വിരമിക്കൽ പ്രഖ്യാപിച്ച സാനിയക്ക് ടെന്നീസ് കോർട്ട് സമ്മാനിച്ച വരുമാനം എത്രയെന്നറിയുമോ?

ഇന്ത്യയിൽ ഏറെ ആഘോഷിക്കപ്പെട്ട കായിക താരങ്ങളിൽ മുൻനിരയിലാണ് ടെന്നീസ് താരം സാനിയ മിർസയുടെ സ്ഥാനം. ഇപ്പോൾ 2022 സീസണിനുശേഷം കായികരംഗത്തുനിന്ന് വിരമിക്കുമെന്ന സാനിയയുടെ പ്രഖ്യാപനം ഹിറ്റ് വാർത്തകളുടെ മുൻനിരയിലും ഇടംപിടിച്ചിരിക്കുകയാണ്. ഒപ്പം ടെന്നീസ് കോർട്ടിൽ നിന്ന് സാനിയ ഇതുവരെ നേടിയ സമ്മാനത്തുകയുടെ കണക്കും വാർത്തയാകുകയാണ്. ഗ്രാൻസ്ലാം കിരീടം ചൂടുന്ന ആദ്യ ഇന്ത്യൻ വനിതാ താരവും വനിതാ ഡബിൾസിൽ മുൻ ലോക ഒന്നാം നമ്പർ താരവുമൊക്കെയായ സാനിയ ടെന്നീസിൽ നിന്ന് 52 കോടിയിലേറെ രൂപ (7,030,997 ഡോളർ-52,29,35,323.57 കോടി രൂപ) സമ്പാദിച്ചതായാണ് വനിത ടെന്നീസ് അസോസിയേഷന്റെ രേഖകളിൽ പറയുന്നത്.

2022 ആസ്ട്രേലിയൻ ഓപ്പൺ വനിതാ ഡബിൾസ് ആദ്യ റൗണ്ടിൽ തോറ്റുപുറത്തായതിന് പിന്നാലെയാണ് ഇന്ത്യയിലെ ഏറ്റവും മികച്ച വനിത ടെന്നീസ് താരമായ സാനിയ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ഇത്തവണ യുക്രെയ്ൻ താരം നാദിയ കിചെനോക്കിനൊപ്പമാണ് സാനിയ ആസ്ട്രേലിയൻ ഓപ്പണിൽ എത്തിയത്. ടൂർണമെന്റിൽ 12–ാം സീഡായിരുന്നെങ്കിലും ആദ്യ റൗണ്ടിൽത്തന്നെ തോറ്റു പുറത്തായതോടെ ഇത് തന്റെ അവസാന സീസണായിരിക്കുമെന്ന് സാനിയ പ്രഖ്യാപിക്കുകയും ചെയ്തു. ഓസ്ട്രേലിയൻ ഓപ്പണിൽ ഇനി മിക്സഡ് ഡബിൾസിൽ രാജീവ് റാമിനൊപ്പം സാനിയ മത്സരിക്കുന്നുണ്ട്.

'വിരമിക്കൽ തീരുമാനത്തിന് പിന്നിൽ പല കാര്യങ്ങളുണ്ട്. പരിക്കുകളിൽ നിന്നുള്ള എന്റെ മോചനത്തിന് ഏറെ കാലതാമസം എടുക്കുന്നതായാണ് അനുഭവപ്പെടുന്നത്. എന്റെ മകന് മൂന്ന് വയസ്സായി. യാത്രകളിലെല്ലാം ഒപ്പം കൂട്ടുന്നതിനാൽ അവനെ ഞാൻ ബുദ്ധിമുട്ടിക്കുകയാണെന്ന തോന്നലും ഉണ്ട്. നമ്മുടെയും കുടുംബത്തിന്റെയും നന്മക്കുവേണ്ടി ചില തീരുമാനങ്ങളെടുക്കാൻ ഈ മഹാവ്യാധിക്കാലം പ്രേരിപ്പിച്ചിരിക്കുകയാണ്. ശരീരം തളർന്നുതുടങ്ങി. കാൽമുട്ടിന് നല്ല വേദനയുണ്ട്. ഇന്നത്തെ തോൽവിക്ക് കാരണം അതാണെന്ന് പറയുന്നില്ല. പക്ഷേ, പ്രായം ഏറിവരുന്നതിനാൽ പരിക്കിൽ നിന്ന് മോചനം നേടുന്നതിന് കാലതാമസം എടുക്കുമെന്നാണ് തോന്നുന്നത്. മാത്രമല്ല, പഴയ ഊർജം ഇപ്പോൾ ഇല്ല. പഴയതുപോലെ ആസ്വദിക്കാനാവുന്നില്ല.'- സാനിയ പറഞ്ഞു.

35കാരിയായ സാനിയ സിംഗിൾസിൽ നിന്ന് 2013ൽ തന്നെ വിരമിച്ചിരുന്നു. സിംഗിൾസിൽ 27–ാം റാങ്കിലെത്തിയതാണ് കരിയറിലെ ഏറ്റവും മികച്ച നേട്ടം. നിലവിൽ 68–ാം റാങ്കാണ് സാനിയക്ക്. ഡബിൾസിൽ ശ്രദ്ധ കേന്ദ്രീകരിച്ച സാനിയ സ്വിസ് താരം മാർട്ടിന ഹിൻജിസിനൊപ്പം 2015ൽ യു.എസ് ഓപ്പൺ, വിമ്പിൾഡൻ കിരീടങ്ങൾ ചൂടിയിരുന്നു. 2016ൽ ഹിൻജിസിനൊപ്പം ആസ്ട്രേലിയൻ ഓപ്പണും നേടി. ഇതിനു പുറമേ മൂന്നു തവണ മിക്സഡ് ഡബിൾസിലും ഗ്രാൻസ്‍ലാം കിരീടം നേടിയിട്ടുണ്ട്.

ഗ്രാൻസ്‌ലാം ടൂർണമെന്റുകൾക്കു പുറമേ ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും കിരീടം ചൂടിയിട്ടുണ്ട്. 2021 സെപ്റ്റംബറിൽ ഒസ്ട്രാവ ഓപ്പണിൽ ഷുവായ് ഷാങ്ങിനൊപ്പം നേടിയ കിരീടം സാനിയയുടെ കരിയറിലെ 43–ാം ഡബിൾസ് കിരീടമാണ്. പാക് ക്രിക്കറ്റ് താരം ശുഐബ് മാലിക്കാണ് ഭർത്താവ്. 2018ൽ ഗർഭിണി ആയതിനു ശേഷം കരിയറിൽ ബ്രേക്കെടുത്ത സാനിയ 2020ലാണ് കളത്തിൽ തിരിച്ചെത്തുന്നത്.  

Tags:    
News Summary - How much prize money Sania has earned in her career?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.