പലെർമോ: യൂറോ ചാമ്പ്യന്മാരായ ഇറ്റലി ലോകകപ്പിൽ പന്തുതട്ടാനുണ്ടാവില്ല. തുടർച്ചയായ രണ്ടാം ലോകകപ്പാണ് അസൂറികളില്ലാതെ നടക്കാൻ പോകുന്നത്. യൂറോപ്യൻ യോഗ്യത റൗണ്ടിലെ പ്ലേഓഫ് സെമി ഫൈനലിൽ നോർത്ത് മാസിഡോണിയയോട് 1-0ത്തിന് തോറ്റാണ് ഇറ്റലി പുറത്തേക്കുള്ള വഴി കണ്ടത്. അതേസമയം, പോർചുഗലും സ്വീഡനും വെയിൽസും പ്ലേഓഫ് ഫൈനലിലെത്തി ലോകകപ്പ് യോഗ്യത സാധ്യത നിലനിർത്തി.
ഇഞ്ചുറി സമയത്ത് അലക്സാണ്ടർ ട്രയ്കോവ്സ്കി നേടിയ ഗോളാണ് നോർത്ത് മാസിഡോണിയക്ക് സന്തോഷത്തിന്റെയും ഇറ്റലിക്ക് നിരാശയുടെയും കണ്ണീർ സമ്മാനിച്ചത്. മത്സരത്തിൽ സമ്പൂർണ ആധിപത്യം പുലർത്തി 32 ഷോട്ടുകൾ പായിച്ചിട്ടും ഗോൾ നേടാനാവാതിരുന്നത് റോബർട്ടോ മാൻസീനിയുടെ ടീമിന് വിനയായി. 2018 ലോകകപ്പിനും ഇറ്റലി യോഗ്യത നേടിയിരുന്നില്ല. തുടർച്ചയായ രണ്ടു ലോകകപ്പുകളിൽ കളിക്കാനാവാത്തത് ഇറ്റലിയുടെ ഫുട്ബാൾ ചരിത്രത്തിൽ ആദ്യമാണ്.
തുർക്കിയെ 3-1ന് തോൽപിച്ചാണ് പോർചുഗലിന്റെ ഫൈനൽ പ്രവേശനം. ഒട്ടേവിയോ മൊണ്ടേരോ, ഡീഗോ ജോട്ട, മതായൂസ് ന്യൂനെസ് എന്നിവരാണ് പറങ്കികളുടെ ഗോൾ നേടിയത്. തുർക്കിയുടെ ഗോൾ ബുറാക് യിൽമാസിന്റെ വകയായിരുന്നു. ഈ മാസം 30ന് നടക്കുന്ന ഫൈനലിൽ പോർചുഗൽ നോർത്ത് മാസിഡോണിയയെ നേരിടും.
അധികസമയത്തേക്കു നീണ്ട കളിയിൽ ചെക് റിപ്പബ്ലിക്കിനെ 1-0ത്തിന് കീഴടക്കിയാണ് സ്വീഡന്റെ ഫൈനൽ പ്രവേശനം. റഷ്യ അയോഗ്യരാക്കപ്പെട്ടതിനാൽ വാക്കോവർ ലഭിച്ച പോളണ്ടുമായാണ് സ്വീഡന്റെ ഫൈനൽ.
സൂപ്പർ താരം ഗാരെത് ബെയ്‍ലിന്റെ ഇരട്ട ഗോൾ മികവിൽ 2-1ന് ഓസ്ട്രിയയെ തോൽപിച്ചാണ് വെയിൽസ് ഫൈനലിൽ കടന്നത്. മാറ്റിവെക്കപ്പെട്ട സ്കോട്ട്‍ലൻഡ്-യുക്രെയ്ൻ മത്സര വിജയികളായിരിക്കും വെയിൽസിന്റെ ഫൈനൽ എതിരാളികൾ. മൂന്നു പ്ലേഓഫ് ഫൈനൽ വിജയികളാണ് ഖത്തറിലേക്ക് ടിക്കറ്റുറപ്പിക്കുക. നേരത്തേ 10 ടീമുകൾ യൂറോപ്പിൽനിന്ന് യോഗ്യത നേടിയിരുന്നു.
സാവോപോളോ: ലോകകപ്പിന് ദക്ഷിണ അമേരിക്കയിൽനിന്ന് രണ്ടു ടീമുകൾ കൂടി യോഗ്യതയുറപ്പിച്ചു. എക്വഡോറും ഉറുഗ്വായിയുമാണ് ഖത്തർ ടിക്കറ്റ് ഉറപ്പാക്കിയത്. ബ്രസീലും അർജന്റീനയും നേരത്തേ യോഗ്യത നേടിയിരുന്നു. എക്വഡോർ പരഗ്വേയോട് 3-1ന് തോറ്റെങ്കിലും ഉറുഗ്വായ് പെറുവിനെ 1-0ത്തിന് കീഴടക്കിയതാണ് ഇരുടീമുകൾക്കും തുണയായത്.
ബ്രസീലിനും (42) അർജന്റീനക്കും (35) പിറകിൽ എക്വഡോറിനും ഉറുഗ്വായ്ക്കും 25 പോയന്റ് വീതമാണ്. പിറകിലുള്ള ടീമുകൾക്ക് ഇവരെ മറികടക്കാനാവില്ല. മറ്റു കളികളിൽ ബ്രസീൽ 4-0ത്തിന് ചിലിയെയും കൊളംബിയ 3-0ത്തിന് ബൊളീവിയയെയും തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.