പാരിസ്: വിലക്ക് 18 മാസമാക്കി കുറച്ചതോടെ മാസങ്ങൾക്കകം ഫുട്ബാളിലേക്ക് തിരിച്ചുവരാമെന്ന പ്രതീക്ഷയിൽ ഫ്രാൻസിന്റെ സൂപ്പർ താരം പോൾ പോഗ്ബ. ഉത്തേജക മരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞതിനെത്തുടർന്ന് യുവന്റസ് മിഡ്ഫീൽഡറെ നാല് വർഷത്തേക്കാണ് വിലക്കിയിരുന്നത്. തുടർന്ന്, അന്താരാഷ്ട്ര കായിക തർക്ക പരിഹാര കോടതി പോഗ്ബ നൽകിയ അപ്പീൽ പരിഗണിച്ച് ഇത് ഒന്നര വർഷമാക്കി ചുരുക്കി കഴിഞ്ഞ ദിവസം വിധി പുറപ്പെടുവിച്ചിരുന്നു. ടെസ്റ്റോസ്റ്റിറോൺ പരിശോധന പോസിറ്റിവായതിനെത്തുടർന്ന് 2023 സെപ്റ്റംബർ മുതൽ സസ്പെൻഷനിലാണ് 31കാരൻ. 2027 വരെ തുടരേണ്ടിയിരുന്ന വിലക്ക് പുതിയ വിധി വന്നതോടെ 2025 മാർച്ചിൽ അവസാനിക്കും.
2023 ആഗസ്റ്റിൽ നടന്ന യുവന്റസ്-ഉദിനിസ് ഇറ്റാലിയൻ സീരീ എ മത്സരത്തിന് ശേഷമാണ് പോഗ്ബയുടെ സാമ്പ്ൾ ശേഖരിച്ച് പരിശോധിച്ചത്. ആ കളിയിൽ ബെഞ്ചിലായിരുന്നു താരം. ഇറ്റലിയിലെ ദേശീയ ഉത്തേജക വിരുദ്ധ കോടതിയായ ട്രൈബ്യൂണലാണ് കേസ് പരിഗണിച്ചത്. ഇറ്റലിയിലെ ഉത്തേജക വിരുദ്ധ ഏജൻസിയിൽ ഹരജി നൽകേണ്ടതില്ലെന്ന് പോഗ്ബ നേരത്തേ തീരുമാനിച്ചിരുന്നു. പരിക്കും സ്ഥിരതയില്ലാത്ത പ്രകടനവുംമൂലം താരം വലയുന്നതിനിടെയായായിരുന്നു വിലക്ക്. പരിക്കുമൂലം 2022 ഖത്തർ ലോകകപ്പിൽ കളിക്കാനായിരുന്നില്ല. 2018 ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനായി സ്കോർ ചെയ്തയാളാണ് പോഗ്ബ.
2011ൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുനൈറ്റഡിലൂടെയാണ് സീനിയർ ക്ലബ് കരിയർ തുടങ്ങുന്നത്. പിന്നാലെ ഇറ്റലിയിലേക്ക്. യുവന്റസിനായി 124 മത്സരങ്ങൾ കളിച്ച് 2016ൽ യുനൈറ്റഡിൽ തിരിച്ചെത്തി. തുടർന്ന് 154 മത്സരങ്ങളിൽ യുനൈറ്റഡിന്റെ ജഴ്സിയുമണിഞ്ഞു. 2022ൽ വീണ്ടും യുവന്റസിൽ. എന്നാൽ, പരിക്ക് വില്ലനായതോടെ രണ്ടാം വരവിൽ എട്ട് മത്സരങ്ങൾ മാത്രമാണ് കളിക്കാനായത്. ഫ്രാൻസിനായി 91 അന്താരാഷ്ട്ര മത്സരങ്ങളിൽ ഇറങ്ങിയ പോഗ്ബ 11 ഗോളും നേടി. ജനുവരിയിൽ പോഗ്ബ യുവന്റസിൽ പരിശീലനം ആരംഭിക്കുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.