റിയോ എന്നാല്‍ നദി. റിയോ ഡെ ജനീറോ എന്നാല്‍ ജനുവരിയിലെ നദി. നൂറ്റാണ്ടുകള്‍ പോര്‍ചുഗീസ് കോളനിയായി കഴിഞ്ഞതിനാല്‍ ഭാഷ പോര്‍ചുഗീസാണ്. ബ്രസീലിലെ രണ്ടാമത്തെ വലിയ നഗരം. ദക്ഷിണ അര്‍ധഗോളത്തില്‍ വിനോദ സഞ്ചാരികള്‍ ഏറെ എത്തുന്ന നഗരങ്ങളിലൊന്ന്. പ്രകൃതി നിറഞ്ഞുതുടിക്കുന്ന നഗരത്തിലെ ബീച്ചുകളും കൊര്‍കോവാഡേ മലക്കുമുകളില്‍ കൈ വിടര്‍ത്തി നില്‍ക്കുന്ന യേശു ക്രിസ്തുവിന്‍െറ കൂറ്റന്‍ പ്രതിമയും ഷുഗര്‍ലോഫ് മലയില്‍ 1300 അടി ഉയരത്തിലുള്ള കേബ്ള്‍ കാര്‍ സര്‍വിസും റിയോ കാര്‍ണിവല്‍ പരേഡ് നടക്കുന്ന സാംബഡ്രോമും ലോകത്തെ ഏറ്റവും വലിയ ഫുട്ബാള്‍ സ്റ്റേഡിയമായ ചരിത്രമുറങ്ങുന്ന മാറക്കാനയുമെല്ലാമാണ് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ റിയോയുടെ കൈവശമുള്ളത്. കിഴക്കും തെക്കും അറ്റ്ലാന്‍റിക് സമുദ്രം, നഗരം ചുറ്റി കോട്ടപണിത് മലനിരകള്‍, പിന്നെ നീല ജലാശയങ്ങളും- റിയോ അക്ഷരാര്‍ഥത്തില്‍ പ്രകൃതിയുടെ മടിത്തട്ടില്‍ തന്നെയാണ്. ഇപ്പോഴിതാ ലോക കായിക മേളക്ക് വേണ്ടിയുള്ള ഒരുക്കങ്ങള്‍ നഗരത്തിന്‍െറ മുഖച്ഛായ ഒന്നുകൂടി മിനുക്കിയിരിക്കുന്നു.
നടാടെ ആതിഥ്യം വഹിക്കുന്ന ഒളിമ്പിക്സ് കുറ്റമറ്റതാക്കി റിയോയെ ചരിത്രത്തിലെ മധുരമുള്ള ഓര്‍മയാക്കാന്‍ വര്‍ഷങ്ങളായി വ്യക്തമായ ആസൂത്രണത്തോടെ ബ്രസീല്‍ ഒരുങ്ങുകയായിരുന്നെന്ന് നേരില്‍ കാണുമ്പോള്‍ ബോധ്യമാകും. അസൗകര്യങ്ങളും സാമ്പത്തിക പ്രതിസന്ധിയും പ്രതിഷേധങ്ങളുമെല്ലാം ചേര്‍ന്ന് ഒളിമ്പിക്സ് അനിശ്ചിതത്വത്തിലാക്കുമെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍ ദിവസങ്ങള്‍ക്ക് മുമ്പുവരെ ഒച്ചവെച്ചത് വിശ്വസിക്കാന്‍ പ്രയാസം. ലോകത്തിലെ തന്നെ ഏറ്റവും വലിയ മേളക്ക് ഒരുങ്ങുമ്പോഴുള്ള സ്വാഭാവിക പ്രതിസന്ധികള്‍ മാത്രമേ തങ്ങളും നേരിട്ടുള്ളൂവെന്നും മത്സരവേദികള്‍ ഉണരുമ്പോള്‍ എല്ലാം ശരിയാകുമെന്നും സംഘാടകര്‍ ആണയിട്ട് പറയുന്നു. വലിയ ഒരുക്കങ്ങള്‍ കാണാതെ ചെറിയ പാകപ്പിഴകള്‍ വിളിച്ചുപറയുകയാണ് മാധ്യമങ്ങളെന്നാണ് അവരുടെ പരിഭവം. മികച്ച ആസൂത്രണമാണ് നടന്നതെന്ന് ഉറപ്പ്. 32 മത്സര വേദികള്‍ നഗരത്തിന്‍െറ നാലു മേഖലകളിലാക്കി കേന്ദ്രീകരിച്ചിരിക്കുന്നു. ബാഹ, കോപകബാന, ദിയോദോറോ, മാറക്കാന എന്നിവ.
