പു​രു​ഷ വാ​ട്ട​ർ​പോ​ളോയിൽ വെ​ള്ളി നേ​ടി​യ കേ​ര​ളം

വെള്ളത്തിലായി സ്വർണ പ്രതീക്ഷ

ദേശീയ ഗെയിംസ് മത്സരങ്ങൾ അവസാന നാളുകളിലേക്ക് നീങ്ങവെ കേരളത്തിന് സ്വർണമില്ലാത്തൊരു ദിനം. ശനിയാഴ്ച ഒരു വെള്ളിയും രണ്ട് വീതം വെങ്കലവുമാണ് നേടിയത്. വാട്ടർപോളോ പുരുഷ വിഭാഗത്തിൽ വെള്ളിയും വനിതകൾക്ക് വെങ്കലവും ലഭിച്ചു.

നീന്തൽ 100 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്കിൽ അനൂപ് അഗസ്റ്റിൻ മൂന്നാമതെത്തിയതോടെയാണ് ഇന്നലത്തെ മൂന്നാം മെഡൽ കിട്ടിയത്. വാട്ടർപോളോ പുരുഷന്മാർ ഫൈനലിൽ സർവിസസിനോട് തോൽക്കുകയായിരുന്നു. അതേസമയം, 100 മീറ്റർ ഫ്രീ സ്റ്റൈലിൽ സ്വർണം തേടിയിറങ്ങിയ കേരളത്തിന്റെ സജൻ പ്രകാശ് നാലാം സ്ഥാനത്തായി. നീന്തൽ മത്സരങ്ങൾ സമാപിച്ചതോടെ ഇത്തവണ അഞ്ച് സ്വർണവും രണ്ട് വെള്ളിയും ഒരു വെങ്കലവുമായാണ് സജന്റെ മടക്കം.


വ​നി​ത വാ​ട്ട​ർ​പോ​ളോയിൽ വെ​ങ്ക​ലം നേ​ടി​യ കേ​ര​ള ടീം


ഫുട്ബാളിൽ കേരളത്തിന് ഇന്ന് കർണാടകക്കെതിരെ സെമി

ദേശീയ ഗെയിംസ് ഫുട്‌ബാളിൽ കേരളത്തിന്റെ മെഡൽ പ്രതീക്ഷ ഒരു ജയം അരികെ. ഞായറാഴ്ച വൈകീട്ട് നാലിന് ട്രാൻസ്റ്റേഡിയയിൽ നടക്കുന്ന ഒന്നാം സെമി ഫൈനൽ മത്സരത്തിൽ കർണാടകയാണ് എതിരാളികൾ. രണ്ടാം സെമിയിൽ സർവിസസും ബംഗാളും ഏറ്റുമുട്ടും. ഗ്രൂപ്പിൽ മൂന്ന് മത്സരങ്ങളിലും ആധികാരിക ജയം നേടിയ ആത്മവിശ്വാസത്തിലാണ് കേരളം ഇറങ്ങുന്നത്.

അഞ്ച് മാസം മുമ്പ് സന്തോഷ് ട്രോഫി സെമിയിൽ കർണാടകയെ 7-3ന് തകർത്തിരുന്നു. ജയിച്ച് ഫൈനലിലെത്തിയാൽ മെഡലുറപ്പാണ്. തോൽവിയാണ് ഫലമെങ്കിൽ വെങ്കലത്തിനായി പോരാടേണ്ടിവരും. മത്സരത്തിന് മുന്നോടിയായി കേരള ടീം ശനിയാഴ്ച പൊലീസ് ഗ്രൗണ്ടില്‍ പരിശീലനം നടത്തി.

യോഗയിലാദ്യം പൂജ

അഹ്മദാബാദ്: ഇത്തവണത്തെ ദേശീയ ഗെയിംസിലൂടെ അരങ്ങേറിയ യോഗാസനത്തിൽ ആദ്യ സ്വർണം ഗുജറാത്ത് താരം പൂജ പട്ടേലിന്. വനിത ട്രഡീഷനൽ വിഭാഗത്തിലാണ് നേട്ടം. മല്ലഖമ്പ്, സ്കേറ്റ് ബോർഡിങ്, സോഫ്റ്റ്ബാൾ, സോഫ്റ്റ് ടെന്നിസ് എന്നിവയും ഇക്കുറി ഉൾപ്പെടുത്തിയതാണ്.


