ന്യൂഡല്‍ഹി: പാരിസ് ഒളിമ്പിക്‌സിനുള്ള ഇന്ത്യന്‍ സംഘത്തിന്റെ നേതൃസ്ഥാനം (ഷെഫ് ഡി മിഷന്‍) ഒഴിഞ്ഞ് ബോക്‌സിങ് ഇതിഹാസവും ആറു തവണ ലോക ചാമ്പ്യയുമായ എം.സി. മേരി കോം. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് രാജിയെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി. ഉഷയാണ് മേരി കോം ഇന്ത്യൻ ഒളിമ്പിക്‌സ് സംഘത്തിന്റെ നേതൃസ്ഥാനം ഒഴിയുന്ന കാര്യം പുറത്തുവിട്ടത്. തന്നെ ഷെഫ് ഡി മിഷന്‍ സ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് അവർ തനിക്ക് കത്തെഴുതിയതായി ഉഷ അറിയിച്ചു. മാർച്ച് 21നാണ് ഒളിമ്പിക്‌സിനുള്ള ഇന്ത്യന്‍ സംഘത്തിന്റെ ഷെഫ് ഡി മിഷൻ സ്ഥാനത്ത് അവരെ നിയമിക്കുന്നത്. മേരി കോം സ്ഥാനമൊഴിഞ്ഞതില്‍ ദുഃഖമുണ്ടെന്നും അവരുടെ തീരുമാനത്തെയും സ്വകാര്യതയേയും മാനിക്കുന്നതായും ഉഷ പ്രതികരിച്ചു.
‘സാധ്യമായ എല്ലാ വിധത്തിലും രാജ്യത്തെ സേവിക്കുന്നത് ഒരു ബഹുമതിയായി ഞാന്‍ കരുതുന്നു, അതിനായി മാനസികമായി തയാറായിരുന്നു. എന്നിരുന്നാലും, അഭിമാനകരമായ ഉത്തരവാദിത്വം ഉയര്‍ത്തിപ്പിടിക്കാന്‍ സാധിക്കാത്തതില്‍ ഖേദിക്കുന്നു. വ്യക്തിപരമായ കാരണങ്ങളാൽ രാജിവെക്കുന്നു’ -41കാരിയായ മേരി കോം ഉഷക്ക് അയച്ച കത്തില്‍ വ്യക്തമാക്കി.
ഒരു ഉത്തരാവാദിത്വത്തിൽനിന്ന് പിന്മാറുന്നതിൽ വിഷമമുണ്ട്, അത് വളരെ അപൂർവമായി മാത്രമേ ചെയ്യാറുള്ളു. പക്ഷേ തനിക്ക് മുന്നിൽ മറ്റു വഴികളൊന്നുമില്ലെന്നും തന്‍റെ രാജ്യത്തെയും ഒളിമ്പിക്സിൽ മത്സരിക്കുന്ന കായികതാരങ്ങളെയും പ്രചോദിപ്പിക്കാൻ ഞാനുണ്ടാകുമെന്നും അവർ കത്തിൽ വ്യക്തമാക്കി. 2012 ലണ്ടൻ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയിട്ടുണ്ട് മേരി കോം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.