ദോഹ: ലോകകപ്പ് ആരവങ്ങളിലേക്ക് പന്തുതട്ടാനായി ആദ്യം പറന്നിറങ്ങുന്നത് ഏഷ്യൻ വമ്പന്മാരായ ജപ്പാൻ. മായാ യോഷിദയുടെ നേതൃത്വത്തിലുള്ള ടീം നവംബർ ഏഴിന് ലോകകപ്പ് വേദിയിലെത്തുമെന്ന് ഫിഫ ചീഫ് ഓപറേറ്റിങ് ഓഫിസർ കോളിൻ സ്മിത്ത് വാർത്തസമ്മേളനത്തിൽ അറിയിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ ശേഷിച്ച ടീമുകൾ ലോകകപ്പ് വേദിയിലെത്തും.
നവംബർ 20ന് കിക്കോഫ് കുറിക്കുന്ന വിശ്വമേളയിലേക്ക് 17ഓടെതന്നെ മുഴുവൻ ടീമുകളും എത്തും. ഇവർക്കെല്ലാം 24 കിലോമീറ്റർ പരിധിക്കുള്ളിൽ ടീം ബേസ് ക്യാമ്പും പരിശീലന മൈതാനങ്ങളും പൂർണമായും സജ്ജമായതായി അധികൃതർ അറിയിച്ചു. ജർമനി, സൗദി, മെക്സികോ തുടങ്ങി ഏതാനും ടീമുകൾ മാത്രമാണ് ദോഹയിൽനിന്ന് അകലെയായി താമസസൗകര്യം ഒരുക്കിയത്.
ലോകകപ്പ് കൗണ്ട് ഡൗൺ ഒരു മാസം തികയുന്നതിന് മുന്നോടിയായി ഖത്തറിന്റെ ഒരുക്കങ്ങളും തയാറെടുപ്പും വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കോളിൻ സ്മിത്ത്.സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി ഡയറക്ടർ ജനറൽ എൻജി.
യാസിർ അൽ ജമാൽ, ഖത്തർ 2022 ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ നാസർ അൽ ഖാതിർ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ വിഡിയോ സന്ദേശം നൽകി. ആതിഥേയത്വം ലഭിച്ച് 12 വർഷം കൊണ്ട് സമഗ്രമായി തയാറെടുപ്പിലൂടെയാണ് ഖത്തർ ലോകകപ്പിനെ വരവേൽക്കാൻ ഒരുങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.