റിയാദ്: സെവൻസ് ഫുട്ബാളിന്റെ വീറും വാശിയും ജ്വലിച്ച യൂത്ത് ഇന്ത്യ സൂപ്പർകപ്പ് ടൂർണമെൻറ് കിരീടം പോരാട്ടത്തിന്റെ മുഴുവൻ അടവുകളും പുറത്തെടുത്ത ലാന്റേൺ എഫ്.സി സ്വന്തമാക്കി. പഴുതടച്ച പ്രതിരോധവും വേഗമേറിയ ആക്രമണവും കൊണ്ട് എതിരാളികളെ കീഴടക്കാനുള്ള കളി തന്ത്രങ്ങൾ മെനഞ്ഞ് ലാന്റേൺ എഫ്.സി, ‘റിയൽ കേരള’യുടെ പടയോട്ടത്തെ പിടിച്ചുകെട്ടുകയായിരുന്നു.
എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് റിയലിന്റെ കിരീടസ്വപ്നങ്ങളെ ലാന്റേൺ എഫ്.സി തകർത്തത്. മുഖ്യ പ്രായോജകരായ നൂറാന മെഡിക്കൽ സെൻറർ ജനറൽ മാനേജർ ഫാഹിദ് നീലാഞ്ചേരിയിൽനിന്ന് ട്രോഫിയും 5,000 റിയാലിന്റെ പ്രൈസ് മണി മുജീബ് മസ്ദറിൽനിന്നും ലാന്റേൺ ക്യാപ്റ്റനും സംഘവും ഏറ്റുവാങ്ങി. റിയൽ കേരള മുഹ്സിനിൽനിന്നും ട്രോഫിയും അനസ് മാളയിൽനിന്ന് കാഷ് പ്രൈസും സ്വീകരിച്ചു.
റിഫ പ്രസിഡൻറ് ബഷീർ ചെലേമ്പ്ര, സെക്രട്ടറി സൈഫു കരുളായി, ടെക്നിക്കൽ ചെയർമാൻ ഷക്കീൽ തിരൂർക്കാട്, തനിമ പ്രസിഡൻറ് താജുദ്ദീൻ ഓമശ്ശേരി, പി.പി. അബ്ദുല്ലത്തീഫ്, മുസ്തഫ മമ്പാട് (റിഫ), അഷ്റഫ് ഫാർമ ഫുഡ്സ്, മുജീബ് ഉപ്പട, അബ്ദുൽ ഹമീദ് എന്നിവർ കളിക്കാർക്കുള്ള മെഡലുകളും പുരസ്കാരങ്ങളും നൽകി.
ബെസ്റ്റ് ഡിഫൻഡർ കബീർ, ബെസ്റ്റ് ഗോൾ കീപ്പർ ലാലു, സ്റ്റാർ ഓഫ് ദി ടൂർണമെൻറ് അസീം (മൂവരും ലാന്റേൺ എഫ്.സി), ടോപ് സ്കോറർ ഹംസ (റിയൽ കേരള), ഫെയർ പ്ലേ അവാർഡ് ഫോക്കസ് ലൈൻ എഫ്.സി എന്നിവർ ഏറ്റുവാങ്ങി. കാണികൾക്കുള്ള റാഫിൾഡ്രോ സമ്മാനങ്ങൾ നറുക്കെടുപ്പിലൂടെ നൽകി. വള്ളിക്കുന്ന് എം.എൽ.എ ഹമീദ് ഫൈനൽ മത്സരങ്ങളുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു.
ഫുട്ബാളിനെ ഏറെ സ്നേഹിക്കുന്ന പ്രവാസി സമൂഹത്തിന്റെ കളിയാവേശത്തിന് അദ്ദേഹം അഭിവാദ്യങ്ങൾ നേർന്നു. റിഫ പ്രസിഡൻറ് ബഷീർ ചെലേമ്പ്ര, യൂത്ത് ഇന്ത്യ പ്രസിഡൻറ് അഷ്ഫാഖ് കക്കോടി, അബ്ദുൽ കരീം പയ്യനാട്, ടൂർണമെൻറ് കമ്മിറ്റിയംഗങ്ങൾ, റിഫ ഭാരവാഹികൾ എന്നിവർ ചേർന്ന് എം.എൽ.എയെ സ്വീകരിച്ചു.
യൂത്ത് ഇന്ത്യ വെറ്ററൻസ് റിഫ വെറ്ററൻസ് ടീമുമായി നടന്ന പ്രദർശന മത്സരം സമനിലയായതിനാൽ ടൈബ്രേക്കറിലൂടെ ഫലം നിർണയിച്ചു, അമീർ, അൻസാർ, മാജിദ്, മജീദ് ബക്സർ, ഷരീഫ്, നൗഷാദ് എന്നിവർ അടങ്ങിയ പാനലാണ് മത്സരങ്ങൾ നിയന്ത്രിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.