മഡ്രിഡ്: രണ്ടു മഡ്രിഡുകളിൽ ആരാവും ലാ ലിഗ കിരീടത്തിൽ ഇക്കുറി മുത്തമിടുക..? റയലോ, അത്ലറ്റികോയോ..? ലാ ലിഗയിലെ അവസാന റൗണ്ടായ 38ാം റൗണ്ടിൽ ഇന്ന് രാത്രി ഇന്ത്യൻ സമയം 9.30ന് നടക്കുന്നത് ഏഴ് മത്സരങ്ങളാണ്. പക്ഷേ, എല്ലാ കണ്ണുകളും കാഴ്ചകളും വാൻഡ മെട്രോ പൊളിറ്റാനോയി സ്റ്റേഡിയത്തിലും ആൽഫ്രെഡോ ഡി സ്റ്റിഫാനോ സ്റ്റേഡിയത്തിലുമായി ചുരുങ്ങിയിരിക്കുന്നു. അത്ലറ്റികോ മഡ്രിഡും റയൽ മഡ്രിഡും മാറ്റുരക്കുന്ന രണ്ട് മത്സരങ്ങൾ.
37 കളികൾ അവസാനിച്ചപ്പോൾ 83 പോയൻറുമായി അത്ലറ്റികോ മഡ്രിഡാണ് മുന്നിൽ. 37 കളികളിൽനിന്ന് റയൽ മഡ്രിഡിന് 81 പോയൻറുണ്ട്. മൂന്നാം സ്ഥാനത്തുള്ള മുൻ ചാമ്പ്യന്മാരായ ബാഴ്സലോണയാകട്ടെ 76 പോയൻറുമായി ഏറെ പിന്നിലാണ്. അവസാന റൗണ്ടിൽ ബാഴ്സ ഇന്ന് പോയൻറ് പട്ടികയിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന എയ്ബറിനെ തോൽപിച്ചാലും ഒന്നും സംഭവിക്കില്ല. അതേസമയം, മറുവശത്ത് കാര്യങ്ങൾ അങ്ങനെയല്ല. ഫോട്ടോ ഫിനിഷിങ്ങിലേക്കാണ് മത്സരം മുറുകിയിരിക്കുന്നത്. വാൻഡ മെട്രോ പൊളിറ്റാനോയിൽ അത്ലറ്റികോ മഡ്രിഡിന് എതിരാളി പോയൻറ് നിലയിൽ 19ാം സ്ഥാനക്കാരായ വയ്യഡോളിഡാണ്. അത്ഭുതങ്ങളോ അട്ടിമറികളോ പ്രതീക്ഷിക്കാത്ത മത്സരമാണ്.
ജയിച്ചാൽ ലാ ലിഗാ കപ്പ് അത്ലറ്റികോയുടെ താരങ്ങൾ ഉയർത്തും. കളിയെങ്ങാനും സമനിലയിലായാൽ അത്ലറ്റികോയുടെ നെഞ്ചിടിക്കും. പിന്നെ ആൽഫ്രെഡോ ഡി സ്റ്റിഫാനോ സ്റ്റേഡിയത്തിലെ കളിയുടെ ജയപരാജയങ്ങൾ അനുസരിച്ചായിരിക്കും കപ്പിെൻറ അവകാശികളെ കണ്ടെത്തുക.
റയൽ മഡ്രിഡിന് ഏഴാം സ്ഥാനത്തുള്ള വിയ്യാ റയലുമായാണ് അവസാന മത്സരം. കഴിഞ്ഞ കളിയിൽ നാലാമതുള്ള സെവിയ്യയെ 4-0ത്തിന് തച്ചുതകർത്ത് ഉജ്ജ്വല ഫോമിൽ നിൽക്കുന്ന വിയ്യ റയലിനെ പരാജയപ്പെടുത്തുക റയൽ മഡ്രിഡിന് എളുപ്പമായിരിക്കില്ല.
റയൽ മഡ്രിഡ് ജയിക്കുകയും അത്ലറ്റികോ സമനിലയിലാവുകയും ചെയ്താൽ രണ്ടുകൂട്ടർക്കും പോയൻറ് തുല്യനിലയിലാകും. പരസ്പരം കളിച്ചതിലെ മുൻതൂക്കം റയലിെൻറ തുണക്കെത്തും. കപ്പ് റയൽ മഡ്രിഡിലേക്ക് പോകും. അത്ലറ്റികോ മഡ്രിഡിനെ വയ്യ ഡോളിഡ് എന്ന ദുർബലർ അട്ടിമറിക്കണേ എന്നായിരിക്കും റയൽ ആരാധകരുടെ പ്രാർഥന
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.