അൽ മഹാ ഐലൻഡിലെ തീം പാർക്ക്

ലോകകപ്പ് ഫുട്ബാൾ: കാത്തിരിക്കുന്നത് കണ്ണഞ്ചിപ്പിക്കും കാഴ്ചകൾ

ദോഹ: ലോകകപ്പിനായി ഖത്തറിലെത്തുന്ന ആരാധകരെ കാത്തിരിക്കുന്നത് ഫുട്ബാളിനൊപ്പം മൊഞ്ചേറിയ പരിപാടികളും കാഴ്ചകളും. ലോകകപ്പിന് 90ൽ താഴെ ദിനങ്ങൾ മാത്രം അവശേഷിക്കെ വൈവിധ്യമാർന്ന പരിപാടികളാണ് ഒരുക്കുന്നതെന്ന് ഖത്തർ ടൂറിസം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കം സജീവമാകുമ്പോൾ സന്ദർശകർക്ക് ഒഴിവ് വേളകൾ ആസ്വദിക്കാനും ആനന്ദകരമാക്കാനും വ്യത്യസ്തമായ അവസരങ്ങളാണ് ഖത്തർ വാഗ്ദാനം ചെയ്യുന്നത്. വെസ്റ്റ് ബേയിലെ ബി12 ബീച്ച് ക്ലബ് ദോഹ ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്. രാജ്യത്തെതന്നെ ഏറ്റവും മുന്തിയ ബീച്ച് ക്ലബുകളിലൊന്നായ ഇവിടത്തെ ഇൻഡോർ, ഔട്ട്ഡോർ റസ്റ്റാറൻറുകളാണ് ഏറെ ആകർഷണം. യുവാക്കളെ കേന്ദ്രീകരിച്ചുള്ള അൽ സിദ്റാൽ ബീച്ചും സന്ദർശകരാൽ നിറയും. സൂര്യോദയം മുതൽ അസ്തമയംവരെ രുചി വൈവിധ്യങ്ങളുടെ കിയോസ്കുകൾ സന്ദർശകർക്ക് മികച്ച അനുഭവം നൽകും. വെസ്റ്റ് ബേയിൽ തന്നെയാണ് അൽ സിദ്റാൽ ബീച്ചും സ്ഥിതി ചെയ്യുന്നത്. ഒക്ടോബർ 15ന് തുറക്കുന്ന ബീച്ച് ക്ലബുകൾ 2023 മാർച്ച് 31വരെ പ്രവർത്തിക്കും.

മുഴുവൻ പ്രായക്കാർക്കും ആസ്വദിക്കാൻ വിധത്തിൽ നിർമാണം പൂർത്തിയാക്കുന്ന അൽ മഹാ ഐലൻഡിലെ അമ്പതിലധികം ഗെയിമുകളും റൈഡുകളും മറ്റൊരാകർഷണമാണ്. ലുസൈൽ വിൻറർ വണ്ടർലാൻഡും ഐ.എം.ജി തീം പാർക്കുമാണ് ഇവിടെയുള്ളത്. പ്രാദേശിക, അന്താരാഷ്ട്ര കലാ, സംഗീത പ്രതിഭകൾ പങ്കെടുക്കുന്ന ഫെസ്റ്റിവൽ ഇൻ മോഷൻ നവംബർ അഞ്ച് മുതൽ 18 വരെ പൊതു സ്ഥലങ്ങളിലും പൈതൃക കേന്ദ്രങ്ങളിലും ആവേശലഹരി നിറക്കും. നവംബർ 14 മുതൽ ഡിസംബർ 18 ലോകകപ്പ് കലാശപ്പോരാട്ടം വരെ കോർണിഷ് ഉത്സവവേദിയായി മാറുന്നതോടെ കളി മാറും. ലോകകപ്പ് വേദികൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പേർ എത്തുന്ന സ്ഥലം കൂടിയാണ് ആറ് കിലോമീറ്ററോളം ദൈർഘ്യമുള്ള കോർണിഷ്.

നവംബർ 17 മുതൽ ഡിസംബർ 18 വരെ അൽ ബിദ്ദ പാർക്കിൽ ഫിഫ ഫാൻ ഫെസ്റ്റിവലുണ്ടാകും. നിരവധി സംസ്കാരങ്ങളുടെയും രുചിവൈവിധ്യങ്ങളുടെയും കലാ, സംഗീത, വിനോദ പരിപാടികളുടെയും സംഗമവേദി കൂടിയാണ് ഫാൻ ഫെസ്റ്റിവൽ. നഗരത്തിരക്കുകളിൽ നിന്നും മാറി ഒഴിവുവേളകൾ ആസ്വദിക്കാൻ അൽ ദഖീറ, സീലൈൻ, അൽ ഖലായിൽ, അൽ വക്റ സൂഖ്, എന്നിവിടങ്ങളിലും വൈവിധ്യമാർന്ന പരിപാടികളാണ് സംഘാടകർ ഒരുക്കുന്നത്. അൽ വക്റയിൽ നവംബർ 20 മുതൽ ഡിസംബർ 18 വരെ എം.ഡി.എൽ ബീസ്റ്റ് നയിക്കുന്ന അറാവിയ സംഗീത പരിപാടി അരങ്ങേറും. അതേസമയം, നവംബർ 20 മുതൽ ഡിസംബർ 20 വരെ ലുസൈൽ ബൗലെവാർഡും സന്ദർശകർക്കായി അണിഞ്ഞൊരുങ്ങും. ലുസൈൽ മെട്രോ സ്റ്റേഷനും സ്റ്റേഡിയത്തിനും സമീപത്താണ് ബൗലെവാർഡ്.

നവംബർ 20 മുതൽ ഡിസംബർ 20 വരെ സ്റ്റേഡിയം 974ന് സമീപത്തെ 974 ബീച്ച് ക്ലബും പ്രവർത്തിക്കും. വെസ്റ്റ് ബേ സ്കൈ ലൈനാണ് ഇവിടെനിന്നുള്ള ആകർഷണം. റാസ് അബൂ ഫുൻതാസിൽ നവംബർ 21 മുതൽ ഒരു മാസം നീണ്ടുനിൽക്കുന്ന അർകാഡിയ സ്പെക്ടാകുലർ നടക്കും. എല്ലാ വർഷവും ദേശീയ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ദർബ് അൽ സായ് പരിപാടികൾ ഇത്തവണ സ്ഥിരംവേദിയായ ഉംസലാൽ മുഹമ്മദിൽ തുടങ്ങും. ഡിസംബർ 12 മുതൽ 20 വരെ നടക്കുന്ന ദർബ് അൽ സായ് സന്ദർശകർക്ക് വേറിട്ട അനുഭവമായിരിക്കും. ഡിസംബർ 16ന് 974 സ്റ്റേഡിയത്തിൽ സംഗീത േപ്രമികളെ കാത്തിരിക്കുന്ന സി.ആർ റൺവേയുടെ ഖത്തർ ഫാഷൻ യുനൈറ്റഡും നടക്കും.

Tags:    
News Summary - World Cup Football: Wonderful views await

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.