ചാമ്പ്യൻസ് ലീഗ്; കരുത്തുകാട്ടി കൊമ്പന്മാർ; മാഞ്ചസ്റ്റർ സിറ്റി, പി.എസ്.ജി, റയൽ ടീമുകൾക്ക് ജയം

ലണ്ടൻ: യൂറോപ്പിലെ കളിമുറ്റങ്ങൾ കാതോർത്ത കളിദിനത്തിൽ വിജയം തൊട്ട് മുൻനിര ടീമുകൾ. മെസ്സി, നെയ്മർ, എംബാപ്പെ കൂട്ടുകെട്ട് നിറഞ്ഞാടിയ കളിയിൽ പി.എസ്.ജിയും ഹാലൻഡ് മാജികിൽ മാഞ്ചസ്റ്റർ സിറ്റിയും ലീപ്സിഷിനെ അനായാസം കടന്ന് റയൽ മഡ്രിഡും ഡയനാമോ സഗ്രെബിനെ വെട്ടി മിലാനും ജയവുമായി മടങ്ങിയപ്പോൾ ചെൽസി- സാൽസ്ബർഗ് മത്സരം സമനിലയിൽ കരുങ്ങി. യുവന്റ്സ് ബെൻഫിക്കയോട് തോൽവി വാങ്ങി.

ഹാലൻഡ് മയം സിറ്റി

വർഷങ്ങൾ പന്തുതട്ടിയ പഴയ തട്ടകംവിട്ടെത്തി ഏറെനാളാകുംമുന്നെ അവരുമായി മുഖാമുഖം നിന്നാൽ ഹാലൻഡിനെപ്പോലൊരു താരം എന്തുചെയ്യും? മാസ്മരികമായൊരു ഗോളിൽ അവരെ തകർത്തുവിടുമെന്ന് സാക്ഷാൽ ബൊറൂസിയ ഡോർട്മണ്ടും കണക്കുകൂട്ടിയിരുന്നില്ല.

എന്നാൽ, കളിയുടെ 80ാം മിനിറ്റുവരെ ഒരു ഗോളിന് പിറകിൽനിന്ന ടീം ആദ്യം സ്റ്റോൺസിലൂടെ ഒപ്പം പിടിക്കുകയും നാലു മിനിറ്റിനിടെ ഹാലൻഡ് നേടിയ മാജിക് ഗോളിൽ വിജയംതൊടുകയും ചെയ്തു. ഗോളൊഴിഞ്ഞ ആദ്യ പകുതിക്കു ശേഷം മാർകോ റൂയിസിന്റെ ക്രോസിൽ ജൂഡ് ബെല്ലിങ്ഹാമാണ് 56ാം മിനിറ്റിൽ ജർമൻ ടീമിനെ മുന്നിലെത്തിച്ചത്.

ഹാലൻഡിന്റെ ഗോൾദാഹം അറിയാവുന്ന ടീം താരത്തെ നിലംതൊടീക്കാതെ പിടിച്ചുകെട്ടിയപ്പോൾ സിറ്റി പ്രതിരോധത്തിലായി. കളിയിലാകെ ഹാലൻഡിൽ പന്തുതൊട്ടത് 26 തവണ മാത്രം. എന്നാൽ, അവസാന 10 മിനിറ്റുകളിൽ എല്ലാം മാറിമറിഞ്ഞു. പ്രതിരോധ താരം ജോൺ സ്റ്റോൺസ് പായിച്ച ബുള്ളറ്റ് ഷോട്ട് 80ാം മിനിറ്റിൽ കളി സമനിലയിലാക്കി. നാലു മിനിറ്റ് കഴിഞ്ഞായിരുന്നു യൊഹാൻ ക്രൈഫിന്റെ ചരിത്ര ഗോളിനെ അനുസ്മരിപ്പിച്ച് ഹാലൻഡ് പോസ്റ്റിനു മുന്നിൽ കാൽ നീട്ടിപ്പിടിക്കുന്നത്. അന്ന് ക്രൈഫ് വലതുകാൽ കൊണ്ടായിരുന്നു മൈതാനത്തെ കോരിത്തരിപ്പിച്ചതെങ്കിൽ ഇത്തവണ ഇടതുകാലായെന്നു മാത്രം.

പ്രതിരോധ നിരയെ കാഴ്ചക്കാരാക്കി യൊആവോ കാൻസലോയായിരുന്നു പന്ത് ഹാലൻഡിന് കണക്കാക്കി നൽകിയത്. തലയെത്താത്തിടത്ത് കാൽ നീട്ടിയതോടെ ഗോളി അലക്സ് മെയറുടെ കണക്കുകൂട്ടലുകളും തെറ്റി. പന്ത് അനായാസം വലയിൽ. ഇതോടെ, സിറ്റിക്കായി ഇറങ്ങിയ ഒമ്പതു കളികളിൽ താരത്തിന്റെ സമ്പാദ്യം 13 ആയി.

ഹൈഫയിൽ മെസ്സി-നെയ്മർ-എംബാപ്പെ ത്രയം

ഇസ്രായേലിലെ ഹൈഫ മൈതാനത്ത് പന്തുതട്ടാനെത്തിയ പാരിസ് സെന്റ് ജെർമനെ ആദ്യം ഞെട്ടിച്ച ആതിഥേയർ പിന്നീട് 1-3ന് കീഴടങ്ങി. 24ാം മിനിറ്റിൽ ജാറോൺ ചെറിയായിരുന്നു മക്കാബി ഹൈഫയെ മുന്നിലെത്തിച്ചത്. ലീഡ് പിടിച്ച ആവേശത്തിൽ വീണ്ടും പട നയിച്ച ഇസ്രായേൽ ടീമിനെ ഞെട്ടിച്ച് ആദ്യ പകുതിയിൽതന്നെ മെസ്സി കളി ഒപ്പത്തിനൊപ്പമാക്കി. രണ്ടാം പകുതിയിൽ മെസ്സി നൽകിയ അസിസ്റ്റിൽ എംബാപ്പെ സ്കോർ 2-1 ആക്കി.

അവസാന മിനിറ്റുകളിൽ നെയ്മർ ടീമിന്റെ വിജയം ഉറപ്പിച്ചു. മക്കാബിക്കെതിരെ ഗോൾ നേടിയതോടെ ചാമ്പ്യൻസ് ലീഗിൽ 39 ടീമുകൾക്കെതിരെ ഗോൾ നേടുന്ന ചരിത്രം മെസ്സിക്കൊപ്പമായി. 18 സീസണുകളിൽ ഗോൾ നേടുന്ന ആദ്യ താരവുമായി. മറ്റു മത്സരങ്ങളിൽ നാപോളി ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് റെയ്ഞ്ചേഴ്സിനെയും എ.സി മിലാൻ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് സഗ്രബിനെയും വീഴ്ത്തി.

ഉഴറിക്കളിച്ച ലീപ്സിഷിനെ അവസാന മിനിറ്റുകളിൽ നേടിയ ഇരട്ട ഗോളുകൾക്ക് റയൽ മഡ്രിഷ് തോൽപിച്ചു. ചെൽസിയും സാൽസ്ബർഗും ഓരോ ഗോളടിച്ച് സമനില വഴങ്ങിയപ്പോൾ സെവിയ്യ- കോപൻഹേഗൻ മത്സരം ഗോൾരഹിത സമനിലയിലായി.

Tags:    
News Summary - Win for Manchester City, PSG and Real

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.