പ്രായം വെറും സംഖ്യമാത്രമാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് സ്വീഡിസ് താരം സ്ലാറ്റൻ ഇബ്രാഹീമോവിച്. സീരി എയിലെ ഏറ്റവും പ്രായം കൂടിയ ഗോൾ സ്കോറർ എന്ന റെക്കോഡ് ഇനി എ.സി മിലാൻ താരത്തിന് സ്വന്തം. ലീഗിൽ ഉദിനീസിനെതിരെ പെനാൽറ്റിയിലൂടെ നേടിയ ഗോളിലൂടെയാണ് ചരിത്ര നേട്ടം സ്വന്തമാക്കിയത്.
41 വയസ്സും 166 ദിവസവുമാണ് ഇബ്രാഹീമോവിചിന്‍റെ പ്രായം. മുൻ ഇറ്റാലിയൻ പ്രതിരോധതാരം അലസ്സാൻഡ്രോ കോസ്റ്റകുർട്ടയുടെ (41 വയസ്സും 25 ദിവസവും) റെക്കോഡാണ് താരം മറികടന്നത്. കഴിഞ്ഞദിവസം താരത്തെ ദേശീയ ടീമിലേക്ക് തിരിച്ചുവിളിച്ചിരുന്നു. ആദ്യ ഇലവനിൽ പൊതുവെ ഇടം ലഭിച്ചേക്കില്ലെങ്കിലും പകരക്കാരുടെ പട്ടികയിലെ ഒന്നാം നമ്പറുകാരനായി സ്ലാറ്റനും ഉണ്ടാകുമെന്ന് കോച്ച് ജെയിൻ ആൻഡേഴ്സൺ സൂചിപ്പിച്ചു.
മത്സരത്തിന്‍റെ ഒന്നാംപകുതിയുടെ ഇൻജുറി ടൈമിലായിരുന്നു താരത്തിന്‍റെ പെനാൽറ്റി ഗോൾ. താരത്തിന്‍റെ ആദ്യ ഷോട്ട് ഉദിനീസ് ഗോൾകീപ്പർ മാർകോ സിൽവെസ്ത്രി സേവ് ചെയ്തെങ്കിലും റഫറി വീണ്ടും അവസരം നൽകുകയായിരുന്നു. ഉദിനീസ് സ്ട്രൈക്കർ ബെറ്റോ കിക്കെടുക്കുന്നതിനു മുമ്പേ ബോക്സിനുള്ളിലേക്ക് കയറിയിരുന്നു. രണ്ടാമത്തെ കിക്ക് ഇബ്രാഹീമോവിച് അനായാസം വലയിലാക്കി.
സീരി എയിലെ ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോഡ് നേരത്തെ തന്നെ താരം സ്വന്തമാക്കിയിരുന്നു. കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് താരം 2022 മെയ് മുതൽ കളത്തിനു പുറത്തായിരുന്നു. ഫെബ്രുവരിയിലാണ് മടങ്ങിയെത്തിയത്.
എന്നാൽ, ഉദിനീസിനെതിരായ മത്സരത്തിൽ മിലാന് 3-1ന്‍റെ തോൽവി വഴങ്ങേണ്ടിവന്നു. നിലവിൽ പോയന്‍റ് പട്ടികയിൽ നാലാം സ്ഥാനത്താണ് മിലാൻ. 27 മത്സരങ്ങളിൽനിന്ന് 48 പോയന്‍റ്. 26 മത്സരങ്ങളിൽനിന്ന് 68 പോയന്‍റുള്ള നാപ്പോളിയാണ് ഒന്നാമത്.
2022 ലോകകപ്പ് യോഗ്യത േപ്ലഓഫിൽ പോളണ്ടിനെതിരെയാണ് അവസാനമായി ദേശീയ ജഴ്സിയിൽ ഇബ്രാഹീമോവിച് ഇറങ്ങിയത്. ദേശീയ ജഴ്സിയിൽ മുമ്പ് പതിവു സാന്നിധ്യമായിരുന്ന മുൻ യുനൈറ്റഡ്, പി.എസ്.ജി താരം സ്വീഡന്റെ എക്കാലത്തെയും ടോപ്സ്കോററാണ്. 121 കളികളിൽ 62 ഗോളുകളാണ് താരത്തിന്റെ സമ്പാദ്യം. യൂറോ കപ്പ് യോഗ്യതക്കായി ബെൽജിയം, അസർബൈജാൻ ടീമുകൾക്കെതിരെ സ്വീഡന് ഈ മാസം മത്സരങ്ങളുണ്ട്. മിലാൻ ടീമുമായി ഈ വർഷം കരാർ അവസാനിക്കാനിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.