മാഞ്ചസ്റ്റർ യുനൈറ്റഡിലോ ലിവർപൂളിലോ ഓഹരി വാങ്ങുകയോ അല്ലെങ്കിൽ, പൂർണമായും ക്ലബിനെ ഏറ്റെടുക്കുകയോ ചെയ്യാനാണ് ഉന്നമിടുന്നതെന്നും റിപ്പോർട്ട്
ദോഹ: പ്രീമിയർ ലീഗിലെ വമ്പൻ ക്ലബുകളിലൊന്നിൽ നിക്ഷേപം നടത്തി ഫുട്ബാൾ രംഗത്ത് തങ്ങളുടെ സ്വാധീനം ഊട്ടിയുറപ്പിക്കാൻ ഖത്തർ സ്പോർട്സ് ഇൻവെസ്റ്റ്മെൻറ്. അമേരിക്ക ആസ്ഥാനമായുള്ള ബ്ലൂംബെർഗ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം പ്രീമിയർ ലീഗിലെ മുൻനിര ക്ലബുകളായ മാഞ്ചസ്റ്റർ യുനൈറ്റഡ്, ലിവർപൂൾ എഫ്.സി, ടോട്ടനം ഹോട്ട്സ്പർ എന്നീ ക്ലബുകളിലൊന്നാണ് ഖത്തർ സ്പോർട്സ് ഇൻവെസ്റ്റ്മെൻറ് (ക്യൂ.എസ്.ഐ) ഉന്നമിടുന്നതെന്നാണ് സൂചന.
പാരിസ് സെൻറ് ജെർമെയ്ൻ (പി.എസ്.ജി) പ്രസിഡൻറും ക്യൂ.എസ്.ഐ ചെയർമാനുമായ നാസർ അൽ ഖുലൈഫിയും ടോട്ടനം ചെയർമാൻ ഡാനിയൽ ലെവിയും തമ്മിൽ ഈ ആഴ്ച ആദ്യത്തിൽ ലണ്ടനിൽ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് പുതിയ റിപ്പോർട്ടുകൾ. അതേസമയം, ക്ലബിന്റെ ഓഹരി വിൽപനയുമായി ബന്ധപ്പെട്ട് കൂടിക്കാഴ്ച നടന്നുവെന്ന റിപ്പോർട്ടുകളിൽ സത്യമില്ലെന്ന് ടോട്ടനം പ്രതികരിച്ചിട്ടുണ്ട്. മാഞ്ചസ്റ്റർ യുനൈറ്റഡിലോ ലിവർപൂളിലോ ഓഹരി വാങ്ങുകയോ അല്ലെങ്കിൽ, പൂർണമായും ക്ലബിനെ ഏറ്റെടുക്കുകയോ ചെയ്യാനാണ് ഉന്നമിടുന്നതെന്നും ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.
ക്രിസ്റ്റ്യാനോ റൊണാൾഡോയെ വിവാദപരമായി ക്ലബിൽനിന്ന് പുറത്താക്കിയതിന് ശേഷം ക്ലബ് വിൽക്കാനുള്ള തന്റെ കുടുംബത്തിന്റെ ആഗ്രഹം മാഞ്ചസ്റ്റർ യുനൈറ്റഡ് സഹ ഉടമ അവ്രാം ഗ്ലേസർ പുറത്തുവിട്ടിരുന്നു. ലിവർപൂൾ ക്ലബ് ഉടമകളായ ഫെൻവേ സ്പോർട്സ് ഗ്രൂപ് (എഫ്.എസ്.ജി) ക്ലബ് വിൽക്കുന്നത് സംബന്ധിച്ച അന്വേഷണത്തിലാണെന്ന് ചെയർമാൻ ടോം വെർണർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഗൾഫ് ഉടമസ്ഥതയിലുള്ള ക്ലബുകളുടെ സാമ്പത്തികസ്ഥിതിയാണ് ഇംഗ്ലീഷ് ക്ലബുകൾ മറ്റു നിക്ഷേപക ഗ്രൂപ്പുകൾക്ക് വിൽക്കാനുള്ള തീരുമാനത്തിൽ എത്തിയിരിക്കുന്നത്.
2011ൽ ഖത്തർ ഇൻവെസ്റ്റ്മെൻറ് അതോറിറ്റി ഏറ്റെടുത്തതിനുശേഷം പി.എസ്.ജി ക്ലബ് 300 ശതമാനം വളർന്നു. ഏറ്റവും മൂല്യമുള്ള ഏഴാമത്തെ ക്ലബായി പി.എസ്.ജി ഉയർന്നിരുന്നു. തുടർച്ചയായി ലീഗ് കിരീടങ്ങൾ സ്വന്തമാക്കിയ പി.എസ്.ജി, ചാമ്പ്യൻസ് ലീഗ് ഫൈനലിലടക്കം പ്രവേശിക്കുകയും ചെയ്തു.
മാഞ്ചസ്റ്റർ സിറ്റിയെ യു.എ.ഇ ആസ്ഥാനമായുള്ള ഗ്രൂപ് ഏറ്റെടുത്തതിന് ശേഷവും ക്ലബ് വലിയ വളർച്ചയാണ് കൈവരിച്ചിരിക്കുന്നത്. പി.എസ്.ജിയിൽ ലയണൽ മെസ്സി, നെയ്മർ, കിലിയൻ എംബാപ്പെ എന്നിവരുൾപ്പെടെയുള്ള വമ്പന്മാരെ എത്തിച്ചപ്പോൾ, സിറ്റിയിൽ ലോക ഫുട്ബാളിലെ ഗോളടിവീരനായ എർലിങ് ഹാലാൻഡ്, കെവിൻ ഡിബ്രൂയിൻ തുടങ്ങിയവരും എത്തി. സൗദിയിൽനിന്നുള്ള പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ട് ന്യൂകാസിൽ യുനൈറ്റഡിനെ ഏറ്റെടുത്തതോടെ, ആ ക്ലബും ലീഗിൽ മികച്ചപ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
അതേസമയം, പുതിയ ക്ലബ് വാങ്ങുന്നത് സംബന്ധിച്ച വാർത്തകളോട് പ്രതികരിക്കാൻ ക്യൂ.എസ്.ഐ വക്താവ് വിസമ്മതിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.