പൊന്നാനി: നീന്തൽക്കുളത്തിൽ വിസ്മയം തീർക്കുന്ന പൊന്നാനി സ്വദേശിയും ഭിന്നശേഷിക്കാരനുമായ മൻസൂറിന് സ്വപ്നങ്ങൾ ഏറെയാണ്. ദേശീയമത്സരത്തിൽ കേരളത്തെ പ്രതിനിധാനം ചെയ്യാനൊരുങ്ങുന്ന ഇദ്ദേഹം സാമ്പത്തികതടസ്സം മറികടക്കാനാകാതെ പ്രയാസത്തിലാണ്. മൂന്നാം വയസ്സിൽ പോളിയോ ബാധിച്ച് ശരീരത്തിന്റെ ചലനശേഷി പൂർണമായി നഷ്ടപ്പെട്ട മൻസൂർ പ്രതിസന്ധികളോരോന്നും കഠിനപ്രയത്നംകൊണ്ടാണ് മറികടന്നത്. ഇരുകാലും തളർന്നപ്പോഴും പഠനത്തിൽ മികവ് തെളിയിച്ച് ഡിഗ്രി പഠനം പൂർത്തീകരിച്ചു. സർക്കാർ ജോലി സ്വപ്നം കണ്ട് ഇതിനായി പ്രയത്നിക്കുമ്പോഴും വിവിധ മത്സരങ്ങളിൽ മികവ് തെളിയിച്ചു.
തൃശൂരിൽ ഭിന്നശേഷിക്കാർക്കായുള്ള ബാസ്കറ്റ് ബാൾ കോർട്ടിൽ പരിശീലനം നേടി സംസ്ഥാന ടീമിൽ ഇടം നേടി. തൃശൂരിൽ നടന്ന പാരാ സ്വിമ്മിങ് സംസ്ഥാന മത്സരത്തിൽ ബട്ടർഫ്ലൈ സ്ട്രോക്ക്, ബാക്ക് സ്ട്രോക്ക് ഇനങ്ങളിൽ ഗോൾഡ് മെഡൽ നേടി ദേശീയ ചാമ്പ്യൻഷിപ്പിന് യോഗ്യനായി. നവംബറിൽ അസമിൽ നടക്കുന്ന മത്സരത്തിൽ കേരളത്തെ പ്രതിനിധാനംചെയ്ത് പങ്കെടുക്കാനുള്ള അവസരമാണ് കൈവന്നത്. എന്നാൽ, കുടുംബഭാരം ചുമലിലേറ്റിയ മൻസൂർ ലോട്ടറി വിറ്റും സൈക്കിൾ റിപ്പയർ ഷോപ്പിൽ ജോലി ചെയ്തും ലഭിക്കുന്ന തുച്ഛവരുമാനത്തിൽ പരിശീലനത്തിനും ദേശീയ മത്സരത്തിനുമുള്ള പണം കണ്ടെത്താനാകാത്ത വിഷമസന്ധിയിലാണ്.
സാമ്പത്തികം തടസ്സമാകുമെന്നതിനാൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിൽനിന്ന് പിന്തിരിയാനൊരുങ്ങുകയാണ് ഭാവിയുടെ വാഗ്ദാനമായ ഈ നീന്തൽ താരം. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹമേറെയുള്ള ഭിന്നശേഷിക്കാരനായ ഈ യുവാവിന് സ്പോൺസർഷിപ് ലഭിക്കുമെന്ന പ്രതീക്ഷയാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.