??????????? ?????????????????? ??????????????? ?????? ?????????????? ???????????????????? ??????????? ??????????????? ????????

സാവോപോളോ വഴി റിയോയിലേക്ക്

അബൂദബിയില്‍നിന്ന് ഇത്തിഹാദ് എയര്‍വേസിന്‍െറ ബോയിങ് 777-300 ഇ.ആര്‍ വിമാനം പുറപ്പെട്ടത് രാവിലെ 8.45ന്. 15 മണിക്കൂര്‍ ഇടത്താവളമില്ലാത്ത പറക്കലിനുശേഷം ബ്രസീലിലെ ഏറ്റവും വലിയ നഗരമായ സാവോപോളോയില്‍ വിമാനം നിലംതൊടുമ്പോള്‍ സൂര്യന്‍ അസ്തമിച്ചിരുന്നില്ല. വിമാനത്തില്‍ കാണിച്ച സമയം വൈകീട്ട് 4.20. വാച്ചില്‍ യു.എ.ഇ സമയം രാത്രി 11.20 (ഇന്ത്യയില്‍ അര്‍ധരാത്രി ഒരു മണിയോടടുത്ത്). അബൂദബിയില്‍നിന്ന് തെക്കുപടിഞ്ഞാറ് ദിശയില്‍ ആഫ്രിക്കക്കും ദക്ഷിണ അത്ലാന്‍റിക് സമുദ്രത്തിനും കുറുകെ, ഭൂമധ്യരേഖ മുറിച്ചുകടന്നുള്ള  മടുപ്പിക്കുന്ന 12,000ത്തിലധികം കി.മീറ്റര്‍ നീണ്ട യാത്ര നിരവധി സമയമേഖലകള്‍ പിന്നിട്ടുകഴിഞ്ഞു എന്ന് ഓര്‍മിപ്പിച്ച് കൂറ്റന്‍ വിമാനത്താവളത്തെ പുണര്‍ന്ന് നിന്നു. ഇന്ത്യയേക്കാള്‍ എട്ടര മണിക്കൂര്‍ പിന്നിലാണ് ബ്രസീല്‍.

ഗുവാറുല്‍ഹോസ് വിമാനത്താവളത്തില്‍ നല്ല തിരക്ക്. ഒളിമ്പിക് നഗരമായ റിയോ ഡി ജനീറോയിലേക്ക് ഇവിടെനിന്ന്  ഒരു മണിക്കൂര്‍ പറക്കണം. തിരക്കുകാരണം നേരിട്ട് റിയോയിലേക്ക് ടിക്കറ്റ് ലഭിക്കാത്തവര്‍ക്ക് സാവോപോളോയാണ് ആശ്രയം. ലാറ്റിനമേരിക്കയിലെതന്നെ ഏറ്റവും തിരക്കേറിയ വിമാനത്താവളമാണിത്. ഓരോ രണ്ടു മിനിറ്റിലും വിമാനങ്ങള്‍ വരുകയോ പോവുകയോ ചെയ്യുന്നു.  ലോകകപ്പും ഒളിമ്പിക്സും കണക്കിലെടുത്ത് 2014ലാണ് മൂന്നാമതൊരു ടെര്‍മിനല്‍ പണിതത്. ഇപ്പോള്‍ പുതിയ ഏപ്രണുകളും വിമാനത്തിനുള്ള സഞ്ചാരപാതകളും നിര്‍മിച്ച് ഒന്നുകൂടി സൗകര്യപ്പെടുത്തിയിരിക്കുന്നു. ഒളിമ്പിക്സ് എത്തിയതോടെ തിരക്ക് പതിന്മടങ്ങായി. ലോകത്തിന്‍െറ പല ഭാഗങ്ങളില്‍നിന്ന് വിമാനങ്ങള്‍  പറന്നിറങ്ങിക്കൊണ്ടിരിക്കുന്നു. 10,000ത്തിലേറെ കായികതാരങ്ങളും 20,000ത്തോളം മാധ്യമപ്രവര്‍ത്തകരും അഞ്ചു ലക്ഷത്തോളം സന്ദര്‍ശകരുമാണ് ഒളിമ്പിക്സിന് ബ്രസീലിലേക്ക് എത്തുന്നത്.  അവരുടെ പ്രധാന പ്രവേശകവാടങ്ങളിലൊന്നാണ് സാവോപോളാ.

