ബംഗളൂരു: ദേശീയ ഓപൺ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഒന്നാം ദിനം കേരളം മെഡൽ പട്ടിക തുറന്നു. വനിതകളുടെ ട്രിപ്പ്ൾ ജംപിൽ മലയാളിതാരം എൻ.വി. ഷീനയാണ് 13.27 മീറ്റർ ചാടി സ്വർണമണിഞ്ഞത്. മൂന്നു തവണ പിഴച്ചെങ്കിലും അവസാന ഊഴത്തിൽ ഷീന സ്വർണം പിടിച്ചു. റെയിൽവേസിന്റെ മല്ലല അനുഷ്കയാണ് ഈയിനത്തിൽ രണ്ടാമത്. കേരളത്തിനായി മീര ഷിബുവും ഗായത്രി ശിവകുമാറും മത്സരിച്ചെങ്കിലും മെഡലിലേക്കടുക്കാനായില്ല.
ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ 5,000 മീറ്ററിൽ സർവിസസിന്റെ ഗുൽവീർ സിങ് ഏറെ പഴക്കമുള്ള മീറ്റ് റെക്കോഡ് തിരുത്തി സ്വർണമണിഞ്ഞു. 1994ൽ ബഹാദൂർ സിങ് കുറിച്ച 13 മിനിറ്റും 54.72 സെക്കൻഡും എന്ന റെക്കോഡാണ് 30 വർഷങ്ങൾക്കിപ്പുറം 13 മിനിറ്റും 54.70 സെക്കൻഡും എന്ന് ഗുൽവീർ സ്വന്തം പേരിലാക്കിയത്. 26കാരനായ താരം ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവാണ്. മറ്റു മത്സര ഫലങ്ങൾ (യഥാക്രമം ഒന്നും രണ്ടും സ്ഥാനക്കാർ): 5000 മീ. (പെൺ)- സീമ (ഹിമാചൽ പ്രദേശ്), സഞ്ജീവനി യാദവ് (മഹാരാഷ്ട്ര). ഡിസ്കസ് ത്രോ (പെൺ)- സീമ (ഹരിയാന), നിധി (റെയിൽവേ). 20 കി.മീ. നടത്തം (പെൺ)- രവീണ (ഹരിയാന), മുനിത പ്രജാപതി (റെയിൽവേസ്). 20 കി.മീ. നടത്തം (ആൺ)- സെർവിൻ (സർവിസസ്), അമിത് (ഹരിയാന).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.