കുവൈത്ത് സിറ്റി: ലോകകപ്പ് യോഗ്യത ലക്ഷ്യമിട്ട് ഇന്ത്യയും കുവൈത്തും ഇന്ന് ആദ്യ മത്സരത്തിനിറങ്ങുന്നു. രാത്രി 7.30ന് ജാബിർ അൽ അഹമ്മദ് ഇന്റർനാഷനൽ സ്റ്റേഡിയത്തിലാണ് മത്സരം. ജയത്തോടെ തുടങ്ങാനാകും ഇരു ടീമുകളുടെയും ശ്രമം എന്നതിനാൽ മത്സരം ആവേശകരമാകും എന്ന പ്രതീക്ഷയിലാണ് ഫുട്ബാൾ ആരാധകർ. മത്സരത്തിന്റെ ടിക്കറ്റുകൾ ഭൂരിപക്ഷും വിറ്റുപോയിട്ടുണ്ട്.
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഗ്രൂപ് ‘എ’യിൽ ഇന്ത്യയും കുവൈത്തും കൂടാതെ ഖത്തറും അഫ്ഗാനിസ്താനുമാണ് മറ്റുരണ്ട് രാജ്യങ്ങൾ. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാർ 2027ൽ സൗദിയിൽ നടക്കുന്ന ഏഷ്യൻ കപ്പിലേക്ക് യോഗ്യത നേടും. ഒന്നും രണ്ടും സ്ഥാനക്കാർ 2026 ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ മൂന്നാം റൗണ്ടിലും പ്രവേശിക്കും. ഖത്തർ ശക്തമായ ടീമാണെന്നതിനാൽ അവർക്കെതിരെ വിജയസാധ്യത കുവൈത്തിനും ഇന്ത്യക്കും കുറവാണ്. അതിനാൽ വ്യാഴാഴ്ചയിലെ മത്സരം വിജയിക്കാൻ ഇന്ത്യയും കുവൈത്തും കഠിന ശ്രമം നടത്തുമെന്ന് ഉറപ്പ്.
റാങ്കിങ് നിരയിൽ ഇന്ത്യ മുന്നിലാണെങ്കിലും അടുത്തിടെ ബംഗളുരൂവിൽ നടന്ന സാഫ് ചാമ്പ്യൻഷിപ്പിൽ ആദ്യ കളിയിൽ ഇന്ത്യയെ സമനിലയിൽ തളക്കുകയും ഫൈനലിൽ സഡൺഡത്ത് വരെ പിടിച്ചുനിൽക്കുകയും ചെയ്തത് കുവൈത്തിന് ആത്മവിശ്വാസം നൽകുന്ന ഘടകമാണ്. 2023ൽ 15 മത്സരങ്ങളിൽ ഒമ്പതും വിജയിച്ച ചരിത്രവും കുവൈത്തിനുണ്ട്. എന്നാൽ, മറുപുറത്ത് ഇന്ത്യ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. അവസാന രണ്ടു മത്സരത്തിലും കുവൈത്തിനെ തറപറ്റിച്ചതിന്റെ ഊർജം ഇന്ത്യക്കുണ്ട്. ദുബൈയിൽ പരിശീലനം പൂർത്തിയാക്കിയാണ് ഇന്ത്യൻ ടീമിന്റെ വരവ്.
ഇരുടീമുകൾക്കും പരസ്പരം അറിയാം, മത്സരം ഇരു ടീമുകൾക്കും ബുദ്ധിമുട്ടാണ്. ഫുട്ബാൾ ആരാധകർ കുവൈത്തിനെ പിന്തുണക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കുവൈത്ത് കളിക്കാരൻ കഴിവുള്ളയാളാണ്. ഇന്ത്യയെ നേരിടുന്നതിലാണ് പൂർണ ശ്രദ്ധ- റൂയി പിന്റോ, കുവൈത്ത് കോച്ച്
രണ്ട് മാസം മുമ്പത്തെ കളിയുമായി വ്യാഴാഴ്ചത്തെ മത്സരത്തിന് ഒരു ബന്ധവുമില്ല. അതിനുശേഷം ഒരുപാട് കാര്യങ്ങൾ മാറിയിട്ടുണ്ട്. കളിക്കാർ വളരെക്കാലം വിശ്രമിക്കുകയും ക്ലബുകൾക്കൊപ്പം സീസൺ ആരംഭിക്കുകയും ചെയ്തു. ഞങ്ങൾ നല്ല തയാറെടുപ്പ് നടത്തിയിട്ടുണ്ട്. ദുബൈയിൽ അഞ്ച് ദിവസം പരിശീലിച്ചു. യോഗ്യതാറൗണ്ടിലെ ആദ്യഫലം പ്രധാനമാണ്- ഇഗോർ സ്റ്റിമാക്, ഇന്ത്യൻ കോച്ച്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.