ദോഹ: ക്രിക്കറ്റിൽ ബദ്ധവൈരികളാണ് ഇന്ത്യയും ആസ്ട്രേലിയയും; തുല്യശക്തികളും. എന്നാൽ, ഏഷ്യൻ കപ്പ് ഫുട്ബാളിൽ ശനിയാഴ്ച ദോഹയിൽ ആസ്ട്രേലിയയും ഇന്ത്യയും മുഖാമുഖമെത്തുമ്പോൾ കാര്യങ്ങൾ അത്ര പന്തിയല്ല. ഫിഫ റാങ്കിങ്ങിൽ 25ാം സ്ഥാനത്തുള്ള ആസ്ട്രേലിയയും 94ാം സ്ഥാനത്തുള്ള ഇന്ത്യയും തമ്മിലെ ഫലമെന്തായിരിക്കുമെന്നതിലൊന്നും തർക്കമില്ല.
ഗ്രൂപ് ബിയിൽ തുടങ്ങി കിരീടം സ്വപ്നംകാണുന്ന സോക്കറൂസും ഏഷ്യൻ കപ്പിനെ ടീം അംഗങ്ങൾക്ക് മികച്ചൊരു മത്സരാനുഭവമാക്കാനൊരുങ്ങുന്ന ഇന്ത്യയും തമ്മിലാണ് ലോകകപ്പിന് വേദിയായ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ അങ്കത്തിനിറങ്ങുന്നത്. ആദ്യ മത്സരത്തിൽതന്നെ ടൂർണമെൻറ് ഫേവറിറ്റുകളായ ഓസീസിനെ മുന്നിൽ കിട്ടിയതിന്റെ പരിഭ്രമം ഇന്ത്യൻ ക്യാമ്പിലുണ്ട്. ഒപ്പം ടീമിന്റെ മധ്യനിരയിലെ പ്രധാനികൾ പരിക്കിന്റെ പിടിയിലാണെന്ന തിരിച്ചടിയും. അപ്പോഴും പ്രതീക്ഷ ഗാലറി നിറയുന്ന ആരാധകർതന്നെ.
വെള്ളിയാഴ്ച ദോഹയിൽ നടന്ന പ്രീമാച്ച് പ്രസ് കോൺഫറൻസിൽ ആസ്ട്രേലിയൻ മധ്യനിരയിലെ ടവർമാൻ ജാക്സൻ ഇർവിൻ നേരിട്ട ഒരു ചോദ്യം ഏറ്റവും വലിയ ആരാധകപിന്തുണയുള്ള ടീമായ ഇന്ത്യക്കെതിരെ ഇറങ്ങുമ്പോൾ ഗാലറിയെ ഭയക്കുന്നോ എന്നായിരുന്നു. എന്നാൽ, പ്രതിരോധ വൻമതിലിനു മുകളിലൂടെ ഫ്രീകിക്ക് വലയിലാക്കുന്ന തികവോടെ ജാക്സൻ നൽകിയ മറുപടിയിലുണ്ട് എല്ലാം. ‘‘ഖത്തറിൽ എപ്പോഴും ഞങ്ങൾ കളിച്ചത് ശക്തരായ ആരാധകപിന്തുണയുള്ള ടീമുകൾക്കെതിരായിരുന്നു. ലോകകപ്പ് യോഗ്യതാ റൗണ്ടിന്റെ േപ്ലഓഫിൽ പെറുവും യു.എ.ഇയും ഉൾപ്പെടെ ടീമുകൾക്കെതിരെ ശക്തമായ മത്സരത്തിലൂടെതന്നെ ജയിച്ചു. ഇന്ത്യക്ക് മികച്ച ഫാൻബേസ് ഖത്തറിലുണ്ടെന്നറിയാം.
പക്ഷേ, ഞങ്ങളുടെ ടീം ഗെയിമിനെ അത് ബാധിക്കില്ല.’’ കഴിഞ്ഞ ലോകകപ്പിൽ അർജൻറീനയോട് തോറ്റ് പ്രീക്വാർട്ടറിൽ പുറത്തായ ഓസീസ്, ആറു മാസത്തിനുശേഷവും അവർക്കെതിരെ സൗഹൃദം കളിച്ചാണ് പിന്നീടുള്ള യാത്രക്ക് തുടക്കം കുറിക്കുന്നത്. ലോകകപ്പ് യോഗ്യത ഉൾപ്പെടെ മത്സരങ്ങളിലും സന്നാഹമത്സരങ്ങളിലും നേടിയ വിജയവുമായാണ് ടീം ഏഷ്യൻ കപ്പിന് ബൂട്ടുകെട്ടുന്നത്. ഏറ്റവും ഒടുവിൽ ബഹ്റൈനെതിരെ അബൂദബിയിൽ 2-0ത്തിന് വിജയിച്ചാണ് ടീം ദോഹയിലെത്തിയത്.
