???????????? ??????????

ബ്രസീലില്‍ എത്ര മലയാളികളുണ്ട് ?

ബ്രസീലിലേക്കുള്ള വിമാനയാത്രയിലാണ് അകലെയുള്ള സീറ്റിലിരുന്ന് മാധ്യമം ആഴ്ചപ്പതിപ്പ് വായിക്കുന്ന താടിക്കാരനെ ശ്രദ്ധിച്ചത്. പരിചയപ്പെട്ടപ്പോള്‍ 18 വര്‍ഷമായി ബ്രസീലില്‍ താമസമാക്കിയ മലയാളിയാണ്. ആനന്ദജ്യോതി. എറണാകുളം ഊരമന സ്വദേശി. ഡോക്യുമെന്‍ററി നിര്‍മാതാവും സിനിമാ പ്രവര്‍ത്തകനുമാണ്. പോര്‍ചുഗീസ് ഭാഷ അറിയാമെങ്കില്‍ ബ്രസീല്‍ ജീവിക്കാന്‍ പറ്റിയ സ്ഥലമാണെന്ന് ജ്യോതി പറയുന്നു. വിമാനത്താവള ഉദ്യോഗസ്ഥരോടും ടാക്സി ഡ്രൈവറോടും പച്ചവെള്ളംപോലെ അദ്ദേഹം പോര്‍ചുഗീസ് സംസാരിക്കുന്നതുകേട്ടു. ബ്രസീലുകാരിയായ ഭാര്യ കരീനയിലൂടെയാണ് ജ്യോതി ഈ നാട്ടിലത്തെുന്നത്. കരീനയെ പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കാന്‍ വന്നപ്പോഴാണ് കണ്ടത്. പരിചയം വിവാഹത്തിലത്തെി. ജ്യോതിക്ക് താരതമ്യ തത്ത്വശാസ്ത്രം പഠിക്കാന്‍ സ്കോളര്‍ഷിപ് കിട്ടിയതിനാല്‍ ഇരുവരും ആദ്യം ഗ്രീസിലേക്കാണ്  പോയത്. പിന്നീട് ബ്രസീലില്‍ സ്ഥിരതാമസമാക്കി. കരീന ഇപ്പോള്‍ പത്രപ്രവര്‍ത്തകയാണ്. രണ്ടു മക്കള്‍. 15 വര്‍ഷത്തെ ബ്രസീല്‍ വാസത്തിനുശേഷം നാലുവര്‍ഷം മുമ്പ് കേരളത്തിലേക്ക് മാറിയെങ്കിലും ഇക്കഴിഞ്ഞ ഏപ്രിലില്‍ തിരിച്ചത്തെി.

കേരളവും ബ്രസീലും തമ്മില്‍ പ്രകൃതിപരമായ ഏറെ സാദൃശ്യമുണ്ടെന്ന് ജ്യോതി പറയുന്നു. കപ്പ, റബര്‍, കശുവണ്ടി, പപ്പായ, കൈതച്ചക്ക എന്നിവയെല്ലാം ബ്രസീലില്‍നിന്നാണ് പോര്‍ചുഗീസുകാര്‍ വഴി കേരളത്തിലത്തെിയത്. മലയാളികള്‍ നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന നിരവധി പോര്‍ചുഗീസ് വാക്കുകളുമുണ്ട്. മേശ, കസേര, ചാവി, വരാന്ത, അലമാര, ജനാല തുടങ്ങിയവ. വടക്കന്‍ ബ്രസീലിലെ ബയ്യ എന്ന സംസ്ഥാനം കേരളത്തോട് സാമ്യമുള്ളതാണ്്. നാളികേര കൃഷി തന്നെയുണ്ട് ഇവിടെ. ബ്രസീലില്‍ എത്ര മലയാളികളുണ്ടാകുമെന്ന ചോദ്യത്തിന് വിരലുകള്‍ എണ്ണിക്കൊണ്ട് ആനന്ദ് ജ്യോതിയുടെ മറുപടി പരമാവധി 30 എന്നായിരുന്നു. ഏതാനും വൈദികരും കന്യാസ്ത്രീകളും അധ്യാപകരും. പ്രശസ്തരായ ചില മലയാളികളുമുണ്ട്. ആമസോണില്‍ സ്വന്തമായി നദി കണ്ടുപിടിച്ചതിന് ബ്രസീലുകാര്‍ അദ്ദേഹത്തിന്‍െറ പേരുതന്നെ ആ നദിക്കു നല്‍കിയ കോഴിക്കോട്ടുകാരന്‍ ശാസ്ത്രജ്ഞന്‍ പ്രഫ. ഹംസ, ലോകബാങ്ക് ഡയറക്ടറായിരുന്ന വിനോദ് തോമസ് എന്നിവര്‍.

