പി.എസ്.ജിയെ പരിശീലിപ്പിക്കാൻ സിനദിൻ സിദാൻ എത്തുമോ?

ഫ്രഞ്ച് കരുത്തരായ പാരിസ് സെന്‍റ് ജെർമനിൽ (പി.എസ്.ജി) കാര്യങ്ങൾ അത്ര ശുഭകരമല്ല. ഈ വർഷം എല്ലാ ചാമ്പ്യൻഷിപ്പുകളിലുമായി കളിച്ച 11 മത്സരങ്ങളിൽ അഞ്ചിലും പി.എസ്.ജി തോൽവി ഏറ്റുവാങ്ങി. യുവേഫ ചാമ്പ്യൻഷിപ്പ് പ്രീ ക്വാർട്ടർ ആദ്യ പാദത്തിൽ കഴിഞ്ഞദിവസം ജർമൻ വമ്പന്മാരായ ബയേൺ മ്യൂണിക്കിനോട് ഒരു ഗോളിന് തോൽക്കുക കൂടി ചെയ്തതോടെ ക്ലബ് പ്രസിഡന്‍റ് നാസർ അൽ ഖിലൈഫി കടുത്ത തീരുമാനങ്ങളിലേക്ക് നീങ്ങുന്നതായാണ് പുറത്തുവരുന്ന വിവരം.

താരങ്ങൾക്കിടയിലും അസ്വാരസ്യം ഉരുണ്ടുകൂടുകയാണ്. ലീഗ് വണ്ണിൽ മൊണോക്കോയോട് തോൽവി വഴങ്ങി‍യതിനു പിന്നാലെ ബ്രസീൽ സൂപ്പർതാരം നെയ്മർ സഹതാരങ്ങളോടും സ്പോർട്ടിങ് ഉപദേശകൻ ലൂയിസ് കംപോസിനോടും കയർത്തിരുന്നു. ഇതിനു പിന്നാലെയാണ് നെയ്മർ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ചെൽസിയിലേക്ക് ചേക്കേറുമെന്ന വാർത്തകൾ പുറത്തുവന്നത്. സൂപ്പർതാരം ലയണൽ മെസ്സിയുമായുള്ള കരാർ പുതുക്കുന്ന നടപടികളും അനിശ്ചിതത്വത്തിലാണ്.

താരം അമേരിക്കൻ സോക്കർ ലീഗിലെ ഇന്‍റർ മിയാമിയുമായി കരാറിലെത്തുമെന്നും വാർത്തകളുണ്ട്. ഇതിനിടെയാണ് ക്രിസ്റ്റോഫ് ഗാൽറ്റിയറെ പരിശീലക സ്ഥാനത്തുനിന്ന് മാറ്റാനുള്ള നീക്കം നടക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ടീം മോശം ഫോം തുടരുകയാണെങ്കിൽ മാറ്റുമെന്ന് ക്രിസ്റ്റോഫിന് ഇതിനകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മുൻ ഫ്രഞ്ച് സൂപ്പർതാരവും മുൻ റയൽ മഡ്രിഡ് പരിശീലകനുമായ സിനദിൻ സിദാനാണ് ആ സ്ഥാനത്തേക്ക് ക്ലബ് പരിഗണിക്കുന്നവരിൽ ഒന്നാമൻ.

മാർച്ച് ഒമ്പതിനാണ് ബയേണുമായുള്ള രണ്ടാം പാദം. അന്ന് ക്രിസ്റ്റോഫിന്‍റെ കാര്യത്തിലും ഒരു തീരുമാനമുണ്ടാകുമെന്ന് വിവിധ ഫ്രഞ്ച് മാധ്യമങ്ങൾ പറയുന്നു. ഫ്രാന്‍സ് ദേശീയ ടീമിന്റെ പരിശീലകനാകണമെന്ന നീക്കം പരാജയപ്പെട്ടതോടെ സിദാൻ വീണ്ടും ക്ലബ് ഫുട്ബാളിലേക്ക് മടങ്ങിയെത്തുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ലോകകപ്പിന് ശേഷം നിലവിലെ ഫ്രഞ്ച് ടീമിന്റെ പരിശീലകനായ ദിദിയര്‍ ദെഷാംപ്സിന്റെ കരാര്‍ പുതുക്കി നൽകിയിരുന്നു.

മുൻ പരിശീലകൻ മൗറീഷ്യോ പോച്ചെറ്റിനോയുടെ പിൻഗാമിയായി അന്ന് സിദാനെയായിരുന്നു ക്ലബ് പരിഗണിച്ചിരുന്നത്. എന്നാൽ, ധാരണയിലെത്താനായില്ല.

Tags:    
News Summary - Will Zinedine Zidane replace Christophe Galtier as PSG manager?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.