കുവൈത്ത് സിറ്റി: ലോകകപ്പിനും ഏഷ്യൻ കപ്പിനുമുള്ള കോണ്ടിനെന്റൽ യോഗ്യതാ മത്സരങ്ങൾക്ക് പൂർണ സജ്ജരായി കുവൈത്ത് ദേശീയ ഫുട്ബാൾ ടീം. ചൊവ്വാഴ്ച ദുബൈ പൊലീസ് ഓഫിസേഴ്സ് ക്ലബ് സ്റ്റേഡിയത്തിൽ നടന്ന സൗഹൃദ അന്താരാഷ്ട്ര മത്സരത്തിൽ കുവൈത്ത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് സിറിയൻ എതിരാളിയെ പരാജയപ്പെടുത്തി. അടുത്ത മാസത്തോടെ ആരംഭിക്കുന്ന ലോകകപ്പ് യോഗ്യതാ രണ്ടാം റൗണ്ട് മത്സരങ്ങൾക്ക് ഈ വിജയം കുവൈത്ത് ടീമിന് ആത്മവിശ്വാസം നൽകും. യോഗ്യതാ മത്സരങ്ങൾക്കായുള്ള ടീമിന്റെ തയാറെടുപ്പിന്റെ ഭാഗമായാണ് സിറിയയുമായി മത്സരം സംഘടിപ്പിച്ചത്.
കളിക്കാരുടെ കഴിവും ആത്മവിശ്വാസവും വർധിപ്പിക്കാൻ മത്സരം ഗുണം ചെയ്തെന്നാണ് പ്രതീക്ഷ. യോഗ്യതാ മത്സരത്തിൽ ഗ്രൂപ് ‘എ’ യിലാണ് കുവൈത്ത്. കഴിഞ്ഞ ലോകകപ്പ് ആതിഥേയരും നിലവിലെ ഏഷ്യൻ ചാമ്പ്യന്മാരുമായ ഖത്തർ, ഇന്ത്യ, അഫ്ഗാനിസ്താൻ എന്നിവയാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ. ഓരോ ടീമും ഹോം, എവേ അടിസ്ഥാനത്തിൽ ഗ്രൂപ്പിൽ മാറ്റുരക്കും. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാർ 2027ൽ സൗദിയിൽ നടക്കുന്ന ഏഷ്യൻ കപ്പിലേക്ക് യോഗ്യത നേടും. ഒന്നും രണ്ടും സ്ഥാനക്കാർ 2026 ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ മൂന്നാം റൗണ്ടിലും പ്രവേശിക്കും.
നവംബർ 16ന് കുവൈത്തിൽ ഇന്ത്യക്കെതിരെയാണ് കുവൈത്തിന്റെ ആദ്യ മത്സരം. നവംബർ 21ന് അഫ്ഗാനിസ്താനുമായി ഏറ്റുമുട്ടും. ഇതേ ടീമുമായി 2024 ജൂൺ 11ന് കുവൈത്തിൽ മത്സരം നടക്കും. 2024 മാർച്ച് 21ന് ഖത്തറും കുവൈത്തും ഏറ്റുമുട്ടും. മാർച്ച് 26ന് കുവൈത്തിൽ ഖത്തറുമായി മത്സരിക്കും. 2024 ജൂൺ ആറിന് ഇന്ത്യയിൽ കുവൈത്തിന്റെ എവേ മത്സരവും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.