സുവർണ സ്മരണയിൽ നീലത്തിരമാല

ബംഗളൂരു: ലോക ഫുട്ബാളിൽ മടങ്ങിവരവിന്റെ മധ്യദശയിലാണ് കുവൈത്ത്. ഏഷ്യൻ കപ്പിലും ഗൾഫ് കപ്പിലും തുടർച്ചയായി നേട്ടങ്ങളുമായി പേർഷ്യൻ കടലിൽനിന്ന് ഏഷ്യ വൻകരയിലേക്ക് നീലത്തിരമാലകൾ (അൽ അസ്റഖ് അഥവാ ബ്ലൂ വേവ്സ് എന്നാണ് കുവൈത്തിന്റെ വിളിപ്പേര്) ആഞ്ഞടിച്ച കാലമുണ്ടായിരുന്നു. 1970 -80കളിൽ കുവൈത്തിന്റെ സുവർണ തലമുറ വെട്ടിയ പാതയിലാണ് മൂന്നു ദശകത്തോളം അവർ കുതിച്ചത്.

ബ്രസീലിയൻ കോച്ചുമാരായ കാർലോസ് പെരീറയും ലൂയി ഫിലിപ് സ്കൊളാരിയും പരിശീലകക്കുപ്പായത്തിൽ തിളങ്ങിയ കാലം. 1982 ലോകകപ്പ് കളിച്ച ടീം 1998ൽ റാങ്കിങ്ങിൽ അവരുടെ ഏറ്റവും മികച്ച പൊസിഷനിലെത്തി; 24ാം റാങ്കിൽ. 1990ൽ കുവൈത്തിനെ അസ്ഥിരപ്പെടുത്തിയ ഇറാഖ് അധിനിവേശത്തിനിടയിലും പ്രകടന മികവ് താഴാതെ പിടിച്ചുനിന്ന ടീം പക്ഷേ, കളത്തിനു പുറത്തെ രാഷ്ട്രീയ കാരണങ്ങളാൽ പിന്നീട് മൂന്നു തവണ (2007, 2008, 2015) അന്താരാഷ്ട്ര ഫുട്ബാൾ ഫെഡറേഷൻ അടിച്ചേൽപിച്ച വിലക്കിൽ ഉടഞ്ഞുപോയി. 189ാം റാങ്കിലേക്ക് താഴ്ന്ന കുവൈത്ത് ഫിഫയുടെ റാങ്ക് പട്ടിക പ്രകാരം ഇപ്പോൾ 143ാം സ്ഥാനത്താണ്.

കഴിഞ്ഞ രണ്ടു പതിറ്റാണ്ട് കുവൈത്ത് ഫുട്ബാളിന് അതിജീവനത്തിന്റെ കാലമായിരുന്നു. ഇക്കാലയളവിൽ തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനത്തിലൂടെയാണ് കുവൈത്ത് കടന്നുപോയത്. കുവൈത്തിൽ അവതരിപ്പിച്ച പുതിയ കായിക നിയമത്തിന്റെ പേരിൽ 2015 ഒക്ടോബർ 16 മുതൽ 2017 ഡിസംബർ ആറു വരെ ഫിഫ ഏർപ്പെടുത്തിയ ഒടുവിലത്തെ വിലക്കാണ് രാജ്യത്തെ ഫുട്ബാളിനെ തകർത്തത്. രണ്ടു മൂന്നു പേരൊഴികെ ഒരു തലമുറതന്നെ ദേശീയ ടീമിൽനിന്ന് കളമൊഴിഞ്ഞു.

രാജ്യത്ത് ക്ലബ് ഫുട്ബാൾ പോലും നിർജീവമായി. 139ാം റാങ്കിൽനിന്ന് ടീം പിന്നിലേക്കായി. വിലക്കു കഴിഞ്ഞ് 2022ലെ ഖത്തർ ലോകകപ്പിനുള്ള യോഗ്യത മത്സരങ്ങൾക്കായാണ് കുവൈത്ത് ദേശീയ ടീം വീണ്ടും രൂപവത്കരിക്കുന്നത്. ഗ്രൂപ്പിൽ ശക്തരായ ആസ്ട്രേലിയക്ക് പിന്നിൽ രണ്ടാമതായി ഫിനിഷ് ചെയ്തെങ്കിലും ഫൈനൽ റൗണ്ടിലേക്ക് കടക്കാനായില്ല. 2006ന് ശേഷം ലോകകപ്പ് യോഗ്യത റൗണ്ടിൽ കുവൈത്തിന്റെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ഇത്. സസ്പെൻഷൻ ഹാങ് ഓവർ വിട്ട് കുവൈത്തി ലീഗ് ഫുട്ബാളും സജീവമാവുകയാണ്. 2009, 2012, 2013 വർഷങ്ങളിൽ എ.എഫ്.സി കപ്പ് ചാമ്പ്യന്മാരായ കുവൈത്ത് എസ്.സി അടക്കമുള്ള ഒന്നാം നിര ടീമുകൾ രാജ്യത്തുണ്ട്.

രാജ്യത്തെ ഫുട്ബാൾ സംവിധാനത്തിനേറ്റ മുറിവുണങ്ങി കുവൈത്ത് പൂർണമായി തിരിച്ചെത്താൻ സമയമെടുക്കുമെന്നാണ് നിരീക്ഷണം. അറേബ്യൻ ഗൾഫ് കപ്പിൽ 10 തവണ മുത്തമിട്ട കുവൈത്തിന്റെ നേട്ടം മറ്റൊരു ഗൾഫ് രാജ്യത്തിനും അവകാശപ്പെടാനില്ല. 1970 മുതൽ 1998 വരെ കാലയളവിലാണ് ഇതിലെ ഒമ്പതു കിരീടവും. 2010ൽ അവസാന കിരീടം നേടിയശേഷം പിന്നീട് കാര്യമായ നേട്ടങ്ങളൊന്നുമില്ല. ഇക്കഴിഞ്ഞ ഗൾഫ് കപ്പിൽ ബഹ്റൈൻ, ഖത്തർ, യു.എ.ഇ ടീമുകളടങ്ങുന്ന ഗ്രൂപ്പിൽ ഖത്തറിനൊപ്പം നാലു പോയന്റായിരുന്നു കുവൈത്തിന്. എന്നാൽ, ഗോൾശരാശരിയിൽ ഖത്തർ സെമിയിലേക്ക് കടന്നു.

ജനുവരിയിൽ ഖത്തറിനോട് 2-0ത്തിന് തോറ്റശേഷം തോൽവിയില്ലാതെ തുടർച്ചയായി ഒമ്പതു മത്സരം ടീം പിന്നിട്ടുകഴിഞ്ഞു. ഇതിനിടെ ബഹ്റൈനോടും ഇന്ത്യയോടും മാത്രമാണ് സമനില വഴങ്ങിയത്. കഴിഞ്ഞ വർഷം ചുമതലയേറ്റ പോർചുഗീസ് കോച്ച് റൂയി ബെന്റോയാണ് ടീം കോച്ച്. സാഫ് കപ്പിലെ അപരാജിത കുതിപ്പ് ടീമിനെ ഫൈനലിലെത്തിച്ചിരിക്കുന്നു. വർഷങ്ങൾക്കുശേഷം ഒരു കിരീടം നേടാനായാൽ റാങ്കിങ്ങിലെ കുതിപ്പിനു പുറമെ കുവൈത്ത് ഫുട്ബാളിന് അത് പുനരുജ്ജീവനമാകും.

Tags:    
News Summary - What happened to Kuwait after reaching the 24th place in the FIFA ranking?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.