ബ്രസീല്‍ ഒളിമ്പിക്സ് വലിയ വിജയമാകുമെന്നാണ് ജ്യോതി പറയുന്നത്. പ്രതിസന്ധി ഘട്ടത്തില്‍ ലഭിച്ച വെല്ലുവിളി അവരൊന്നിച്ച് വിജയത്തിലത്തെിക്കും. അതാണ് മുന്‍ അനുഭവം. സാമ്പത്തിക അനിശ്ചിതത്വത്തിനിടയില്‍ ഒളിമ്പിക്സ് നടത്തുന്നതില്‍ പ്രതിഷേധമുണ്ടെങ്കിലും അവസാനം എല്ലാവരുംകൂടി വിജയത്തിലത്തെിക്കും. ഒളിമ്പിക്സ് കഴിഞ്ഞാല്‍ വലിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുമെന്നാണ് ജ്യോതിയുടെ വാദം.  
ഫുട്ബാള്‍ ബ്രസീലുകാര്‍ക്ക് വെറും കളിയല്ല. കുടുംബങ്ങളില്‍ പ്രത്യേകിച്ച് പാവങ്ങളില്‍ കുട്ടികള്‍ ഭൂരിഭാഗവും ആഗ്രഹിക്കുന്നത് ഫുട്ബാള്‍ കളിക്കാരാകാനാണ്. എളുപ്പം പ്രശസ്തി നേടാനും പണമുണ്ടാക്കാനും അവര്‍ക്ക് മുന്നിലുള്ള വഴിയാണത്.

ഈയിടെ കോഴിക്കോട് സമാപിച്ച നാഗ്ജി ട്രോഫിയില്‍ കളിച്ച ബ്രസീല്‍ ടീമായ പരാനിയന്‍സിനൊപ്പം ആനന്ദജ്യോതിയുമുണ്ടായിരുന്നു. ടീം കോച്ച് അദ്ദേഹത്തിന്‍െറ സുഹൃത്തായിരുന്നു. തലസ്ഥാനമായ ബ്രസീലിയയിലാണ് ജ്യോതി താമസം. ബ്രസീലില്‍ സര്‍ക്കാറിനുവേണ്ടിയും ടെലിവിഷന്‍ ചാനലുകള്‍ക്ക് വേണ്ടിയും ഹ്രസ്വ ചിത്രങ്ങളെടുക്കലാണ് ജോലി. ഇന്ത്യയെക്കുറിച്ചും കേരളത്തെക്കുറിച്ചും ബ്രസീല്‍ ചാനലുകള്‍ക്കുവേണ്ടി ഡോക്യുമെന്‍ററി ചെയ്തു. ബ്രസീലിയന്‍ സിനിമകളുടെ നിര്‍മാണത്തിലും സഹകരിക്കുന്നു. സിനിമകള്‍ക്ക് ഹോളിവുഡ് എന്താണോ അതുപോലെയാണ് ടെലിവിഷന്‍ സീരിയലുകള്‍ക്ക് ബ്രസീല്‍ എന്നു ജ്യോതി പറയുന്നു. നോവല്ല എന്നാണ് അവര്‍ പറയുക. അടുത്തവര്‍ഷം മലയാളത്തില്‍ സിനിമ ചെയ്യാനുള്ള തയാറെടുപ്പിലാണ് അദ്ദേഹം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.