കാലത്തെ തോല്‍പിച്ച ഒളിമ്പ്യന്മാര്‍

27 വയസ്സാണ് റിയോയിലെ അത്ലറ്റുകളുടെ ശരാശരി പ്രായം. 207 രാജ്യങ്ങളുടെയും ഒളിമ്പിക് കമ്മിറ്റികളുടെയും കൊടിക്കീഴില്‍ 10,500ലേറെ കായികതാരങ്ങള്‍ മാറ്റുരക്കുന്ന മേളയില്‍ ഏറെയും പുതുമുഖങ്ങള്‍. നീന്തിത്തുടിക്കാനിറങ്ങുന്ന ലാവോസിന്‍െറ 14 കാരി സിരി അരുണ്‍ ബുചാറെന്‍ മുതല്‍ 10,000 മീറ്ററില്‍ 42ാം വയസ്സിലും ട്രാക്കിലിറങ്ങുന്ന ബ്രിട്ടന്‍െറ ജോ പാവി വരെയുള്ള അത്ലറ്റുകള്‍. ഇവര്‍ക്കിടയില്‍ ഒളിമ്പിക്സിലെ കാരണവരായി ചിലരുണ്ട്. ചെറുപ്രായത്തില്‍ ലോകമേളയില്‍ അരങ്ങേറ്റംകുറിച്ച് ഇക്കുറി റിയോയിലുമത്തെിയ ചിലര്‍. ഇവരില്‍ ഒന്നാമനായി ഇന്ത്യയുടെ ലിയാണ്ടര്‍ പേസുമുണ്ട്.

ഒക്സാന ചുസോവിതാന
(ഉസ്ബെകിസ്താന്‍)

•ഒളിമ്പിക്സ് ജിംനാസ്റ്റിക്സിലെ മുതിര്‍ന്ന വനിത. 41കാരിയായ ഉസ്ബെക് താരത്തിന്‍െറ കരിയറിലെ ഏഴാം ഒളിമ്പിക്സാണ് റിയോയില്‍. 1992ലെ ബാഴ്സലോണ ഒളിമ്പിക്സില്‍ 17കാരിയായത്തെിയ ഒക്സാന ഇതിനകം മൂന്ന് രാജ്യങ്ങളെയും പ്രതിനിധാനംചെയ്ത് ലോകമേളയിലത്തെി. സോവിയറ്റ് തകര്‍ച്ചക്കുപിന്നാലെ നടന്ന ഒളിമ്പിക്സായ ബാഴ്സലോണയില്‍ ഒളിമ്പിക്കമ്മിറ്റി പതാകക്കുകീഴിലായിരുന്നു റിങ്ങിലിറങ്ങിയത്. ടീം വിഭാഗത്തില്‍ സ്വര്‍ണമണിഞ്ഞു. 1993 മുതല്‍ 2006 വരെ യുക്രെയ്നു വേണ്ടി മത്സരിച്ചു. 1996 അറ്റ്ലാന്‍റ, 2000 സിഡ്നി, 2004 ആതന്‍സ് ഒളിമ്പിക്സുകളില്‍ യുക്രെയ്നുവേണ്ടി റിങ്ങില്‍ കളിച്ചെങ്കിലും മെഡല്‍ കിട്ടിയില്ല. 2008ല്‍ ബെയ്ജിങ്ങിലത്തെിയത് ജര്‍മനിയുടെ കൊടിക്കീഴില്‍. വോള്‍ട്ടില്‍ നിറഞ്ഞാടിയ താരം വെള്ളിയുമായാണ് അന്ന് മടങ്ങിയത്. 2009ല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചെങ്കിലും 2012 ലണ്ടന്‍ ഒളിമ്പിക്സില്‍ ഉസ്ബെകിസ്താനുവേണ്ടി തിരിച്ചത്തെി.

