ബംഗളൂരു: ദേശീയ ഓപൺ അത്ലറ്റിക്സിൽ 318 പോയന്റുമായി റെയിൽവേസ് ഓവറോൾ ചാമ്പ്യന്മാരായി. പുരുഷ വിഭാഗത്തിൽ 137 പോയന്റുമായി സർവിസസും വനിതാ വിഭാഗത്തിൽ 201 പോയന്റുമായി റെയിൽവേസുമാണ് ചാമ്പ്യന്മാർ. അവസാനദിനം ഒരു വെങ്കല മെഡൽകൂടി അക്കൗണ്ടിൽ എഴുതിച്ചേർത്ത കേരളത്തിന്റെ ആകെ നേട്ടം രണ്ടു സ്വർണവും രണ്ടു വെള്ളിയും ഒരു വെങ്കലവും മാത്രമായൊതുങ്ങി. തിങ്കളാഴ്ച നടന്ന പുരുഷന്മാരുടെ ട്രിപ്ൾ ജംപ് ഫൈനലിൽ വി.എസ്. സെബാസ്റ്റ്യനാണ് വെങ്കലമണിഞ്ഞത്. ഈയിനത്തിൽ തമിഴ്നാടിനാണ് സ്വർണം.
അതേസമയം, സർവിസസിനുവേണ്ടി മത്സരിച്ച മലയാളി താരം ആൻസി സോജൻ ചാമ്പ്യൻഷിപ്പിലെ മികച്ച വനിതാ താരമായി. ലോങ്ജംപിൽ 6.71 മീറ്റർ ചാടിയ ആൻസി സ്വർണം നേടിയപ്പോൾ റെയിൽവേസ് താരങ്ങളായ കാർത്തികയും ഭവാനിയും യഥാക്രമം വെള്ളിയും വെങ്കലവും നേടി. തന്റെ അഞ്ചാം അവസരത്തിൽ മികച്ച ദൂരം കുറിച്ച ആൻസി ഒരു പിഴവുമില്ലാതെയാണ് സ്വർണത്തിലേക്ക് കുതിച്ചത്. തൃശൂർ നാട്ടിക സ്വദേശിനിയായ ആൻസി കൊച്ചി നാവികസേനയുടെ ഭാഗമാണ്. കേരളത്തിനായി നയന ജയിംസ് മത്സരിച്ചെങ്കിലും നാലാമതായി. 200 മീറ്റർ ഓട്ടത്തിൽ 20.66 സെക്കൻഡിൽ ഫിനിഷ് ചെയ്ത തമിഴ്നാടിന്റെ നിധിനാണ് പുരുഷ വിഭാഗത്തിൽ മികച്ച താരം. വനിതകളുടെ 200 മീറ്ററിൽ റെയിൽവേസിന്റെ നിത്യ ഗന്ധെ ഒന്നും ഒഡിഷയുടെ ശ്രബാനി നന്ദ രണ്ടും സ്ഥാനം നേടി.
പുരുഷന്മാരുടെ 400 മീറ്റർ ഹർഡ്ൽസിൽ സർവിസസിനായി മത്സരിച്ച മലയാളി താരം ജാബിർ വെള്ളി നേടി. ഹരിയാനയുടെ അമനാണ് സ്വർണം. കേരളത്തിന്റെ മനൂപ് അവസാനക്കാരനായി. വനിതകളുടെ 800 മീറ്റർ ഫൈനലിൽ മത്സരിച്ച കേരളത്തിന്റെ പ്രിസില്ല ഏഴും 10,000 മീറ്ററിൽ റീബ ആറും സ്ഥാനത്തായാണ് ഫിനിഷ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.