സ്റ്റോക്ഹോം: ദേശീയ കുപ്പായത്തിലും യൂറോപ്യൻ സോക്കറിലും മടക്കം ആഘോഷമാക്കിയ സൂപർ താരം ഇബ്രാഹീമോവിച്ചിന് അസമയത്തെ കുരുക്കായി വാതുവെപ്പ് കമ്പനിയിലെ പങ്കാളിത്തം. വാതുവെപ്പിൽ സാമ്പത്തിക താൽപര്യം ഒരുനിലക്കും അംഗീകരിക്കാത്ത യുവേഫ നിയമം ഉണ്ടെന്നിരിക്കെ പങ്കാളിത്തമെടുത്തത് അന്വേഷിച്ച് നടപടിക്കൊരുങ്ങുകയാണ് യൂറോപ്യൻ ഫുട്ബാൾ സംഘടനകളുടെ കൂട്ടായ്മയായ യുവേഫ. 40ാം ജന്മദിനാഘോഷത്തിലേക്ക് ചുവടുവെക്കുന്ന താരം ചെറിയ ഇടവേള വരെയാണ് വാതുവെപ്പ് കമ്പനിയിൽ പങ്കാളിയായത്. കാലയളവ് എത്ര ചെറുതായാലും പ്രഫഷനൽ ഫുട്ബാളിൽ നിലനിൽക്കുന്നിടത്തോളം അരുതാത്ത കാര്യം ചെയ്തത് അന്വേഷിക്കാൻ പ്രത്യേക സമിതിയെ വെച്ചതായി യുവേഫ അറിയിച്ചു. കുറ്റക്കാരനെന്നു കണ്ടാൽ നടപടി നേരിടേണ്ടിവരും.
ഈ സീസണിൽ 25 കളികളിലായി 17 ഗോളുകൾ നേടിയ താരം അഞ്ചു വർഷത്തിനു ശേഷം സ്വീഡെൻറ ദേശീയ ജഴ്സിയിലും തിരിച്ചെത്തിയിരുന്നു.
അതിനിടെ, കോപ ഇറ്റാലിയ മത്സരത്തിനിടെ ഇൻറർ മിലാൻ താരം റൊമേലു ലുക്കാക്കുവുമായി അടിയുണ്ടാക്കിയതിന് കഴിഞ്ഞ ദിവസം 4,000 യൂറോ പിഴയും കിട്ടിയിട്ടുണ്ട്. വംശീയ പരാമർശം നടത്തിയെന്ന ആരോപണം പക്ഷേ, ഇബ്രാഹീമോവിച്ച് നിഷേധിച്ചിട്ടുണ്ട്. ലുക്കാക്കുവിന് 3,000 യൂറോ ആണ് പിഴ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.