ലോകകപ്പ്: സൗദി-ദോഹ റൂട്ടിൽ സൗദി എയർലൈൻസിന്റെ 780 സർവിസുകൾ

ജിദ്ദ: ലോകകപ്പ് മത്സരങ്ങൾ കാണുന്നതിനായി കായികപ്രേമികളെ സൗദിയിൽനിന്ന് ദോഹയിലേക്കും തിരിച്ചും യാത്ര ചെയ്യാൻ സൗദി എയർലൈൻസ് (സൗദിയ) 780ലധികം വിമാന സർവിസുകൾ ഷെഡ്യൂൾ ചെയ്തു. റിയാദ്, ജിദ്ദ, ദമ്മാം എന്നീ വിമാനത്താവളങ്ങളിൽനിന്നാണ് ദോഹയിലേക്കും തിരിച്ചും സർവിസ് നടത്തുക. ഇത്രയും സർവിസുകളിലായി 2,54,000 സീറ്റുകളുണ്ടാകും. ലോകകപ്പിന് കായികപ്രേമികളെ എത്തിക്കാൻ ആവശ്യമായ എല്ലാ ഒരുക്കവും സൗദിയ ഒരുക്കിയിട്ടുണ്ട്.

രാജ്യത്തിനും ഖത്തറിനും സർവിസ് നടത്തുന്നതിന് വേണ്ട എല്ലാ തയാറെടുപ്പുകളുമാണ് പൂർത്തിയായിട്ടുള്ളത്. ടൂർണമെൻറ് കാലയളവിലുടനീളം ദിവസേനയുള്ള പതിവ് സർവിസുകൾ പ്രയോജനപ്പെടുത്താൻ യാത്രക്കാർക്ക് സാധിക്കുന്ന രീതിയിലാണ് ഷെഡ്യൂളുകൾ തയാറാക്കിയിരിക്കുന്നത്.സൗദി ദേശീയ ടീമിനും ഫുട്ബാൾ ആരാധകർക്കുമുള്ള 'സൗദിയ'യുടെ പിന്തുണയാണിത്. ഹോട്ടലുകളിൽ താമസിക്കേണ്ട ആവശ്യമില്ലാതെ ദോഹയിൽ യഥാസമയം പോയിവരാനുള്ള സൗകര്യമാണ് ദേശീയ വിമാന കമ്പനി ഒരുക്കിയിരിക്കുന്നത്.

വ്യക്തിഗത അത്യാവശ്യ വസ്തുക്കൾ മാത്രം ഒപ്പം കരുതി യാത്ര ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയത്. സൗദിയിൽനിന്ന് വേഗത്തിൽ ദോഹയിൽ എത്താനും കളി കണ്ട് അതേ ദിവസംതന്നെ മടങ്ങാനും കഴിയുംവിധമാണ് ട്രിപ്പുകൾ ക്രമീകരിച്ചിരിക്കുന്നത്. അതിന് അനുസൃതമായി യാത്രാനടപടികൾ എളുപ്പത്തിൽ പൂർത്തീകരിക്കാൻ ആവശ്യമായ സജ്ജീകരണവും ഒരുക്കിയിട്ടുണ്ട്.

ചെക്ക്ഡ് ബാഗേജ് കൊണ്ടുപോകാനുള്ള സൗകര്യത്തോടെ യാത്രക്കാർക്ക് ഷെഡ്യൂൾ ചെയ്ത വിമാനങ്ങൾ വഴി ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചും യാത്ര ചെയ്യാൻ ഇതിലൂടെ സാധിക്കും.മടക്കയാത്ര യാത്രക്കാർക്ക് രണ്ട് വിമാനങ്ങൾക്കിടയിലുള്ള സമയം കണക്കിലെടുക്കാതെ, മടക്കയാത്രയുടെ ബോർഡിങ് പാസുകൾ കൂടി ഒരുമിച്ചു നൽകാനും സംവിധാനമുണ്ടാകും. യാത്ര നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനും സമയവും പ്രയത്നവും കുറക്കുന്നതിനുമാണിത്. എല്ലാ യാത്രക്കാർക്കും ഖത്തറിലേക്കും സ്‌പോർട്‌സ് സ്റ്റേഡിയങ്ങളിലേക്കും പ്രവേശിക്കുന്നതിനുള്ള അനുമതിയായി കണക്കാക്കുന്ന ഹയ്യാ കാർഡ് ഉണ്ടായിരിക്കണമെന്നും നിശ്ചയിച്ചിട്ടുണ്ട്.

Tags:    
News Summary - World Cup: 780 services of Saudi Airlines on Saudi-Doha route

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.