കൊച്ചി: ജില്ല സൂപ്പർ ലീഗിൽ ഇക്കുറി കിരീടമണിഞ്ഞ ബൈസൈന്‍റൻ ഫുട്ബാൾ അക്കാദമി കാൽപന്തുകളി പ്രേമികളുടെ ഒരുകൂടാരമാണ് ഇന്ന്. ഈ വേനലവധിയിൽ കുട്ടികൾക്ക് മൂന്ന് ഗ്രൗണ്ടിലായി പരിശീലനം നൽകാനുള്ള പദ്ധതിക്ക് ഒരുക്കത്തിന്‍റെ തകൃതിയിലാണ് അക്കാദമിയുടെ അമരക്കാരനായ പി.ഒ. ജോബിൻ. 2004ൽ കാക്കനാട് ചിറ്റേത്തുകരയിൽ കെ.എ. ബഷീറും ജോബിനുംകൂടി തുടക്കമിട്ടതാണ് അക്കാദമി.
ഫൈനലിൽ ഗോൾഡൻ ത്രെഡ്സ് എഫ്.സിയെ സമനിലയിൽ കുരുക്കിയാണ് ബൈസൈന്‍റൻ ക്ലബ് ജില്ല കിരീടമണിഞ്ഞത്. അഞ്ച് മത്സരത്തിൽനിന്ന് 13 പോയന്‍റ് ക്ലബ് നേടി. എതിരിട്ടത് സെൻട്രൽ എക്സൈസ്, സീലാൻഡ്, ലീഡേഴ്സ്, ബോൾഗാട്ടി തുടങ്ങിയ വമ്പൻ നിരകളെയും. അഞ്ചുഗോൾ നേടി ഷിഹാബ് സൂപ്പർ ലീഗിലെ ടോപ് സ്കോററായി.
നിലവിൽ കടയിരിപ്പ് സെന്‍റ് പീറ്റേഴ്സ് സീനിയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലാണ് ടീമിന്‍റെ പരിശീലനം. ശനി, ഞായർ ദിവസങ്ങളിലായി നടക്കുന്ന പരിശീലനത്തിലൂടെ ഇവർ വളർത്തിയെടുത്തത് എണ്ണം പറഞ്ഞ താരങ്ങളെയാണ്. ടെക്നിക്കൽ സർവകലാശാല ടീം അംഗങ്ങളായ ടെൻസൻ ഫ്രാൻസിസ്, വി.എസ്. ഷിഹാസ്, മുബശീർ, റോഷൻ, ടീമിന്‍റെ 10 നമ്പറുകാരൻ ഹരി ഗോവിന്ദ് എന്നിവർ അവരിൽ ചിലർ മാത്രം.
'ഞങ്ങളുടെ അക്കാദമിയിൽനിന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗ് കളിക്കാൻ ഒരുതാരം ഉയരണം. അതാണ് സ്വപ്നം' -ജോബിന്‍ പ്രതീക്ഷ പങ്കുവെക്കുന്നു. ജില്ല ഫുട്ബാൾ ടീമിന്‍റെ എല്ലാ കാറ്റഗറിയിലും ബൈസൈന്‍റൻ ടീം അംഗങ്ങൾ ഉണ്ടാകും. 2012ൽ കേരള ഫുട്ബാൾ അസോസിയേഷൻ അഫിലിയേഷൻ ലഭിച്ച ടീമിനെ എന്നും മികച്ച പരിശീലകർ പിന്തുണച്ചിരുന്നു. സെൻട്രൽ എക്സൈസ് താരം പരേതനായ ടി.ഡി. ജോയിയാണ് ആദ്യകാലത്ത് പരിശീലനം നൽകിയത്.
രക്ഷാധികാരി സി.ആർ. ബാലകൃഷ്ണൻ, അസിസ്റ്റന്‍റുമാരായ മാനേജറായ സജി ജോസ് എന്നിവരും പിന്നാലെയെത്തി. നിലവിൽ ഡോ. രജീഷ് ടി. ചാക്കോയാണ് കോച്ച്. സുബോധ് സുകുൽ, അരുൺ പുഷ്പൻ, ആൽബിൻ ബിജു എന്നിവർ പരിശീലനത്തിന് കൂട്ടുണ്ട്. ജില്ല സീനിയർ ടീം അംഗമായ ബി. ഉണ്ണികൃഷ്ണനാണ് ക്യാപ്റ്റൻ. ഗോൾ കീപ്പർ അശ്വിൻ മോഹൻ ക്യാപ്റ്റനും. പുത്തൻകുരിശ് മീമ്പാറയിൽ കെ.എക്സ്. ബിജുവും ജോബിനുംകൂടി വാങ്ങിയ രണ്ടേകാൽ ഏക്കറിൽ അക്കാദമിക്ക് ഗ്രൗണ്ട് ഒരുക്കാനുള്ള ശ്രമങ്ങളിലാണ് അണിയറക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.