10 താരങ്ങൾക്ക് റഫറിവക ചുവപ്പുകാർഡ്; കളിക്കാൻ ആളില്ലാതെ നേരത്തെ നിർത്തി അർജന്റീന ചാമ്പ്യൻസ് ട്രോഫി ഫൈനൽ

ബ്യൂണസ് ഐറിസ്: അർജന്റീനയിലെ മുൻനിര ഫുട്ബാൾ ടൂർണമെന്റിന്റെ ആവേശകരമായ കലാശപ്പോരിൽ 10 കളിക്കാർ ചുവപ്പുകാർഡ് കണ്ട് പുറത്തായതോടെ നേരത്തെ അവസാനിപ്പിച്ചു. മുന്നിൽനിന്ന ടീമിനെ വിജയികളായി പ്രഖ്യാപിക്കുകയും ചെയ്തു. ബൊക്ക ജൂനിയേഴ്സും റേസിങ് ക്ലബും തമ്മിൽ ചാമ്പ്യൻസ് ട്രോഫി ഫൈനലിലാണ് രസകരമായ സംഭവം. റേസിങ് 2-1ന് മുന്നിൽനിൽക്കെയായിരുന്നു ചുവപ്പുകാർഡ് പ്രളയം. ബൊക്ക ജൂനിയേഴ്സ് ടീമിൽ റിസർവ് ബെഞ്ചിൽനിന്നുൾപ്പെടെ ഏഴു പേർക്ക് റഫറി കാർഡ് നൽകി. മൈതാനത്ത് ആറുപേരായി ചുരുങ്ങിയതോടെ കളി നിർത്തുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. ഒരു ടീമിൽ ഏഴുപേരെങ്കിലും കളിക്കാനുണ്ടെങ്കിലേ കളി തുടരാനാകൂ എന്നാണ് നിയമം.

മുഴു സമയത്ത് 1-1ന് സമനില പാലിച്ചതിനെ തുടർന്ന് എക്സ്ട്രാ ടൈമിലേക്ക് നീണ്ട ഫൈനലിന്റെ 118ാം മിനിറ്റിൽ റേസിങ് താരം കാർലോസ് അൽകാരസ് വിജയ ഗോൾ കുറിച്ചതോടെയാണ് സംഘർഷത്തിന് തുടക്കം. വിജയം ആഘോഷിക്കാൻ അൽകാരസ് നേരെ ചെന്നത് ബൊക്ക ആരാധകർക്കു മുന്നിൽ. ആഘോഷം സഹിക്കാനാവാതെ ബൊക്ക താരങ്ങൾ ഇടപെട്ടു. ചെവിക്കു പിടിച്ചും പ​ന്തെറിഞ്ഞും അൽകാരസിനെ അവർ നേരിട്ടു. അടിയിലെത്തിയതോടെ അൽകാരസിനെ മാത്രമല്ല, അഞ്ചു ബൊക്ക താരങ്ങളെയും റഫറി പുറത്താക്കി. അതുവരെയും മൈതാനത്തെത്താത്ത റിസർവ് താരം ഡാരിയോ ബെനഡിറ്റോക്കും കിട്ടി കാർഡ്. ​മൊത്തം എട്ടുപേർക്കായിരുന്നു പുറത്തേക്കുള്ള ടിക്കറ്റ്. മിനിറ്റുകൾക്ക് മുമ്പ് രണ്ട് ബൊക്ക താരങ്ങൾ കൂടി ചുവപ്പു കാർഡ് ലഭിച്ച് പുറത്തുപോയിരുന്നതിനാൽ റഫറിക്കു മുന്നിൽ കളി നിർത്തുകയല്ലാതെ മറ്റു വഴികളില്ലായിരുന്നു. ഏഴു ബൊക്ക താരങ്ങളും റേസിങ്ങിലെ മൂന്നു പേരുമാണ് കാർഡ് വാങ്ങി മടങ്ങിയത്.

ഫാക്കുൻഡോ ടെല്ലോ ആയിരുന്നു കളി നിയന്ത്രിച്ചത്. ഖത്തർ ലോകകപ്പിലും ടെല്ലോ റഫറിയായുണ്ടാകും. നടപടിയെ തുടർന്ന് സമൂഹ മാധ്യമങ്ങളിൽ റഫറിക്കെതിരെ കടുത്ത വിമർശനം ഉയരുന്നുണ്ട്. ലോകത്തെ ഏറ്റവും മികച്ച താരങ്ങൾ പന്തുതട്ടാനെത്തുന്ന ലോകകപ്പിൽ ഇദ്ദേഹത്തെപോലുള്ളവർ രസംകൊല്ലികളാകുമോ എന്ന ആശങ്ക ചിലർ പങ്കുവെക്കുന്നു. 

Tags:    
News Summary - World Cup referee Facundo Tello dishes out 10 red cards in Argentina's Champions Trophy final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.