ഓസ്കര് അവാർഡ് ദാന വേദിയില്‍ ഹോളിവുഡ് സൂപ്പർതാരം വിൽ സ്മിത്ത് അവതാരകൻ ക്രിസ് റോക്കിന്റെ മുഖത്തടിച്ചത് വലിയ വിവാദമായി മാറിയിരുന്നു. സംഭവത്തിൽ അദ്ദേഹം പലതവണയായി മാപ്പ് പറയുകയും ചെയ്തിരുന്നു. എന്നാൽ, മാസങ്ങൾക്ക് ശേഷം യൂട്യൂബിൽ പങ്കുവെച്ച വിഡിയോയിലൂടെ വിൽ സ്മിത്ത് ഒരിക്കൽ കൂടി ക്രിസ് റോക്കിനോട് ക്ഷമാപണം നടത്തി രംഗത്തുവന്നിരിക്കുകയാണ്.
താൻ ക്രിസ് റോക്കിനെ സമീപിച്ചിരുന്നതായും എന്നാൽ അദ്ദേഹം തന്നോട് നേരിട്ട് സംസാരിക്കാൻ തയ്യാറായിരുന്നില്ലെന്നും വിഡിയോയിൽ സ്മിത്ത് പറഞ്ഞു. 'അതിനാൽ, ഞാൻ പറയുകയാണ് ക്രിസ്, താങ്കൾ എനിക്ക് മാപ്പ് തരണം..' -വിൽ സ്മിത്ത് അഭ്യർഥിച്ചു.
ക്രിസിന്റെ മാതാവിനോടും സഹോദരനോടും സ്മിത്ത് ക്ഷമ ചോദിച്ചു. ''എന്റെ പെരുമാറ്റം ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതാണ്, ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കുന്നു. നിങ്ങൾ സംസാരിക്കാൻ തയ്യാറാകുമെങ്കിൽ, ഞാൻ ഇവിടെയുണ്ടെന്ന് അറിയിക്കുകയാണ്. ക്രിസിന്റെ അമ്മയുടെ ഒരു അഭിമുഖം ഞാൻ കണ്ടിരുന്നു.. അന്ന് ആ പ്രവൃത്തി ചെയ്യുമ്പോൾ ഞാൻ ഒന്നിനെ കുറിച്ചും ബോധവാനായിരുന്നില്ല, എന്നാൽ, ആ ഒരു നിമിഷം ഒരുപാട് പേരെ വേദനിപ്പിച്ചെന്നും'' വിൽ സ്മിത്ത് കൂട്ടിച്ചേർത്തു.
ഓസ്കർ പുരസ്കാരം സ്വീകരിച്ചതിന് ശേഷമുള്ള പ്രസംഗത്തിൽ എന്തുകൊണ്ട് ക്രിസ് റോക്കിനോട് ക്ഷമ ചോദിച്ചില്ലെന്ന ചോദ്യത്തിനും സ്മിത്ത് വിഡിയോയിൽ മറുപടി പറഞ്ഞു. 'ആ സമയത്ത് എല്ലാം മങ്ങിയ അവസ്ഥയിലായിരുന്നു. എല്ലാം അവ്യക്തവുമായിരുന്നു. ഞാൻ ക്രിസിനെ സമീപിച്ചിരുന്നു, എന്നാൽ, ക്രിസ് സംസാരിക്കാൻ തയ്യാറല്ലെന്നാണ് കിട്ടിയ മറുപടിയെന്നും അദ്ദേഹം വ്യക്തമാക്കി.
ഓസ്കർ ചടങ്ങിൽ മികച്ച ഡോക്യുമെന്‍ററിക്കുള്ള പുരസ്കാരം സമ്മാനിക്കാനിരിക്കെയാണ് ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ അരങ്ങേറിയത്.വേദിയില്‍ വെച്ച് കൊമേഡിയന്‍ ക്രിസ് റോക്ക് ജാദ പിങ്കറ്റ് സ്മിത്തിന്‍റെ രൂപത്തെക്കുറിച്ച് പരിഹാസ രൂപേണയുള്ള പരാമർശം നടത്തുകയായിരുന്നു. അലോപേഷ്യ എന്ന രോഗം കാരണം തല മൊട്ടയടിച്ചാണ് ജാദ എത്തിയത്. അവരുടെ മൊട്ടയടിച്ച തലയെ കുറിച്ചായിരുന്നു ക്രിസ് റോക്കിന്‍റെ പരാമര്‍ശം. ജി.ഐ ജെയ്ൻ എന്ന ചിത്രത്തിലെ ഡെമി മൂറിന്‍റെ രൂപവുമായി ജാദയെ ക്രിസ് റോക്ക് താരതമ്യപ്പെടുത്തി. ഉടന്‍ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ വില്‍ സ്മിത്ത് വേദിയിലെത്തി ക്രിസ് റോക്കിന്‍റെ മുഖത്തടിക്കുകയായിരുന്നു. 'എന്‍റെ ഭാര്യയെ കുറിച്ചു നിന്‍റെ വൃത്തികെട്ട വായ കൊണ്ടു പറയരുതെ'ന്ന് ഉറക്കെപ്പറഞ്ഞു.അടിച്ചത് കാര്യമായിട്ടാണോ തമാശയ്ക്കാണോ എന്ന സംശയത്തിലായിരുന്നു നിരവധി ആരാധകര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.