മുംബൈ: ഒരു ഒളിമ്പിക്സിൽ ഒന്നിലധികം മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ കായിക താരമെന്ന ചരിത്ര നേട്ടമാണ് പാരീസ് ഒളിമ്പിക്സിൽ ഷൂട്ടർ മനു ഭാക്കർ സ്വന്തമാക്കിയത്. ഷൂട്ടിങ്ങിൽ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിലും ടീം ഇനത്തിലും വെങ്കല മെഡൽ നേടിയാണ് 22കാരി ചരിത്രം കുറിച്ചത്.
പിന്നാലെ രാജ്യത്ത് മടങ്ങിയെത്തിയ താരം പരിപാടികളിൽ പങ്കെടുക്കാൻ മെഡലുമായാണ് പോകുന്നതെന്ന തരത്തിൽ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയർന്നിരുന്നു. എന്നാൽ, മെഡൽ ഷോയെന്ന് വിമർശിച്ച ട്രോളന്മാർക്ക് കിടിലൻ മറുപടിയാണ് മനു സമൂഹമാധ്യത്തിലെ കുറിപ്പിലൂടെ നൽകിയത്. മെഡൽ നേട്ടത്തിനു ശേഷം തിരിച്ചെത്തിയ മനു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്വീകരണ യോഗങ്ങളിൽ പങ്കെടുത്തിരുന്നു. വിവിധ ചാനൽ പരിപാടികളിലും അതിഥിയായി താരം പോകുന്നുണ്ട്. ഇവിടങ്ങളിലെല്ലാം ഒളിമ്പിക്സ് മെഡലുകളുമായി പോകുന്നതാണ് മനുവിന്റെ രീതി.
മെഡലുമായി ഫോട്ടോക്ക് പോസ് ചെയ്യുന്ന താരത്തിന്‍റെ നിരവധി ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഇതോടെയാണ് മനുവിനെതിരെ സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ വ്യാപകമായത്. ‘പാരിസ് ഒളിമ്പിക്സിൽ നേടിയ രണ്ടു മെഡലുകളും ഇന്ത്യയുടേതാണ്. ഏതു പരിപാടിക്ക് എന്നെ വിളിക്കുമ്പോഴും മെഡലുകൾ കൂടി കൊണ്ടുവരണമെന്ന് സംഘാടകർ ആവശ്യപ്പെടുകയാണ്. മെഡലുമായി പോകുന്നതിൽ എനിക്ക് അഭിമാനം മാത്രമാണുള്ളത്. എന്റെ സുന്ദരമായ യാത്ര എല്ലാവരുമായി പങ്കുവെക്കുന്നതിനുള്ള രീതിയാണിത്’ -മനു ഭാക്കർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു
സാരിയുടുത്ത് കഴുത്തിൽ ഇരു മെഡലുകളും ധരിച്ചുള്ള ചിത്രം സഹിതമാണ് താരം കുറിപ്പിട്ടിരിക്കുന്നത്. ‘മെഡലുകൾ കൊണ്ടുനടക്കും, അതിലെന്താണ് പ്രശ്നമെന്നാണ്’ ട്രോളുകളുമായി ബന്ധപ്പെട്ട് ഒരു ദേശീയ മാധ്യമത്തോട് താരം പ്രതികരിച്ചത്.
മെഡലുകൾ കാണണമെന്ന് എല്ലാവരും ആഗ്രഹം പ്രകടിപ്പിക്കുന്നതുകൊണ്ടാണ് എവിടെപ്പോയാലും അതു കൊണ്ടുപോകുന്നത്. ഏതു പരിപാടിക്കു വിളിച്ചാലും മെഡലുകൾ കൂടി കൊണ്ടുവരണമെന്ന് അവർ അഭ്യർഥിക്കാറുണ്ട്. അഭിമാനത്തോടെയാണ് മെഡലുകളുമായി പരിപാടിക്കു പോകുന്നതെന്നും മനു വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.