പരിക്ക് ആശങ്കകളൊന്നും ഇന്ന് ബൂട്ടുകെട്ടുമ്പോൾ അലട്ടുന്നില്ലെന്ന് കോച്ച് ഗ്രഹാം അർനോൾഡ് സാക്ഷ്യപ്പെടുത്തുന്നു. ഗോൾകീപ്പർ മാത്യു റ്യാനും തിരിച്ചെത്തിക്കഴിഞ്ഞു.
എതിരാളികളുടെ വലുപ്പമറിഞ്ഞ് യാഥാർഥ്യബോധത്തോടെയാണ് ബ്ലൂ ടൈഗേഴ്സ് ഇറങ്ങുന്നതെന്ന് കോച്ച് സ്റ്റിമാക് പറയുന്നു. ‘‘ഞങ്ങളുടെ 26 പേരിൽ 17 പേർക്കും ഇത് ആദ്യത്തെ ബിഗ് മാച്ചാണ്. ഏതാനും പരിചയസമ്പന്നർക്കൊപ്പം ഏറെയും പുതുമുഖങ്ങൾ. അവർക്ക് ഏറ്റവും മികച്ച മാച്ച് എക്സ്പീരിയൻസാണ് ഏഷ്യൻ കപ്പ് ഫുട്ബാൾ. വലിയ ആരാധകർക്കു നടുവിൽ മികച്ച മത്സരംതന്നെ കാഴ്ചവെക്കും’’ -പ്രീമാച്ച് പ്രസ് കോൺഫറൻസിൽ ഇന്ത്യൻ കോച്ച് പറയുന്നു.
ടീമിന്റെ പരിക്ക് നിർണായകമായ മത്സരങ്ങളിൽ അലട്ടുന്നതായി അദ്ദേഹം പറഞ്ഞു. മധ്യനിരയിൽ പ്രധാനികളായ ആഷിഖും ജീക്സൺ സിങ്ങും പരിക്ക് കാരണം 26 അംഗ ടീമിൽ ഇടംനേടിയില്ല. മധ്യനിരയിൽ കോച്ചിന്റെ തുറുപ്പുശീട്ടായ സഹൽ അബ്ദുൽ സമദും പരിക്കിന്റെ പിടിയിലാണ്. എങ്കിലും, യുവതാരങ്ങൾ ഈ അവസരം മുതലെടുക്കുമെന്നാണ് പ്രതീക്ഷ. സുനിൽ ഛേത്രിയുടെ മുൻനിരയിലെ സാന്നിധ്യവും അനുഭവ സമ്പത്തും എല്ലാവർക്കും പ്രചോദനം നൽകുന്നതാണ്. ഒപ്പമുള്ളവർ അവസരത്തിനൊത്തുയർന്നാൽ കളി ശ്രദ്ധേയമാകും.
അതേസമയം, രണ്ടാഴ്ച മുമ്പുതന്നെ ദോഹയിലെത്തി, സെറ്റ് പീസുകൾ ഉൾപ്പെടെ നിർണായക അവസരങ്ങൾപോലും ഉപയോഗപ്പെടുത്താനുള്ള തയാറെടുപ്പുകളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ഇംഗ്ലീഷ് താരം ട്രെവർ സിൻെക്ലയർ പ്രത്യേക പരിശീലകനായി ടീം ക്യാമ്പിലെത്തിയിരുന്നു. എന്നാൽ, സന്നാഹ മത്സരങ്ങളുടെ തയാറെടുപ്പൊന്നുമില്ലാതെയാണ് ടീം ഇറങ്ങുന്നത്.
ഗുർപ്രീത് സിങ് (ഗോളി), ആകാശ് മിശ്ര, സന്ദേശ് ജിങ്കാൻ, രാഹുൽ ഭേകെ, നിഖിൽ പൂജാരി, ലാലെങ്മാവിയ റാൽതെ, സുരേഷ് സിങ്, നൗറം സിങ്, അനിരുദ്ധ് ഥാപ്പ, ലാലിയാൻസുവാല ചാങ്തേ, സുനിൽ ഛേത്രി.
ജോ ഗൗചി (ഗോളി), നഥാനിയേൽ ആറ്റ്കിൻസൺ, ഹാരി സൗതർ, കാമറൂൺ ബർഗസ്, ജോർഡൻ ബോസ്, റിലേ മക്ഗ്രീ, ഐയ്ഡൻ ഓ നീൽ, ജാക്സൺ ഇർവിൻ, ക്രെയ്ഗ് ഗുഡ്വിൻ, മിച്ചൽ ഡ്യൂക്, മാർട്ടിൻ ബോയൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.