ന്യൂഡൽഹി: പാരിസ് ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് മെഡൽ തേടിയിറങ്ങുന്നത് 117 താരങ്ങൾ. 21 ദൗത്യസംഘം ഒഫിഷ്യലുകളടക്കം 140 സപ്പോർട്ടിങ് സ്റ്റാഫും ഇവരെ അനുഗമിക്കുമെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി. ഉഷ അറിയിച്ചു. കഴിഞ്ഞ ടോക്യോ ഒളിമ്പിക്സിൽ 119 താരങ്ങളാണ് പങ്കെടുത്തത്. നീരജ് ചോപ്രയുടെ ജാവലിൻ ത്രോ സ്വർണമടക്കം ഏഴ് മെഡലുകളുമായി ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനവും ഇന്ത്യ നടത്തി.
അത്ലറ്റിക്സിലാണ് ഇന്ത്യയുടെ ഏറ്റവും വലിയ പ്രാതിനിധ്യം. 29 പേരുടെ പട്ടികയാണുള്ളത്. ഇവരിൽ രണ്ടുപേർ റിസർവ് താരങ്ങളാണ്. 18 പുരുഷന്മാരും 11 വനിതകളുമാണ് സംഘത്തിൽ. ഷൂട്ടിങ് 21, പുരുഷ ഹോക്കി 19, ടേബ്ൾ ടെന്നിസ് 8, ബാഡ്മിന്റൺ 7, ഗുസ്തി 6, അമ്പെയ്ത്ത് 6, ബോക്സിങ് 6, ഗോൾഫ് 4, ടെന്നിസ് 3, നീന്തൽ 2, കപ്പലോട്ടം 2, അശ്വാഭ്യാസം 1, ജൂഡോ 1, തുഴച്ചിൽ 1, ഭാരോദ്വഹനം 1 എന്നിങ്ങനെയാണ് മറ്റ് ഇനങ്ങളിലെ പ്രാതിനിധ്യം. ഇതാദ്യമായാണ് 21 ഷൂട്ടർമാർ പങ്കെടുക്കുന്നത്. ഇവരിൽ 11 വനിതകളും 10 പുരുഷന്മാരുമുണ്ട്.
ഏഴ് മലയാളി താരങ്ങളാണ് പാരിസിൽ ഇറങ്ങുന്നത്. 4x400 മീറ്റർ റിലേയിൽ വൈ. മുഹമ്മദ് അനസ് (കൊല്ലം), വി. മുഹമ്മദ് അജ്മൽ (പാലക്കാട്), മറുനാടൻ മലയാളികളായ അമോജ് ജേക്കബ്, മിജോ ചാക്കോ കുര്യൻ എന്നിവരുണ്ട്. മിജോ റിസർവ് താരമാണ്. ട്രിപ്പ്ൾ ജംപിൽ അബ്ദുല്ല അബൂബക്കർ (കോഴിക്കോട്) മത്സരിക്കും. ഹോക്കി ടീമിൽ ഇക്കുറിയും ഗോൾ കീപ്പറായി പി.ആർ. ശ്രീജേഷുണ്ട്. ബാഡ്മിന്റൺ സിംഗ്ൾസിൽ എച്ച്.എസ്. പ്രണോയിയും (തിരുവനന്തപുരം) സ്വർണം തേടിയിറങ്ങും. കേരളത്തിൽനിന്ന് ഒരു വനിത പോലുമില്ല. ടോക്യോ ഒളിമ്പിക്സിൽ ഒമ്പത് മലയാളികൾ പങ്കെടുത്തിരുന്നു.
താരങ്ങളെല്ലാം ഗെയിംസ് വില്ലേജിലാണ് താമസിക്കുക. ഒളിമ്പിക്സ് സംഘാടക സമിതി മാനദണ്ഡ പ്രകാരം ഗെയിംസ് വില്ലേജില്‍ താമസിക്കാൻ അനുമതി 67 സപ്പോർട്ടിങ് സ്റ്റാഫിനാണെന്ന് പി.ടി. ഉഷ പറഞ്ഞു. മറ്റുള്ളവര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ സമീപസ്ഥലങ്ങളില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സപ്പോർട്ടിങ് സ്റ്റാഫിൽ 72 പേർ പൂർണമായും സര്‍ക്കാര്‍ ചെലവിലാണ് യാത്ര ചെയ്യുന്നത്. 21 ഒഫിഷ്യലുകളിൽ ദൗത്യസംഘം തലവൻ ഗഗൻ നാരംഗ് അടക്കം 11 പേർക്ക് ഗെയിംസ് വില്ലേജിൽ താമസിക്കാം.
പാരിസ് ഒളിമ്പിക്സിൽ പങ്കെടുക്കുന്ന താരങ്ങളുടെ പട്ടിക പുറത്തുവിട്ടപ്പോൾ വനിത ഷോട്ട്പുട്ട് താരം അഭ ഖാതുവയുടെ പേരില്ല. റാങ്കിങ് ക്വോട്ടയിലൂടെ യോഗ്യത നേടിയ ഇവരെ ഒഴിവാക്കിയതിന് വിശദീകരണമൊന്നുമില്ല.
‘ലോക അത് ലറ്റിക്സ്’ പുറത്തുവിട്ട ഒളിമ്പിക്സിൽ പങ്കെടുക്കുന്നവരുടെ പട്ടികയിലും ഖാതുവ ഇല്ലായിരുന്നു. പരിക്കോ ഉത്തേജക മരുന്ന് ഉപയോഗമോ മറ്റു സാങ്കേതിക കാരണങ്ങളോ ആണോ പുറത്താവലിന് പിന്നിലെന്നും വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.