഫൈനൽ റൗണ്ടിൽ ദക്ഷിണ കൊറിയയെയും ഹോങ്കോങ്ങിനെയും തോൽപിച്ചെങ്കിലും ഇസ്രായേലിനോട് മറുപടിയില്ലാത്ത രണ്ടുഗോളിന്റെ തോൽവി കിരീടം നഷ്ടമാക്കി. പിന്നീട് മൂന്നുതവണ ഏഷ്യാകപ്പിൽ പങ്കെടുത്തെങ്കിലും പ്രാഥമിക റൗണ്ടിനപ്പുറം കടക്കാനായില്ല. 1984, 2011, 2019 ഏഷ്യൻ കപ്പ് കളിച്ച ഇന്ത്യ തുടർച്ചയായി രണ്ടാം തവണ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത് ആദ്യമായാണ്. 2011ൽ ഖത്തറിലും 2019ൽ യു.എ.ഇയിലും നടന്ന ഏഷ്യൻ കപ്പുകളിൽ പങ്കെടുത്തവരായി സുനിൽ ഛേത്രിയും ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവുമാണ് ഇത്തവണയും ടീമിലുള്ളത്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഇടവേള കഴിഞ്ഞ് കുറഞ്ഞ ദിവസങ്ങളാണ് ഇന്ത്യൻ ടീമിന് പരിശീലനത്തിന് ലഭിച്ചത്. ഇതിനുപുറമെ മധ്യനിരയിലെ നെടുംതൂണായിരുന്ന ജീക്സൺ സിങ്ങിന് പരിക്കേറ്റതും ടീമിന് തിരിച്ചടിയായി. ജീക്സണിന്റെ അഭാവത്തിൽ അനിരുദ്ധ് ഥാപക്ക് മധ്യനിരയിൽ ചുമതലയേറും. ഇന്ത്യൻ ഒസീൽ എന്ന് ആരാധകർ വിളിക്കുന്ന മലയാളി താരം സഹൽ അബ്ദുൽ സമദിന്റെ സേവനം മിഡ്ഫീൽഡിൽ മുഴുവൻ സമയവും ലഭിക്കുമോ എന്ന കാര്യം സംശയമാണ്. ഐ.എസ്.എല്ലിനിടെ പരിക്കേറ്റ സഹൽ പൂർണമായി ഫിറ്റായിട്ടില്ലെങ്കിലും ടീമിലുണ്ട്. ഥാപക്കൊപ്പം ലാലങ്മാവിയ റാൽതെ എന്ന അപൂയയും മികച്ച ഫോമിലുള്ള അറ്റാക്കിങ് മിഡ്ഫീൽഡർമാരായ നൊയോറം മഹേഷ് സിങ്ങും ലിസ്റ്റൺ കൊളാസോയും ആദ്യ ഇലവനിൽ ഇടം നേടിയേക്കും. പരിചയസമ്പന്നനായ ബ്രണ്ടൻ ഫെർണാണ്ടസ്, ദീപക് താങ്റി, സുരേഷ് സിങ് വാങ്ജം, ഉദാന്ത സിങ് എന്നിവരാണ് മറ്റു മധ്യനിര താരങ്ങൾ.
ഗോൾവലക്ക് കീഴിൽ ഒന്നാം നമ്പറായി ഗുർപ്രീത് സിങ് സന്ധുവിന് തന്നെയാകും സ്ഥാനം. അമരീന്ദർ സിങ്ങും വിശാൽ കെയ്തും പകരം ഒപ്ഷനുകളായുണ്ടാവും. പ്രതിരോധത്തിൽ കോച്ചിന്റെ ഫസ്റ്റ് ചോയ്സായി സന്ദേശ് ജിങ്കാൻ, രാഹുൽ ബെക്കെ, ആകാശ് മിശ്ര, മെഹ്താബ് സിങ് എന്നിവരുൾപ്പെടാനാണ് സാധ്യത. സുഭാശിഷ്ബോസ്, പ്രീതംകോട്ടാൽ, നിഖിൽ പൂജാരി, ലാൽചുങ് നുംഗ എന്നിവരും കോട്ട കാക്കാനുണ്ട്. മുന്നേറ്റത്തിൽ ഛേത്രിക്കൊപ്പം ലാലിയൻ സുവാല ചാങ്തെയെ വിന്യസിച്ചേക്കും. മൻവീർ സിങ്, ഇഷാൻ പണ്ഡിത, കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഏക ഗോൾ നേടിയ മലയാളി യുവതാരം രാഹുൽ കെ.പി, വിക്രം പ്രതാപ് സിങ് എന്നിവരും ഫോർവേഡുകളായി ടീമിലുണ്ട്.
റാങ്കിങ്ങിൽ ഇന്ത്യയെക്കാൾ (102) മുന്നിലുള്ള ആസ്ട്രേലിയയും (25) ഉസ്ബകിസ്താനും (68) സിറിയയുമാണ് (91) ഗ്രൂപ് ഘട്ടത്തിൽ ഇന്ത്യയുടെ എതിരാളികൾ. ശക്തരായ എതിരാളികൾക്കുമേൽ പ്രതിരോധപ്പൂട്ടിടുകയും വീണുകിട്ടുന്ന അവസരങ്ങളിൽ വേഗമേറിയ കൗണ്ടർ അറ്റാക്ക് തീർക്കുകയും സെറ്റ് പീസുകൾ മുതലെടുക്കുകയും ചെയ്യുക എന്നതാവും കോച്ച് ഇഗോർ സ്റ്റിമാകിന്റെ തന്ത്രം. മാഞ്ചസ്റ്റർ യുനൈറ്റഡ് മുൻ വിങ്ങറായ ട്രെവർ സിങ്ക്ലയർ പുതിയ സെറ്റ് പീസ് കോച്ചായി അടുത്തിടെയാണ് ചുമതലയേറ്റത്. ഇന്ത്യൻ ഫുട്ബാൾ വളർച്ചയുടെ പാതയിലാണെന്നാണ് സ്റ്റിമാകിന്റെ പക്ഷം. അടുത്ത നാലു വർഷത്തിനകം ഏഷ്യയിലെ ആദ്യ 10 സ്ഥാനക്കാരിലേക്ക് ഇന്ത്യ എത്തുമെന്നാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടൽ. 2019ലാണ് സ്റ്റിമാക് പരിശീലകനായി ചുമതലയേറ്റത്. മികച്ച യുവനിരയെ ഒരുക്കിയ അദ്ദേഹം 30 വർഷങ്ങൾക്കുശേഷം ഇന്ത്യയുടെ റാങ്കിങ് 100നുള്ളിൽ തിരിച്ചെത്തിച്ചിരുന്നു. കായിക ക്ഷമതയിലും വേഗത്തിലും എതിരാളികൾ മുന്നിലാണെങ്കിലും ഇത്തവണ നീലക്കടുവകൾക്കായി ആരവം മുഴക്കാൻ ഖത്തറിൽ ഗാലറിയിലെത്തുന്ന ആരാധകർക്ക് അവിസ്മരണീയമായ ചില റിസൽട്ടുകൾ തങ്ങൾക്ക് നൽകാൻ കഴിയുമെന്ന് കോച്ച് ഇഗോർ സ്റ്റിമാക് പ്രതീക്ഷ പ്രകടിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.