സാവോപോളോ: ലോകകപ്പ് യോഗ്യത റൗണ്ട് പോരാട്ടത്തിൽ തുടർച്ചയായ മൂന്നാം ജയവുമായി ബ്രസീൽ ജൈത്രയാത്ര തുടരുന്നു. റോബർട്ടോ ഫിർമിനോയുടെ ഏക ഗോൾ മികവിൽ ബ്രസീൽ വെനിസ്വേലയെ 1-0ത്തിന് തോൽപിച്ചു.
നെയ്മറിെൻറ അഭാവത്തിൽ ഇറങ്ങിയ ബ്രസീലിനായി 67ാം മിനിറ്റിലാണ് ലിവർപൂൾ താരം ലക്ഷ്യം കണ്ടത്. ഇതോടെ ബദ്ധവൈരികളായ അർജൻറീനയേക്കാൾ രണ്ട് പോയൻറ് ലീഡുമായി ലാറ്റിനമേരിക്കയിൽ ബ്രസീൽ ഒന്നാമൻമാരായി.
കഴിഞ്ഞ മത്സരത്തിൽ പെറുവിനെ 4-2ന് തകർത്ത ടീമിൽ നാല് മാറ്റങ്ങൾ വരുത്തിയാണ് ടിറ്റെ ടീമിനെ ഇറക്കിയത്. ഫിറ്റല്ലാത്ത നെയ്മർ, കാസ്മിറോ, ഫിലിപ് കൗടീനോ, വെവർടൺ എന്നിവരെ പുറത്തിരുത്തയപ്പോൾ ഗബ്രിയേൽ ജീസസ്, അല്ലൻ, എവർടൺ, എഡേഴ്സൺ എന്നിവർ ടീമിലെത്തി.
ഇക്കഴിഞ്ഞ കോപ അമേരിക്കയിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ 0-0ത്തിന് സമനിലയിൽ പിരിഞ്ഞിരുന്നു. മത്സരം തുടങ്ങി ഏഴുമിനിറ്റിനകം ബ്രസീൽ വലകുലുക്കിെയങ്കിലും ലൈൻ റഫറി കൊടി ഉയർത്തി. കോപ അമേരിക്ക ജേതാക്കൾ പന്തടക്കത്തിൽ മേധാവിത്വം കാട്ടിയെങ്കിലും മികച്ച അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ പരാജിതരായി. ആദ്യ പകുതി അവസാനിക്കാനിരിക്കേ ജീസസിനൊരു അവസരം ലഭിച്ചെങ്കിലും മുതലെടുക്കാനായില്ല. മറുവശത്ത് വെനിസ്വേലയും ബ്രസീലിയൻ ഗോൾ കീപ്പർക്ക് കാര്യമായി വെല്ലുവിളി ഉയർത്തിയില്ല.
ആദ്യ പകുതി ഗോൾരഹിത സമനിലയിൽ അവസാനിച്ചു. 67ാം മിനിറ്റിൽ സഹതാരം ഹെഡ് ചെയ്ത് തന്ന പന്ത് ലക്ഷ്യം തെറ്റിക്കാതെ വലയിലാക്കിയാണ് ഫിർമിനോ ടീമിന് വിലപ്പെട്ട മൂന്ന് പോയൻറ് സമ്മാനിച്ചത്. ബ്രസീൽ ആവശ്യപ്പെട്ട സമയത്തായിരുന്നു ഫിർമിനോയുടെ ഗോൾ. നാല് മത്സരങ്ങൾക്ക് ശേഷം ആദ്യമായാണ് താരം വലകുലുക്കുന്നത്. ഒക്ടോബർ ഒമ്പതിന് ബൊളീവിയക്കെതിരായ മത്സരത്തിൽ ഫിർമിനോ ഇരട്ടഗോൾ നേടിയിരുന്നു.
ജയം സ്വന്തമാക്കിയെങ്കിലും കോച്ചിനെ തൃപ്തിപ്പെടുത്തുന്ന പ്രകടനമല്ല ബോയ്സിെൻറ ഭാഗത്ത് നിന്നുണ്ടായത്. കളിക്കളത്തിൽ അലസരായി കാണപ്പെട്ട കാനറികളുടെ മുന്നേറ്റം പ്രവചിക്കാൻ സാധിക്കുന്ന തരത്തിലായിരുന്നു. സൂപ്പർ താരങ്ങളുടെ അഭാവത്തിലും ജയിച്ചുകയറിയ ബ്രസീൽ അവസാനം കളിച്ച 20 ലോകകപ്പ് യോഗ്യത റൗണ്ട് മത്സരങ്ങളിൽ തോൽവിയറിഞ്ഞിട്ടില്ല.
ചൊവ്വാഴ്ച മോണ്ടെവിഡിയോയിൽ നടക്കുന്ന മത്സരത്തിൽ കരുത്തരായ യുറുഗ്വായ് ആണ് ബ്രസീലിെൻറ എതിരാളി. അതേ ദിവസം വെനിസ്വേല ചിലെയെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.