ഫുട്ബാളിൽ 'നീല കാർഡ്' വരുന്നു; കാർഡ് കിട്ടിയാൽ എന്ത് സംഭവിക്കും..?

സൂറിച്ച്: അഞ്ചു പതിറ്റാണ്ടിനിടെയുണ്ടാകുന്ന വിപ്ലവകരമായ മാറ്റത്തിനാണ് ഇനി ഫുട്ബാൾ കളിക്കളം സാക്ഷ്യം വഹിക്കാൻ പോകുന്നത്. ഫുട്ബാൾ കളി നിയമങ്ങളിൽ മഞ്ഞ, ചുവപ്പ് നിറത്തിലുള്ള കാർഡുകൾക്കുള്ള പ്രധാന്യം മൈതാനങ്ങളിൽ ഉരുളുന്ന പന്തിനോളം തന്നെയുണ്ട്.

അച്ചടക്ക നടപടിയുടെ ഭാഗമായി കളിക്കാർക്കും ഒഷീഷ്യൽസിനും എതിരെ റഫറിമാർ ഉപയോഗിക്കുന്ന ഈ കാർഡുകളുടെ കൂട്ടത്തിലേക്ക് മറ്റൊരു നിറത്തിലുള്ള കാർഡ് കൂടിയെത്തുന്നു. നീല നിറത്തിലുള്ള കാർഡാണ് അന്താരാഷ്ട്ര ഫുട്ബാൾ അസോസിയേഷൻ ബോർഡ് (ഇഫാബ്) പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിക്കാൻ പോകുന്നത്. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് ദി ടെലഗ്രാഫ് പുറത്തു വിടുന്ന റിപ്പോർട്ട്.

പുറത്ത് വരുന്ന റിപ്പോർട്ട് പ്രകാരം മത്സരത്തിൽ അനാവശ്യമായി ഫൗളുകൾ വരുത്തുകയും മാച്ച് ഓഫീഷ്യൽസിനോട് അപമര്യാദയോടെ പെരുമാറുകയും ചെയ്യുന്ന കളിക്കാർക്കാണ് നീല കാർഡ് ലഭിക്കുക. ഈ കാർഡ് ലഭിച്ചാൽ 10 മിനിറ്റ് കളത്തിൽ നിന്നും മാറി നിൽക്കണം. ഒരു മത്സരത്തിൽ രണ്ട് നീല കാർഡുകൾ ലഭിക്കുന്ന കളിക്കാരന് ചുവപ്പിന് തുല്യമായി കണക്കാക്കി പുറത്തിരുത്തും. ഒരു നീലയും ഒരു മഞ്ഞകാർഡും ലഭിച്ചാലും ചുവപ്പ് കാർഡ് ഉയർത്തും.

1970 ലെ ലോകകപ്പിലാണ് ആദ്യമായി മഞ്ഞയും ചുവപ്പും നിറത്തിലുള്ള കാർഡുകൾ അവതരിപ്പിക്കുന്നത്. അന്ന് തൊട്ട് ഇന്നോളം കളത്തിലെ അച്ചടക്ക നടപടിക്കുള്ള ഏക ആയുധം രണ്ടു കാർഡുകളായിരുന്നു. ഇവർക്കൊപ്പം നീലയും ചേരുന്നതോടെ മത്സര നടത്തിപ്പ് കൂടുതൽ സുഖകരമാകുമെന്നാണ് കണക്കാക്കുന്നത്. മഞ്ഞക്കും ചുവപ്പിനും ഇടയിലായിരിക്കും നീല കാർഡിന്റെ സ്ഥാനം. 

നിലവിൽ പരീക്ഷണാടിസ്ഥാത്തിൽ മാത്രമാകും നീല കാർഡ് ഉപയോഗിക്കുക. വരുന്ന സമ്മർ സീസണിൽ പരീക്ഷണം ആരംഭിക്കാനുള്ള പദ്ധതിയുണ്ടെന്ന് ഇഫാബ് സൂചന നൽകി. ടോപ് ടയർ മത്സരങ്ങളിൽ ഉടനെത്തില്ലെങ്കിലും എഫ്.എ കപ്പിൽ കാർഡ് ഉപയോഗിച്ചേക്കുമെന്നാണ് റിപ്പോർട്ട്.


Tags:    
News Summary - What Are Blue Cards; Football's Revolutionary Rule Change

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.