മുംബൈ: വനിത പ്രീമിയർ ലീഗ് ക്രിക്കറ്റിൽ ഡൽഹി കാപിറ്റൽസിനെതിരെ മുംബൈ ഇന്ത്യൻസിന് എട്ടു വിക്കറ്റ് ജയം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കാപിറ്റൽസ് 18 ഓവറിൽ 105 റൺസിന് ഓൾഔട്ടായി. മറുപടിയിൽ അഞ്ച് ഓവർ ബാക്കിയിരിക്കെ രണ്ടു വിക്കറ്റ് നഷ്ടത്തിൽ മുംബൈ 109ലെത്തി.
ടീമിന്റെ തുടർച്ചയായ മൂന്നാം ജയമാണിത്. 32 പന്തിൽ 41 റൺസടിച്ച ഓപണർ യാസ്തിക ഭാട്യയാണ് ടോപ് സ്കോറർ. മുംബൈക്കുവേണ്ടി സൈക ഇഷാഖും ഇസി വോങ്ങും ഹെയ്ലി മാത്യൂസും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തേ, 41 പന്തിൽ 43 റൺസെടുത്ത ഓപണറും ക്യാപ്റ്റനുമായ മെഗ് ലാനിങ്ങാണ് കാപിറ്റൽസ് നിരയിൽ തിളങ്ങിയത്. ഇവർക്കായി മലയാളി താരം വയനാട് സ്വദേശി മിന്നു മണി അരങ്ങേറ്റം കുറിച്ചു. എട്ടാം നമ്പറിൽ ബാറ്റിങ്ങിനിറങ്ങി മൂന്നു പന്ത് നേരിട്ട മിന്നുവിനെ പക്ഷേ അക്കൗണ്ട് തുറക്കുംമുമ്പേ ഹെയ്ലി മാത്യൂസിന്റെ ഓവറിൽ വിക്കറ്റ് കീപ്പർ യാസ്തിക ഭാട്യ സ്റ്റംപ് ചെയ്ത് മടക്കി. ബൗളറായ മിന്നുവിന് പന്തെറിയാൻ അവസരം ലഭിച്ചതുമില്ല. വനിത പ്രീമിയർ ലീഗ് കളിക്കുന്ന ആദ്യ മലയാളിയായി ഇതോടെ മിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.