ദുബൈ: ദുബൈ തന്റെ രണ്ടാം വീടാണെന്നും നഗരത്തിന്റെ ചാമ്പ്യൻ മനോഭാവം ഏറെ ഇഷ്ടമാണെന്നും ലോക ഒന്നാം നമ്പർ ടെന്നിസ് താരം നൊവാക് ദ്യോകോവിച്. ദുബൈ ഫ്യൂച്ചർ മ്യൂസിയത്തിൽ നടക്കുന്ന ഫ്യൂച്ചർ ഡിസ്ട്രിക് ഫണ്ട്സ് വാർഷിക യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നവീന ആശയങ്ങൾ കണ്ടെത്താനും നടപ്പാക്കാനുമുള്ള ദുബൈയുടെ നടപടികൾ അഭിനന്ദനാർഹമാണ്. ലോകത്തെമ്പാടും പോസിറ്റിവ് ഊർജമുണ്ടാക്കാൻ ഇതിന് കഴിയുന്നുണ്ട്.
ദുബൈയെ എന്റെ ബിസിനസിന്റെ കേന്ദ്രമാക്കാൻ ആഗ്രഹിക്കുന്നു. ലോകത്തിലെ ഏറ്റവും മികച്ചതാവാനുള്ള ഇന്നാട്ടുകാരുടെ മനോഭാവം ഏറെ ഇഷ്ടമാണ്. ഈ മനോഭാവമുള്ളവർ നാളെയുടെ മികച്ച നേതാക്കളാകുമെന്നത് ഉറപ്പാണ്. വലിയ സ്വപ്നങ്ങൾ കാണുകയും ആ സ്വപ്നങ്ങൾ യാഥാർഥ്യമാകുമെന്ന് വിശ്വസിക്കുകയും ചെയ്ത ചെറുപ്പകാലമായിരുന്നു എന്റേത്.
90കളിൽ യുദ്ധം തകർത്ത രാജ്യത്ത് നിന്ന് വരുന്ന ഒരാൾക്ക് അത് അത്ര എളുപ്പമായിരുന്നില്ല. ടെന്നിസിനെ പിന്തുണക്കാനും സഹായം നൽകാനും കഴിയുന്ന സാമ്പത്തികാവസ്ഥയായിരുന്നില്ല എന്റെ കുടുംബത്തിന്റേത്. ഒരു മുറി റൊട്ടി കഴിക്കാൻ ആറ് മണിക്കൂറോളം വരിയിൽ കാത്തുനിന്നിട്ടുണ്ട്.
ഇത് ഞങ്ങളെല്ലാം പങ്കിട്ടെടുത്തിരുന്നു. ഇതെല്ലാം എന്റെ സ്വഭാവത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ആ കാലങ്ങൾ കഠിനമേറിയതായിരുന്നെങ്കിലും പ്രതിസന്ധിഘട്ടങ്ങളിൽ ഇപ്പോഴും തിരിഞ്ഞുനോക്കാറുണ്ടെന്നും സെർബിയക്കാരനായ ദ്യോകോവിച് കൂട്ടിചേർത്തു. ആസ്ട്രേലിയൻ പാരാലിമ്പിക് നീന്തൽ താരം ജസീക്ക സ്മിത്തും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.