തിരുവനന്തപുരം: പൊള്ളുന്ന ചൂടിനെ ഓടിയും ചാടിയും എറിഞ്ഞും തോൽപിച്ച് കൗമാര കായികകേരളം ട്രാക്കിലും ഫീൽഡിലും മനക്കരുത്ത് കാണിച്ചപ്പോൾ 11ാമത് സംസ്ഥാന യൂത്ത് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് തലസ്ഥാനത്ത് ആവേശ്വജ്ജ്വല തുടക്കം. ആദ്യദിനം മത്സരങ്ങൾ പൂർത്തിയായപ്പോൾ ആറ് സ്വർണവും അത്രതന്നെ വെള്ളിയും ഏഴ് വെങ്കലവുമടക്കം 120 പോയന്റുമായി പാലക്കാടും അഞ്ച് സ്വർണവും രണ്ട് വെള്ളിയും ആറ് വെങ്കലവുമടക്കം 86 പോയന്റുമായി മലപ്പുറവും യഥാക്രമം ഒന്നും രണ്ടും സ്ഥാനത്താണ്.
ആദ്യദിനം രണ്ട് മീറ്റ് റെക്കോഡുകൾ പിറന്നു. 18 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ ഷോട്ട്പുട്ടിൽ കാസർകോടിന്റെ വി.എസ്. അനുപ്രിയയും 18 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ പോൾവാൾട്ടിൽ എറണാകുളത്തിന്റെ ശിവദേവ് രാജീവുമാണ് റെക്കോഡിട്ടത്. ഷോട്ട്പുട്ടിൽ കാസർകോടിന്റെ അഖില രാജുവിന്റെ 14.27 മീറ്ററാണ് അനുപ്രിയ 15.87 ആയി തിരുത്തിയത്. 14.33 മീറ്റർ ചാടിയ കോഴിക്കോടിന്റെ ഡോണ മറിയ ഡോണിക്കാണ് ഈ ഇനത്തിൽ വെള്ളി. പോൾവാൾട്ടിൽ കഴിഞ്ഞ വർഷം എറണാകുളത്തിന്റെ ബിബിൻ സിജു തീർത്ത 3.81 മീറ്ററാണ് ശിവദേവ് രാജീവ് 4.40 മീറ്ററായി ഉയർത്തിയത്. 4.10 മീറ്റർ ചാടി എറണാകുളത്തിന്റെ തന്നെ ഇ.കെ. മാധവ് വെള്ളിയും മലപ്പുറത്തിന്റെ അഞ്ചൽ ദീപ് വെങ്കലവും സ്വന്തമാക്കി. മറ്റ് പല ഇനങ്ങളിലും മുൻ റെക്കോഡുകളുടെ ഏഴയലത്തുപോലും എത്താൻ താരങ്ങൾക്ക് കഴിഞ്ഞില്ല.
18 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ തിരുവനന്തപുരത്തിന്റെ എസ്. ഷെർബിനും (11.86 സെക്കന്റ്) പെൺകുട്ടികളിൽ പാലക്കാടിന്റെ ജി. താരയും (12.59 സെക്കന്റ്) സ്വർണംനേടി. 18 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ ഷോട്ട്പുട്ടിൽ മലപ്പുറത്തിന്റെ കെ. അജിത്ത്, 800 മീറ്റർ ഓട്ടത്തിൽ പത്തനംതിട്ടയുടെ ആർ. രാഹുൽ, ഹൈജംപിൽ പാലക്കാടിന്റെ കെ. അഖിലമോൾ, 1500 മീറ്ററിൽ കാസർകോടിന്റെ മുഹമ്മദ് അബൂബക്കർ, ഹൈജംപിൽ കോഴിക്കോടിന്റെ പി.കെ. ആകാശ്, ജാവലിൻ ത്രോയിൽ മലപ്പുറത്തിന്റെ സി. അശ്വിന്, 110 മീറ്റർ ഹർഡിൽസിൽ പാലക്കാടിന്റെ കെ. കിരൺ, 18 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ ഹാമർ ത്രോയിൽ തൃശൂരിന്റെ സുഹൈമ നിലോഫർ, 800 മീറ്റർ ഓട്ടത്തിൽ മലപ്പുറത്തിന്റെ ജെ.എസ്. നിവേദ്യ, ജാവലിൻ ത്രോയിൽ പാലക്കാടിന്റെ ബി. ശ്രേയ, 400 മീറ്റർ ഓട്ടത്തിൽ കൊല്ലത്തിന്റെ കസ്തൂർബ പി. പ്രസാദ്, 100 മീറ്റർ ഹർഡിൽസിൽ കോട്ടയത്തിന്റെ ആൻട്രീസ മാത്യു എന്നിവർ സ്വർണം നേടി. മീറ്റ് ഇന്ന് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.