വിമാനത്തില്‍ നിറയെ ഒളിമ്പിക് യാത്രക്കാര്‍തന്നെ. ശ്രീലങ്ക, ബെലറൂസ്, ജപ്പാന്‍, ചൈന ടീമംഗങ്ങളും ഇവിടങ്ങളില്‍നിന്നുള്ള മാധ്യമപ്രവര്‍ത്തകരുമാണ് കൂടുതലും. കാഴ്ചക്കാരായി വരുന്നവരുമുണ്ട്. ഒളിമ്പിക് അക്രഡിറ്റേഷനുള്ളവരെ സഹായിക്കാന്‍ ടെര്‍മിനലില്‍ പ്രത്യേക സൗകര്യങ്ങളും വളന്‍റിയര്‍മാരും. അതുകൊണ്ട് അധികം വൈകാതെ പുറത്തിറങ്ങാനായി. സാവോപോളോയില്‍നിന്ന് റിയോ ഡി ജനീറോയിലേക്ക്  ആഭ്യന്തര വിമാനങ്ങളെ ആശ്രയിക്കുന്നവരാണ് കൂടുതലും. റോഡുവഴി എത്താന്‍ അഞ്ചര മണിക്കൂറെടുക്കുമെങ്കിലും  ബ്രസീലിന്‍െറ വിരിമാറിലൂടെയുള്ള ലക്ഷ്വറി ബസ് യാത്ര മറക്കാനാകാത്ത അനുഭവമാണ്. സാംബാതാളവും കാല്‍പന്തിന്‍െറ കാല്‍പനികഭാവവും സമ്മേളിക്കുന്ന ബ്രസീല്‍. ഊര്‍ജസ്വലത ഓരോ ഇഞ്ചിലും തുടിപ്പിച്ചുനിര്‍ത്തുന്ന കാനറികളുടെ നാട്.  സമ്പന്നമായ കലയും സാഹിത്യവും സാംസ്കാരിക പാരമ്പര്യവും ആത്മാഭിമാനത്തോടെ നെഞ്ചിലേറ്റുന്ന ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ രാജ്യം. തെക്കന്‍ അത്ലാന്‍റിക് സമുദ്രത്തിലേക്ക് തള്ളിനില്‍ക്കുന്നപോലെയാണ് ബ്രസീലിന്‍െറ കിടപ്പ്.

രാജ്യത്തിന്‍െറ തെക്കുകിഴക്കന്‍ മേഖലയില്‍ സ്ഥിതി ചെയ്യുന്ന സാവോപോളോ ദക്ഷിണ അര്‍ധ ഗോളത്തിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമാണ്. 1.15 കോടിയാണ് നഗരത്തിലെ മാത്രം ജനസംഖ്യ. പ്രാന്തപ്രദേശങ്ങള്‍കൂടി ഉള്‍പ്പെടുത്തിയാല്‍ രണ്ടുകോടിയിലേറെ വരും. ഭൂമിയിലെ അഞ്ചാമത്തെ ഏറ്റവും വലിയ ജനവാസകേന്ദ്രം. ഇതില്‍ ഒരു കോടിയോളം കുടിയേറ്റക്കാരാണ്. പകുതിയില്‍ കൂടുതലും ഇറ്റലിയില്‍നിന്ന് കുടിയേറിയവര്‍- 60 ലക്ഷം. ഇറ്റലിയിലെ ഏറ്റവും വലിയ നഗരമായ റോമില്‍ 25 ലക്ഷം ഇറ്റലിക്കാരേയുള്ളൂ എന്നോര്‍ക്കുക.  ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജൂതന്മാര്‍ അധിവസിക്കുന്ന നഗരങ്ങളില്‍ ഒന്നുകൂടിയാണ് സാവോപോളോ- 60,000 പേര്‍.

18 വര്‍ഷം ഫുട്ബാള്‍ ഇതിഹാസം പെലെ പന്തുതട്ടിയ സാന്‍േറാസ് ക്ളബിലേക്ക് ഇവിടെനിന്ന് 90 കി.മീ. ദൂരമേയുള്ളൂ. ഒളിമ്പിക്സ് 450 കിലോമീറ്റര്‍ അകലെ റിയോ ഡി ജനീറോയില്‍ ആണെങ്കിലും ലോകമേളയുടെ ആവേശ ഓളങ്ങള്‍ സാവോപോളോയിലും ദൃശ്യമാണ്. ഒരു രാത്രി സാവോപോളോയില്‍ തങ്ങിയശേഷം റിയോയിലേക്ക് ബസ് യാത്ര. വിമാനത്താവളത്തില്‍നിന്ന് കയറിയ ടാക്സിയില്‍ സാംബാപാട്ട്. ഡ്രൈവര്‍ക്ക് ഇംഗ്ളീഷ് ഒരു തരിയറിയില്ല. ചോദ്യങ്ങള്‍ക്ക് മറുപടി പോര്‍ചുഗീസില്‍. ഇനിയുള്ള കാഴ്ചകള്‍ ഇങ്ങനെതന്നെയാവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.