2008ല്‍ ബെയ്ജിങ്ങിലെ ഒളിമ്പിക് ഗ്രീന്‍ പോലെ 2012ല്‍ ലണ്ടനിലെ ഒളിമ്പിക് പാര്‍ക് പോലെ റിയോയും നഗരത്തിന്‍െറ പടിഞ്ഞാറുള്ള ബാഹ ഡി ടിജൂക്ക പ്രദേശത്തെ ഒളിമ്പിക്സിനുവേണ്ടി സമര്‍പ്പിച്ചിരിക്കുന്നു. 42 കായിക ഇനങ്ങളില്‍ 16 ഉം ഇവിടെയാണ് നടക്കുക. ഒമ്പത് മത്സരവേദികളും മുഖ്യ മാധ്യമ കേന്ദ്രവും ഒളിമ്പിക് വില്ളേജും ഒളിമ്പിക് പാര്‍ക്കും ബാഹ മേഖലയിലാണ്. 17 കി.മീറ്ററോളം കടല്‍ത്തീരമുള്ള ബാഹ റിയോയിലെ ഏറ്റവും വികസിത മേഖലകൂടിയാണ്. ഒമ്പത് വേദികളടങ്ങിയ ക്ളസ്റ്ററാണ് ഒളിമ്പിക് പാര്‍ക്ക് ബാസ്കറ്റ്ബാള്‍, ഗുസ്തി, ജൂഡോ, ഫെന്‍സിങ്, തൈക്വാന്‍ഡോ, ഹാന്‍ഡ്ബാള്‍, നീന്തല്‍, ഡൈവിങ്, വാട്ടര്‍പോളോ, ടെന്നിസ്, ജിംനാസ്റ്റിക്സ്,സൈക്ളിങ് എന്നിവ ഇവിടെയാണ് നടക്കുന്നത്. ബോക്സിങ്, ടേബ്ള്‍ ടെന്നിസ്, ബാഡ്മിന്‍റണ്‍, ഭാരോദ്വഹനം എന്നിവയും ഗോള്‍ഫും ബാഹ മേഖലയില്‍ തന്നെ. നഗരത്തിന്‍െറ വടക്കുള്ള ദിയോദോറോ ഒളിമ്പിക് പാര്‍ക്ക് 11 ഇനങ്ങള്‍ക്കാണ് വേദിയൊരുക്കുന്നത്.നഗരത്തിന്‍െറ കിഴക്കാണ് മാറക്കാന, കോപകബാന മേഖലകള്‍. ഉദ്ഘാടന-സമാപന ചടങ്ങുകളും ഫുട്ബാള്‍ ഫൈനലും നടക്കുന്നത് വിഖ്യാതമായ മാറക്കാന സ്റ്റേഡിയത്തിലാണ്. ഏറ്റവും വലിയ വേദിയും മുക്കാല്‍ ലക്ഷത്തിലേറെ ഇരിപ്പിടമുള്ള മാറക്കാന തന്നെ. എന്നാല്‍, മുഖ്യ ഇനമായ അത്ലറ്റിക്സ് മാറക്കാനക്ക് സമീപമുള്ള ഒളിമ്പിക് സ്റ്റേഡിയത്തിലായിരിക്കും.
2007ലെ പാന്‍ അമേരിക്കന്‍ ഗെയിംസിന് വേണ്ടി പണിത സ്റ്റേഡിയം നവീകരിച്ചാണ് ഒളിമ്പിക് സ്റ്റേഡിയമായിരിക്കുന്നത്. ഗെയിംസിലെ മുഖ്യഇനമായ അത്ലറ്റിക്സും ഏതാനും ഫുട്ബാള്‍ മത്സരങ്ങളുമാണ് ഇവിടെ നടക്കുക. ഇതിനായി ഏറ്റവും ആധുനികമായ ട്രാക്കാണ് പണിതിരിക്കുന്നത്. ഏറ്റവും വലിയ ജനകൂട്ടത്തെ ആകര്‍ഷിക്കുന്ന രണ്ടിനങ്ങള്‍ക്ക് വേദിയൊരുക്കാനായി ഇരിപ്പിട സൗകര്യം താല്‍ക്കാലികമായി കൂട്ടി. 46,000 ഉണ്ടായിരുന്നത് 60,000 ആക്കി.
കോപകബാനയില്‍ പ്രധാനമായും ജല കായിക ഇനങ്ങളാണ് നടക്കുക. തുഴച്ചില്‍, കനോയിങ്, സെയിലിങ് എന്നിവക്ക് പുറമെ ബീച്ച് വോളിബാളും ഈ കടല്‍ത്തീരത്ത് നടക്കും. ഒളിമ്പിക്സ് കഴിഞ്ഞാല്‍ ചെയ്യേണ്ട കാര്യങ്ങളും ബ്രസീല്‍ അധികാരികള്‍ ഇപ്പോഴേ തീരുമാനിച്ചുവെച്ചിട്ടുണ്ട്. ഏറെ ചെലവഴിച്ച് പണിത സൗകര്യങ്ങളെല്ലാം സമൂഹത്തിന് തന്നെ തിരിച്ചുനല്‍കാനാണ് അധികൃതരുടെ തീരുമാനം. ദിയോദോറെ പ്രദേശം ഗെയിംസിന് ശേഷം പൊതുജനങ്ങള്‍ക്ക് വിനോദത്തിനായി തുറന്നുകൊടുക്കും. ഹാന്‍ഡ്ബാള്‍ വേദി ഗെയിംസിനുശേഷം നാലു സ്കൂളുകളായി മാറും. നീന്തല്‍കുളങ്ങളടങ്ങിയ സ്റ്റേഡിയം വിദ്യാര്‍ഥികള്‍ക്ക് പരിശീലനത്തിന് വിട്ടുകൊടുക്കും. ഒളിമ്പിക് പാര്‍ക് നില്‍ക്കുന്ന സ്ഥലം സ്കൂളിന് നല്‍കും. പേരിലെ നദിപോലെ റിയോ ഒഴുകിക്കൊണ്ടിരിക്കുകയാണ്, ഒളിമ്പിക് ഓളങ്ങളെ ഭാവിയിലേക്ക് ഇളക്കിവിട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.