ബാഴ്സയെ കോടതി കയറ്റാൻ അടിയന്തര ബോർഡ് യോഗം വിളിച്ച് റയൽ മഡ്രിഡ് ; കാരണമിതാണ്...

റഫീഞ്ഞ നേടിയ ഗോളിൽ ലാ ലിഗ തലപ്പത്ത് പിന്നെയും ലീഡുയർത്തി കുതിക്കുന്ന ബാഴ്സക്കെതിരെ സ്പാനിഷ് ലീഗിൽ പുതിയ കലാപക്കൊടി ഉയരുകയാണ്. ബദ്ധവൈരികളായ റയൽ മഡ്രിഡും പങ്കാളിയായ നിയമനടപടിക്കാണ് കളമൊരുങ്ങുന്നത്. എന്തു നിലപാട് സ്വീകരിക്കണമെന്ന് തീരുമാനമെടുക്കാൻ മഡ്രിഡ് ടീം അടിയന്തര ബോർഡ് യോഗം വിളിച്ചിട്ടുണ്ട്. റയലും കേസ് നടപടികളിൽ പങ്കാളിയായാൽ ബാഴ്സക്കുമേൽ കുരുക്ക് മുറുകും.

ലാ ലിഗ റഫറിയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് വർഷങ്ങൾ മുമ്പ് വൻതുക നൽകിയ സംഭവത്തിൽ കഴിഞ്ഞ ദിവസം പ്രോസിക്യൂട്ടർമാർ പരാതി നൽകിയിരുന്നു. മത്സര ഫലങ്ങൾ സ്വാധീനിക്കാൻ ലക്ഷ്യമിട്ടാണ് റഫറിക്ക് ലഭിക്കുംവിധം കമ്പനിക്ക് തുക നൽകിയതെന്നാണ് ആരോപണം. എന്നാൽ, ഓരോ റഫറിമാരോടും മൈതാനത്ത് എങ്ങനെ പെരുമാറണമെന്ന ഉപദേശത്തിന് മാത്രമാണ് പണം നൽകിയതെന്നും മത്സരഫലം സ്വാധീനിക്കാൻ ലക്ഷ്യമിട്ടുള്ളതല്ലെന്നും ബാഴ്സ മാനേജ്മെന്റ് വിശദീകരിച്ചിരുന്നു.

ലാ ലിഗയിൽ ബാഴ്സലോണ തുടർച്ചയായ കിരീടങ്ങൾ പിടിച്ച വർഷങ്ങളിലുൾപ്പെടെ റഫറിയുടെ കമ്പനിക്ക് തുക കൈമാറിയതായി കണ്ടെത്തിയിട്ടുണ്ട്. റയൽ മഡ്രിഡ് തൊട്ടുപിറകിൽ നിന്ന ഈ വർഷങ്ങളിലെ കിരീടം ഇതോടെ ബാഴ്സക്ക് നഷ്ടമാകുമോ എന്ന് കണ്ടറിയണം.

‘‘അതിഗൗരവമായ വസ്തുതകളിൽ റയൽ മഡ്രിഡ് കടുത്ത ഉത്കണ്ഠ അറിയിക്കുകയാണ്. നീതി പുലരുമെന്ന് ഉറച്ച വിശ്വാസം ഊന്നിപ്പറയുന്നു. ജഡ്ജി കേസ് പരിഗണിക്കുന്ന മുറക്ക് നടപടികളിൽ ടീമും പങ്കാളിയാകും’’- ക്ലബ് ഔദ്യോഗിക വാർത്താകുറിപ്പിൽ അറിയിച്ചു.

2001 മുതൽ 2018 വരെ കാലയളവിൽ ഹോസെ മരിയ എന്റിക്വസ് നെഗ്രേരയുടെ ഉടമസ്ഥതയിലുള്ള കമ്പനികൾക്ക് ബാഴ്സ 78 ലക്ഷം ഡോളർ നൽകിയെന്നാണ് കേസ്. 1993-2018 കാലയളവിൽ സ്പാനിഷ് ഫുട്ബാൾ അസോസിയേഷനു കീഴിലെ റഫറീയിങ് കമ്മിറ്റി വൈസ് പ്രസിഡന്റായിരുന്നു എന്റിക്വസ് നെഗ്രേര. റഫറിമാരുടെ തീരുമാനങ്ങൾ ബാഴ്സക്ക് അനുകൂലമാകുംവിധം ക്ലബും എന്റിക്വസ് നെഗ്രേരയും തമ്മിൽ രഹസ്യ ധാരണ ഉണ്ടാക്കിയെന്ന് പ്രോസിക്യൂഷൻ പറയുന്നു.

എന്നാൽ, അനുമാനം മാത്രമാണിതെന്നും ഏതുതരം അന്വേഷണത്തോടും സഹകരിക്കുമെന്നും ബാഴ്സലോണ മാനേജ്മെന്റും പ്രതികരിച്ചു. പ്രഫഷനൽ റഫറീയിങ് സംബന്ധിച്ച ടെക്നിക്കൽ റിപ്പോർട്ടുകളാണ് എന്റിക്വസ് നെഗ്രേരയിൽനിന്ന് തേടിയത്. ഇത് പ്രഫഷനൽ ഫുട്ബാൾ ക്ലബുകൾക്കിടയിൽ വ്യാപകമായി നിലനിൽക്കുന്നതാണ്- ബാഴ്സ പറയുന്നു.

2014- 18 കാലയളവിൽ കൈമാറിയ 29 ലക്ഷം ​യൂറോയാണ് അന്വേഷണ പരിധിയിലുള്ളത്.

Tags:    
News Summary - Why Real Madrid are taking legal action against Barcelona

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.