100 ​മീ. ബ്രെ​സ്റ്റ് സ്ട്രോ​ക്

നീ​ന്ത​ൽ മ​ത്സ​ര​ത്തി​ൽ വെ​ങ്ക​ലം നേ​ടി​യ കേ​ര​ള താ​രം

അ​നൂ​പ് അ​ഗ​സ്റ്റ്യ​ൻ

വോളി: വനിതകൾക്ക് ജയത്തുടക്കം

വോളിബാളിൽ കേരള വനിതകൾ വിജയത്തോടെ തുടങ്ങി. ഗ്രൂപ് മത്സരത്തിൽ ബംഗാളിനെ എതിരില്ലാത്ത മൂന്ന് സെറ്റുകൾക്ക് കീഴടക്കി. സ്കോർ: 25-17, 25-13, 25- 21. രണ്ടാം മത്സരത്തിൽ ഞായറാഴ്ച തമിഴ്നാടാണ് എതിരാളികൾ.

പുരുഷ വോളിബോളിൽ കേരളം പ്രഥമ മത്സരത്തിൽ സർവീസിനോട് തോറ്റു. (21- 25, 25-23, 24 - 26, 20 -25). ഞായറാഴ്ച ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ കേരളം ഹരിയാനയെ നേരിടും.

അടുത്ത ഗെയിംസ് ഗോവയിൽ

അഹ്മദാബാദ്: ദേശീയ ഗെയിംസിന്റെ 37ാമത് എഡിഷൻ 2023 ഒക്ടോബറിൽ ഗോവയിൽ നടക്കുമെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അറിയിച്ചു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ താൽപര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയതോടെയാണ് ഐ.ഒ.എ അനുമതി നൽകിയത്.

ഈ മാസം 12ന് സൂറത്തിൽ നടക്കുന്ന ഇത്തവണത്തെ ഗെയിംസിന്റെ സമാപന ചടങ്ങിൽ ഗോവ പ്രതിനിധികൾ പതാക ഏറ്റുവാങ്ങും. 2022 സെപ്റ്റംബർ 23 മുതൽ ഒക്ടോബർ 8 വരെ ചൈനയിലെ ഗാങ്‌ ചൗവിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിന്റെ തീയതികൾകൂടി നോക്കിയാണ് ദേശീയ ഗെയിംസിന്റെ തീയതി തീരുമാനിക്കുക. ഇത്തവണത്തെ ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള അവകാശം ഗോവക്ക് ലഭിച്ചിരുന്നു. എന്നാൽ വിവിധ കാരണങ്ങളാൽ നീണ്ടുപോയതിനെത്തുടർന്നാണ് ഗുജറാത്ത് ഏറ്റെടുത്തത്.

മനംവകർന്ന് ശൗര്യജിത്

അഹ്മദാബാദ്: ദേശീയ ഗെയിംസിൽ ഇതാദ്യമായി ഉൾപ്പെടുത്തിയ മല്ലഖമ്പ് മത്സരങ്ങൾ സൻസ്കർധാമിൽ തുടങ്ങിയപ്പോൾ വിസ്മയപ്രകടനങ്ങൾ കൊണ്ട് കാണികളുടെ മനംകവർന്നു പത്ത് വയസ്സുകാരൻ ശൗര്യജിത് ഖൈറെ. പേര് സൂചിപ്പിക്കുംപോലെ ശൗര്യമുണ്ടായിരുന്നു അവന്റെ മെയ്‍വഴക്കത്തിനും.

'കമോൺ ബോയ്' എന്ന് ആർത്തുവിളിച്ചു പ്രോത്സാഹിപ്പിച്ചു കണ്ടു നിന്നവരെല്ലാം. ആതിഥേയരായ ഗുജറാത്ത് ടീമിലെ അംഗമാണ് ശൗര്യജിത്ത്. ആറ് വീതം ആൺകുട്ടികളും പെൺകുട്ടികളുമാണ് മല്ലഖമ്പിൽ ഗുജറാത്തിനെ പ്രതിനിധീകരിക്കുന്നത്.

എല്ലാവരും വഡോദരക്കാർ. ഇത്തവണ പങ്കെടുക്കുന്നവരിൽ ഏറ്റവും പ്രായംകുറഞ്ഞ‍യാളാണ് ശൗര്യജിത്ത്. തദ്ദേശീയ കായിക വിനോദമായ മല്ലഖമ്പ് മധ്യപ്രദേശിന്റെയും മഹാരാഷ്ട്രയുടെയും കുത്തകയാണ്.

ഛത്തിസ്ഗഢിലെ കാടിന്റെ മക്കളും ഈ രംഗത്തേക്ക് ചുവടുവെച്ച് വരുന്നുണ്ട്. ശാരീരിക മാനസികബലം തന്നെ പ്രധാനം. ശൗര്യജിത്തിന്റെ അഭ്യാസ പ്രകടനങ്ങളുടെ കേന്ദ്ര കായികമന്ത്രാലയം തന്നെ പുറത്തുവിട്ടതോടെ ബാലൻ വൈറലായി.

Tags:    
News Summary - Kerala as the National Games draws to its final days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.