ആകാശംമുട്ടെ ഉയർന്നു നിൽക്കുന്ന വൻമരത്തിൽനിന്നും ഞെട്ടറ്റുവീഴൂന്ന കരിയിലപോലെ, ഫ്രീകിക്ക് പോയന്റിൽനിന്നും പറത്തിവിടുന്ന പന്ത്, പാറിപ്പറന്ന് പ്രതിരോധ മതിലിനെയും, ഗോൾ കീപ്പറെയും കബളിപ്പിച്ച് വലയിലേക്ക് പതിക്കുന്നത് റൊണാൾഡീന്യോയുടെ ബൂട്ടുകളിൽനിന്നാണ് ലോകം ഏറെ കണ്ടത്. എന്നാൽ, അതിനും മുമ്പേ ടെലവിഷൻ കാഴ്ചകളും വീഡിയോ ആർകൈവുകളൊന്നുമില്ലാത്ത കാലത്ത് ഒരുപാട് കരിയിലകൾ പൊഴിച്ച ബൂട്ടുകളിൽ ഒന്നായിരുന്നു ബ്രസീലിന്റെ മറ്റൊരു ഇതിഹാസ താരം ദിദിയുടേത്. പെലെയുടെയും ഗരിഞ്ചയുടെയും വാവയുടെയും പ്രതാപത്തിൽ മുങ്ങിപ്പോയ മറ്റൊരു ഇതിഹാസമായിരുന്നു വാൾഡിർ പെരേരേ ദിദിയെന്ന ഫുട്ബാൾ ആരാധകരുടെ ഇഷ്ട താരം ദിദി. തെരുവിൽ ഫുട്ബാൾ കളിച്ച്, കുടുംബത്തെ തുണക്കാനായി കപ്പലണ്ടികച്ചവടം നടത്തിയ കൗമാരക്കാരൻ വിധിയുടെ ഭാഗ്യ പരീക്ഷണങ്ങൾ താണ്ടിയാണ് മികച്ച ഫുട്ബാളറായി മാറിയത്.
14ാം വയസ്സിൽ കളിക്കിടയിൽ കാൽമുട്ടിനേറ്റ പരിക്ക്, വേണ്ടത്ര ചികിത്സ ലഭിക്കാതെ ഗുരുതരമായപ്പോൾ കാൽ മുറിച്ചുമാറ്റാൻ വിധിയെഴുതിയ ഇടത്തു നിന്നാണ് ജീവിതത്തിലേക്ക് തിരികെയെത്തിയത് എന്നൊരു അത്ഭുതം ദിദിയുടെ കരിയറിനുണ്ട്. ആറു മാസം വീൽചെയറിൽ കഴിഞ്ഞ കൗമാരകാലത്തു നിന്നും നടന്നു തുടങ്ങിയ ദിദി ബ്രസീലിന്റെ എക്കാലത്തയും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളായി മാറി. മുറിച്ചുമാറ്റാൻ വിധിയെഴുതിയ കാലുകൾ, ബ്രസീലിനായി കളത്തിൽ കവിതകുറിക്കാനായി ദൈവം വരദാനമായി നൽകിയതെന്നായിരുന്നു ദിദി ഒരിക്കൽ പറഞ്ഞത്. അതുപോലെത്തന്നെ ആ പൊൻകാലുകൾ കാനറികളുടെ ഭാഗ്യമായി മാറിയത് പിന്നീടുള്ള ചരിത്രം. ഫ്ലുമിനിസെ, റയൽ മഡ്രിഡ്, ബൊട്ടഫോഗോ, സാവോ പോളോ ക്ലബുകൾക്ക് കളിച്ച താരം 1952 മുതൽ 1962വരെ ബ്രസീലിന്റെ മധ്യനിരയെ നയിച്ചു. 1958 സ്വീഡൻ, 1962 ചിലി ലോകകപ്പുകളിൽ ബ്രസീലിനെ ലോകകപ്പുകളിലേക്ക് നയിച്ച സുവർണ സംഘത്തിൽ ഒരാളുമായി.
സ്വീഡൻ ലോകകപ്പിൽ സ്കോർബോർഡിൽ ദിദിയുടെ ഒരു ഗോൾ മാത്രമേ അടയാളപ്പെടുത്തിയിട്ടുള്ളൂവെങ്കിലും ബ്രസീലിന്റെ വിജയങ്ങൾക്ക് മധ്യനിരയിൽ കളമൊരുക്കിയത് ഈ നീണ്ടുമെലിഞ്ഞ മനുഷ്യനായിരുന്നു. അതിനുള്ള അംഗീകാരമായിരുന്നു ടൂർണമെന്റിന്റെ മാൻ ഓഫ് ദി മാച്ച് പുരസ്കാരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.