ലിയാണ്ടര്‍ പേസ് (ഇന്ത്യ)
43കാരനായ ലിയാണ്ടര്‍ പേസിന് ഏഴാം ഒളിമ്പിക്സ്. ഇന്ത്യന്‍ ടെന്നിസിലെ സൂപ്പര്‍താരമായ  പേസ് തന്നെ റിയോ ഒളിമ്പിക്സ് സംഘത്തിലെ മുതിര്‍ന്നതാരവും. 1992 ബാഴ്സലോണ ഒളിമ്പിക്സില്‍ പുരുഷ ഡബ്ള്‍സില്‍ രമേഷ് കൃഷ്ണനൊപ്പം അരങ്ങേറ്റം. അന്ന് ക്വാര്‍ട്ടറില്‍ മടങ്ങി. 1996 അറ്റ്ലാന്‍റയില്‍ കൂടുതല്‍ പരിചയവുമായത്തെിയ പേസ് വെങ്കലമണിഞ്ഞ് കെ.ഡി. യാദവിനുശേഷം ഇന്ത്യയുടെ ആദ്യ ഒളിമ്പിക്സ് വ്യക്തിഗത മെഡല്‍വേട്ടക്കാരനായി. ശേഷം 2000 സിഡ്നി, 2004 ആതന്‍സ്, 2008 ബെയ്ജിങ്, 2012 ലണ്ടന്‍ ഒളിമ്പിക്സുകളിലും മെഡല്‍ മോഹവുമായി ഇറങ്ങിയെങ്കിലും നിരാശയോടെ മടങ്ങി. ഇക്കുറി പുരുഷ ഡബ്ള്‍സില്‍ രോഹന്‍ബൊപ്പണ്ണക്കൊപ്പം മത്സരിക്കും.

ബെര്‍ണാഡ് ലാഗറ്റ് (അമേരിക്ക)
കെനിയക്കുവേണ്ടി തുടങ്ങി അമേരിക്കയുടെ താരമായ ബെര്‍ണാഡിന് 41ാം വയസ്സില്‍ റിയോയിലേത് അഞ്ചാം ഒളിമ്പിക്സ്. 5000 മീറ്ററിലെ മികച്ച സമയവുമായാണ് അമേരിക്കന്‍ ഒളിമ്പിക്സ് ട്രയല്‍സ് പരീക്ഷണം മറികടന്നത്. യു.എസ് ചരിത്രത്തിലെ ഏറ്റവും പ്രായംകൂടിയ ഒളിമ്പ്യനുമായി മുന്‍ കെനിയന്‍ താരം. 2000ത്തില്‍ കെനിയക്കുവേണ്ടി അരങ്ങേറി 1500ല്‍ വെങ്കലം നേടി. 2004ല്‍ മെഡല്‍ വെള്ളിയാക്കി. 2008 ബെയ്ജിങ്ങിലും 2012 ലണ്ടനിലും അമേരിക്കന്‍ കുപ്പായത്തില്‍ ഓടിയെങ്കിലും മെഡല്‍ പട്ടികയില്‍ ഇടം നേടാനായില്ല.

നിക് സ്കെല്‍ട്ടന്‍ (ബ്രിട്ടന്‍)
•അശ്വാഭ്യാസത്തിലെ മുതിര്‍ന്ന താരം. 2012 ലണ്ടന്‍ ഒളിമ്പിക്സില്‍ ടീം ജംപിങ്ങില്‍ സ്വര്‍ണമണിയുമ്പോള്‍ നിക് സ്കെല്‍ട്ടന് 54 വയസ്സായിരുന്നു പ്രായം. ഇക്കുറി റിയോയില്‍ 58കാരനായത്തെുന്ന നിക് തന്നെ ശ്രദ്ധാകേന്ദ്രം. ഒളിമ്പിക്സ് അരങ്ങേറ്റം 1992 ബാഴ്സലോണയില്‍. 1992 മുതല്‍ തുടര്‍ച്ചയായി എല്ലാ ഒളിമ്പിക്സിലും പങ്കാളിയായെങ്കിലും മെഡല്‍ പിറവിക്ക് 2012വരെ കാത്തിരിക്കേണ്ടിവന്നു. ഇക്കുറി പരിചയസമ്പത്തിന് മെഡലെന്നു പ്രഖ്യാപിച്ചാണ് വരവ്.

