ലണ്ടൻ: ഫ്രഞ്ച് ലീഗ് മത്സരത്തിനിടെ പി.എസ്.ജിയിൽ സഹകളിക്കാരനായ ഇതിഹാസതാരം ലയണൽ മെസ്സിയോട് ഫ്രഞ്ച് സ്ട്രൈക്കർ കിലിയൻ എംബാപ്പെ മോശമായി പെരുമാറിയതിൽ നിശിത വിമർശനവുമായി ഇംഗ്ലണ്ടിന്റെ വിഖ്യാത താരം വെയ്ൻ റൂണി. മോണ്ട്പെല്ലിയറിനെതിരെ പി.എസ്.ജി 5-2ന് ജയിച്ച മത്സരത്തിലാണ് എംബാപ്പെയുടെ അസാധാരണ പെരുമാറ്റമുണ്ടായത്. പെനാൽറ്റി എടുക്കാൻ തന്നെ അനുവദിക്കാത്തതിന് സഹതാരം നെയ്മറിനോട് വാഗ്വാദം നടത്തിയ എംബാപ്പെ, ഇതിനിടെ ചുമലുകൊണ്ട് മെസ്സിയെ തള്ളിയ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. എംബാപ്പെയുടെ പെരുമാറ്റത്തിൽ മെസ്സി അദ്ഭുതപ്പെട്ട് നോക്കുന്നതും വിഡിയോ ദൃശ്യങ്ങളിലുണ്ട്.
ഇതിനു പിന്നാലെയാണ് ഫ്രഞ്ച് താരത്തിന്റെ നടപടിക്കെതിരെ റൂണി രംഗത്തുവന്നത്. ഇതിനേക്കാൾ വലിയ ഈഗോ ജീവിതത്തിൽ താൻ കണ്ടിട്ടില്ലെന്നായിരുന്നു റൂണിയുടെ പ്രതികരണം. മുൻ മാഞ്ചസ്റ്റർ യുനൈറ്റഡ് താരമായ റൂണി നിലവിൽ അമേരിക്കയിലെ ഡി.സി യുനൈറ്റഡിന്റെ പരിശീലകനാണ്.
'ഒരു 23കാരനായ കളിക്കാരൻ ചുമലുകൊണ്ട് മെസ്സിയെ തള്ളുന്നു...അതിനേക്കാൾ വലിയ ഈഗോയൊന്നും ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല. 22 വയസ്സാകുമ്പോഴേക്ക് മെസ്സി ലോക ഫുട്ബാളിലെ മികച്ച താരത്തിനുള്ള ബാലൺ ദി ഓർ പുരസ്കാരം നാലുതവണ നേടിയ ആളാണെന്ന് എംബാപ്പെയോട് ആരെങ്കിലുമൊന്ന് ഓർമിപ്പിക്കൂ'- ഡെപാർ സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ റൂണി പറഞ്ഞു.
23 വയസ്സായിട്ടും എംബാപ്പെക്ക് ഇതുവരെ ഒരു ബാലൺ ദി ഓർ പോലും നേടാൻ കഴിഞ്ഞിട്ടില്ലെന്നത് പരോക്ഷമായി സൂചിപ്പിച്ചായിരുന്നു റൂണിയുടെ പരാമർശം. മെസ്സിയും നെയ്മറും ഉൾപെടെയുള്ള വിഖ്യാത പ്രതിഭകളുമായി 'ഇടഞ്ഞുനിൽക്കുന്ന' എംബാപ്പെയുടെ പെരുമാറ്റത്തിനെതിരെ സമൂഹ മാധ്യമങ്ങളിലും വ്യാപക പ്രതിഷേധമാണ് ഉയർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.