കൊച്ചി: ആരാധകരെ ആവേശത്തിലാഴ്ത്തുന്ന മത്സരങ്ങളാണ് പുതിയ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുന്നതെന്ന് മുഖ്യ പരിശീലകന് റെനി മ്യൂലന്സ്റ്റിന്. കളി കഴിഞ്ഞാലും മത്സരത്തിെൻറ ആവേശവും ഓര്‍മകളും ആരാധകരില്‍ ബാക്കിയുണ്ടാവണം. ഇന്ത്യന്‍ സൂപ്പര്‍ ലീഗിെൻറ നാലാം പതിപ്പില്‍ കേരള ബ്ലാസ്റ്റേഴ്സിന് മികച്ച നേട്ടം സ്വന്തമാക്കാനാകുമെന്നും ബ്ലാസ്റ്റേഴ്സിെൻറ പുതിയ പരിശീലകനായി ചുമതലയേറ്റശേഷം ആദ്യമായി കൊച്ചിയിലെത്തിയ ഡച്ചുകാരനും മുന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സഹ പരിശീലകനുമായ മ്യൂലന്സ്റ്റിന് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
ഐ.എസ്.എല്‍ ആദ്യ സീസണ് മുതല്‍ തന്നെ നിരീക്ഷിക്കുന്നുണ്ട്. മുൻ സീസണുകളില്‍ രണ്ട് വട്ടമാണ് ബ്ലാസ്റ്റേഴ്സ് ഫൈനലില്‍ തോറ്റത്. ടൂര്‍ണമെൻറില്‍ നന്നായി കളിച്ച ശേഷമായിരുന്നു തോല്‍വി. കിരീടം ഇക്കുറി തിരിച്ചു പിടിക്കാനാകുമെന്നാണ് പ്രതീക്ഷ. ഗ്രൗണ്ടില്‍ ടീമിന് ശക്തമായ പിന്തുണ നല്കുന്ന മികച്ച ആരാധകരാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. ടീമില്‍ വടക്കു കിഴക്കന്‍ താരങ്ങളുടെ ധാരാളിത്തത്തെ കുറിച്ചുള്ള ചോദ്യത്തിന് പ്രാദേശികതയല്ല താരങ്ങളുടെ പൊസിഷനും കഴിവുമാണ് മാനദണ്ഡമെന്നായിരുന്നു മറുപടി.
കഠിനാധ്വാനിയായ കളിക്കാരനാണ് ഇയാന്‍ ഹ്യൂം. കളിക്കളത്തിൽ കഠിനാധ്വാനം ചെയ്യുന്ന, ചുറുചുറുക്കുള്ള താരങ്ങളെയാണ്ആവശ്യം. ജയിക്കാന്‍വേണ്ട ഫോര്‍മേഷനിലായിരിക്കും ടീം കളിക്കുക. ഏതു ഫോര്മേഷനിലാണെന്ന് ഇപ്പോള്‍ പറയാനാവില്ല. കളിക്കാരുടെ താല്പര്യംകൂടി പരിഗണിച്ചായിരിക്കും ഫോര്മേഷന്. ബ്ലാസ്റ്റേഴ്സില്‍ മുന്‍ സീസണുകളില്‍ കളിച്ച താരങ്ങള്‍ പുതിയ ടീമിലെത്തുമോ എന്ന ചോദ്യത്തിന് ഭൂതകാലത്തില്‍ തൂങ്ങിനില്ക്കില്ലെന്നും ഭാവിയിലേക്കാണ് നോട്ടമെന്നുമായിരുന്നു കോച്ചിെൻറ മറുപടി. അലക്സ് ഫെര്ഗൂസനില്നിന്ന് പഠിച്ച പാഠമാണിത്. നവംബറിനു മുമ്പ് മികച്ചൊരു വിദേശ ഗോള്‍കീപ്പര്‍ ടീമിലെത്തുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ലോക ഫുട്ബാളിൽ ഇന്ത്യ മുന്നേറ്റമുണ്ടാക്കുമെന്നാണ് പുതിയ തലമുറയുടെ ആവേശം സൂചിപ്പിക്കുന്നത്. വിദേശകളിക്കാരും കളിരീതികളുമായി ചേര്‍ന്ന് ഇന്ത്യന്‍ ഫുട്ബാള്‍ കുതിപ്പിെൻറ പാതയിലാണ്. ഇന്ത്യയില്‍നിന്ന് കൂടുതല്‍ മികച്ച വിദഗ്ധ താരങ്ങള്‍ ഉണ്ടാവും. പുതിയ നിയോഗം വലിയ അവസരമാണ്. അതേസമയം വെല്ലുവിളി നിറഞ്ഞതും. ബ്ലാസ്റ്റേഴ്സിന് തന്നിലുണ്ടായ വിശ്വാസമാണ് മറ്റു ഓഫറുകള്‍ നിരസിച്ച് തന്നെ ഇവിടെയെത്തിച്ചതെന്നും ആദ്യമായി ഇന്ത്യ സന്ദര്‍ശിക്കുന്ന കോച്ച് കൂട്ടിച്ചേര്‍ത്തു.
തോങ്ബോയ് സിങ്തോ
മ്യൂലൻസ്റ്റിനെ പോലൊരു മികച്ച പരിശീലകെൻറ കൂടെ പ്രവർത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ടെക്നിക്കല്‍ ഡയറക്ടറും സഹപരിശീലകനുമായ തോങ്ബോയ് സിങ്തോ പറഞ്ഞു. പുതിയ സീസണിലേക്ക് താരങ്ങളെ ഒത്തിണക്കത്തോടെ വാര്‍ത്തെടുക്കുകയാണ് പ്രധാന ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡ്രാഫ്റ്റിലൂടെ മികച്ച താരങ്ങളെ ടീമിലെത്തിക്കാന്‍ സാധിച്ചതില്‍ സന്തുഷ്ടനാണെന്ന് കേരള ബ്ലാസ്റ്റേഴ്സ് സി.ഇ.ഒ. വരുണ്‍ തൃപുരാനേനി പറഞ്ഞു. ബ്ലാസ്റ്റേഴ്സ് ജില്ലകള്‍തോറും കേന്ദ്രീകരിച്ച് നടത്തുന്ന ആദ്യ ബ്ലാസ്റ്റേഴ്സ് ഫുട്ബാള്‍ അക്കാദമിയുടെ ഉദ്ഘാടനം തൃപ്പൂണിത്തുറ ചോയ്സ് സ്കൂളില്‍ മ്യൂലന്സ്റ്റിന് നിര്‍വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.