മൈക്കല്‍ ഫെല്‍പ്സ് (അമേരിക്ക)
അമേരിക്കന്‍ നീന്തല്‍ ഇതിഹാസത്തിന് വിടവാങ്ങല്‍ ഒളിമ്പിക്സ്. 2000 സിഡ്നിയില്‍ 15കാരനായാണ് അരങ്ങേറ്റം. പക്ഷേ, ഇയാന്‍തോര്‍പിന്‍െറ വിസ്മയക്കുതിപ്പിന് മുന്നില്‍ കാഴ്ചക്കാരനായ ഫെല്‍പ്സ് 2004 ആതന്‍സ് മുതല്‍ മെഡല്‍വേട്ടക്ക് തുടക്കമിട്ടു. ആതന്‍സില്‍ 6 സ്വര്‍ണവും 2 വെങ്കലവും. 2008 ബെയ്ജിങ്ങില്‍ 8 സ്വര്‍ണം. 2012 ലണ്ടനില്‍ 4 സ്വര്‍ണവും 2 വെള്ളിയും. ഇക്കുറി റിയോയില്‍ 31കാരനായത്തെുന്ന ഫെല്‍പ്സിന്‍െറ മാറില്‍ 18 ഒളിമ്പിക്സ് സ്വര്‍ണവും രണ്ടുവീതം വെള്ളിയും വെങ്കലവുമടക്കം 22 മെഡലുകളുണ്ട്.

അഭിനവ് ബിന്ദ്ര (ഇന്ത്യ)
•ഇന്ത്യയുടെ ഏക വ്യക്തിഗത സ്വര്‍ണമെഡല്‍ ജേതാവ് ഷൂട്ടിങ് താരമായ അഭിനവ് ബിന്ദ്രയുടെ അരങ്ങേറ്റം 2000 സിഡ്നിയില്‍. ആദ്യ രണ്ട് ഒളിമ്പിക്സിലും മത്സരിച്ചു മടങ്ങിയ ബിന്ദ്ര 2008 ബെയ്ജിങ്ങില്‍ 10 മീ. എയര്‍ റൈഫിള്‍ വിഭാഗത്തില്‍ സ്വര്‍ണം നേടിയതോടെ ഇന്ത്യന്‍ ഷൂട്ടിങ്ങിന്‍െറ കുതിപ്പിനും തുടക്കമായി. ലണ്ടനില്‍ നിരാശപ്പെടുത്തിയ ശേഷം വിരമിക്കല്‍ പ്രഖ്യാപിച്ചെങ്കിലും ബിന്ദ്ര വീണ്ടും റേഞ്ചിലത്തെി.

രഞ്ജിത് മഹേശ്വരി (ഇന്ത്യ)
11 അംഗ മലയാളി സംഘത്തില്‍ ട്രിപ്പ്ള്‍ ജംപ് താരം രഞ്ജിത് മഹേശ്വരിയാണ് സീനിയര്‍. അവസാന ദിനത്തില്‍ യോഗ്യത നേടിയ രഞ്ജിത് കരിയറിലെ മികച്ച പ്രകടനവുമായാണ് റിയോയിലത്തെുന്നത്. 2008 ബെയ്ജിങ്ങിലായിരുന്നു തുടക്കം (15.77മീ). ലണ്ടന്‍ ഒളിമ്പിക്സില്‍ എല്ലാ ചാട്ടവും പിഴച്ച് പുറത്തായി. കോട്ടയം ചാന്നാനിക്കാടുകാരനായ രഞ്ജിത് ഇക്കുറി റിയോയില്‍ കാത്തുവെച്ചത് എന്തെന്നറിയാനുള്ള കാത്തിരിപ്പിലാണ് മലയാളി ആരാധകര്‍.

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.