ഇസ്രായേൽ ആക്രമണത്തിൽ 47 കായികതാരങ്ങൾ കൊല്ലപ്പെട്ടതായി ഫലസ്തീൻ ഒളിമ്പിക് കമ്മിറ്റി

ഗസ്സ: ഇസ്രായേലിന്‍റെ കൂട്ടക്കുരുതിയിൽ ഇതുവരെ 47 കായികതാരങ്ങൾ കൊല്ലപ്പെട്ടതായി ഫലസ്തീൻ ഒളിമ്പിക് കമ്മിറ്റി. കൂടാതെ, 17 കായിക അനുബന്ധ ജീവനക്കാർക്കും ജീവൻ നഷ്ടമായതായി കമ്മിറ്റിയെ ഉദ്ധരിച്ച് ഫലസ്തീൻ വാർത്ത ഏജൻസി വഫ റിപ്പോർട്ട് ചെയ്തു.

യുദ്ധത്തിൽ ഇസ്രായേലിന്‍റെ നശീകരണ യന്ത്രം 47 കായിക താരങ്ങളെയും 17 സാങ്കേതിക ജീവനക്കാരെയും ആഡ്മിനിസ്ട്രേറ്റർമാരെയും കൊലപ്പെടുത്തിയതായി ഒളിമ്പിക് കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. ആറു വയസ്സുള്ള കരാട്ടെ താരം യസ്മീൻ ഷറഫും കൊല്ലപ്പെട്ടവരിലുണ്ട്. ഫലസ്തീനെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര കായിക വേദികളിൽ എത്തുന്നത് സ്വപ്നംകണ്ടു നടന്ന താരമാണ് യസ്മീൻ.

ഇസ്രായേലിന്‍റെ വ്യോമാക്രമണത്തിൽ നിരവധി കായിക പരിശീലന കേന്ദ്രങ്ങളും സൗകര്യങ്ങളും തകർന്ന് തരിപ്പണമായിട്ടുണ്ട്. യുനൈറ്റഡ് നാഷൻസ് ഡെവലപ്മെന്‍റ് പ്രോഗ്രാം സ്റ്റേഡിയം, ബെയ്ത് ഹനൂൻ സ്റ്റേഡിയം, മൂന്നു ഹോഴ്സ് റൈഡിങ് ക്ലബുകൾ, ബേസ്ബാൾ ഫീൽഡ്, നിരവധി ആയോധന പരിശീലകന കേന്ദ്രങ്ങൾ എന്നിവയെല്ലാം നശിപ്പിക്കപ്പെട്ടു.

ഗസ്സയിൽ അടിയന്തര വെടിനിർത്തൽ വേണമെന്ന യു.എൻ സെക്രട്ടറി ജനറലിന്റെയും രക്ഷാസമിതിയുടെയും പ്രമേയം അമേരിക്ക വീറ്റോ ചെയ്തിരുന്നു. 55 രാജ്യങ്ങളുടെ പിന്തുണയോടെ യു.എ.ഇ കൊണ്ടുവന്ന കരട് പ്രമേയം അമേരിക്ക തള്ളിയതോടെ രക്ഷാസമിതിയിൽ പാസായില്ല. 15 അംഗ രക്ഷാസമിതിയിൽ 13 രാജ്യങ്ങൾ പ്രമേയത്തിനു അനുകൂലമായി വോട്ടു ചെയ്തു. ബ്രിട്ടൻ വിട്ടുനിന്നു.

ഗസ്സയിൽ ഇസ്രായേലിന്‍റെ മനുഷ്യക്കുരുതി രണ്ടുമാസം പിന്നിട്ടതോടെയാണ് വെടിനിർത്തൽ ആവശ്യപ്പെടാൻ യു.എൻ ചാർട്ടറിലെ 99ാം അനുച്ഛേദ പ്രകാരം സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്‍റെ പ്രത്യേകാധികാരം പ്രയോഗിച്ച് അടിയന്തര രക്ഷാസമിതി വിളിച്ചുചേർത്തത്. അമേരിക്കൻ നടപടി ദൗർഭാഗ്യകരവും നാണക്കേടുമാണെന്ന് ഫലസ്തീൻ പ്രതികരിച്ചു.

അതേസമയം, ഇസ്രായേൽ സൈനികനീക്കത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 17,480 ആയി. ഇതിൽ 4,000-ത്തിലധികം പേർ സ്ത്രീകളും 7,000 കുട്ടികളുമാണ്. പതിനായിരക്കണക്കിന് പേർക്ക് പരിക്കേറ്റു. നിരവധി പേർ ഇപ്പോഴും അവശിഷ്ടങ്ങൾക്കടിയിലാണ്.

Tags:    
News Summary - Palestinian Olympic Committee says Israel’s military has killed 47 athletes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.