റിയോ ഉണർന്നു

കളികളുടെ ലോകവേദിയില്‍ ബ്രസീല്‍ കാര്യം പറഞ്ഞു. ഭൂമിയെ കാത്തുകൊള്ളുക. ലോകം സമത്വസുന്ദരവും സമാധാനപൂര്‍ണവുമാകട്ടെ. വിസ്മയത്തിന്‍െറ മായിക ചെപ്പ് മാറക്കാന സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച രാത്രി തുറന്നുവിട്ടത് ആഹ്ളാദാഘോഷം മാത്രമായിരുന്നില്ല, ഇരുത്തി ചിന്തിപ്പിക്കേണ്ട മുന്നറിയിപ്പുകളുമായിരുന്നു.

തെക്കനമേരിക്കന്‍ രാജ്യത്തിന്‍െറ പാരമ്പര്യവും ശക്തിയും കലാവൈവിധ്യവും സാംസ്കാരിക സമ്പന്നതയും ലോകത്തിന്ുമുന്നില്‍ പ്രദര്‍ശിപ്പിച്ചതിനൊപ്പം അവര്‍ ലോകത്തിന് വലിയ സന്ദേശം നല്‍കാനും മറന്നില്ല. കാലാവസ്ഥാ വ്യതിയാനത്തിന് കാഴ്ചക്കാരായിരുന്നാല്‍ ഭൂമിയുടെ നാശത്തിനും കാഴ്ചക്കാരാവേണ്ടിവരുമെന്ന മാനവിക ചിന്തക്കുകൂടി തിരികൊളുത്തുന്ന മൂന്നുമണിക്കൂര്‍ നീണ്ട മായികവിരുന്ന്. സാങ്കേതികവിദ്യയേക്കാളും ഉപകരണങ്ങളേക്കാളും മനുഷ്യസാന്നിധ്യം നിറഞ്ഞുനിന്ന പുതുമയേറിയ അവതരണത്തില്‍ അക്ഷരാര്‍ഥത്തില്‍ ലോകം വിസ്മയിച്ചുനിന്നു.
സമ്പത്തും കുലമഹിമയും രാജ്യവുമല്ല ശാരീരിക ബലത്തിന്‍െറ മികവുകൂടിയതാണ് ഒരാളെ മനുഷ്യകുലത്തിന്‍െറ മുന്നിലത്തെിക്കുന്നതെന്ന സന്ദേശവുമായാണ് 10,000ത്തിലേറെ കായികതാരങ്ങള്‍ മാറക്കാന മൈതാനത്തേക്ക് കൈവീശിയും പുഞ്ചിരിതൂകിയും കടന്നുവന്നത്. കേട്ടതും കേള്‍ക്കാത്തതുമായ നിരവധി രാജ്യങ്ങളുടെ പ്രതിനിധികള്‍ നിറവും മതവും ഭാഷയും മറന്ന് നൃത്തച്ചുവടുകളോടെ ലോകവേദിയിലേക്ക് നെഞ്ചുവിരിച്ചുവന്നപ്പോള്‍ ഗാലറി ഒന്നടങ്കം നിറഞ്ഞ മനസ്സോടെ കൈയടിച്ച് സ്വീകരിച്ചു. രാജ്യ-ഭൂഖണ്ഡ അതിര്‍ത്തികള്‍ മറന്ന് കായികപ്രതിഭകളെല്ലാം ഒരു കുടക്കീഴില്‍ ഒന്നിച്ചപ്പോള്‍ മാനവികതയുടെ അതുല്യ ശക്തിപ്രകടനമായി. പിറന്നമണ്ണ് നഷ്ടമായ അഭയാര്‍ഥിസംഘം ഇതാദ്യമായി ഒളിമ്പിക്സ് ചരിത്രത്തിലേക്ക് ചുവടുവെച്ചപ്പോള്‍ കാതടപ്പിക്കുന്ന കൈയടികളോടെ ലോകം അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
 
ഇന്ത്യൻ താരങ്ങളുടെ മാർച് പാസ്റ്റിങ്
 
 


പിന്നീടായിരുന്നു ലോകം കാത്തുനിന്ന നിമിഷം. ഗ്രീസില്‍നിന്ന് പുറപ്പെട്ട് സ്വിറ്റ്സര്‍ലന്‍ഡും കടന്ന് മൂന്നുമാസത്തിലേറെയായി ബ്രസീലില്‍ പര്യടനം പൂര്‍ത്തിയാക്കിയ ഒളിമ്പിക് ദീപശിഖ കൈയിലേന്തി മുന്‍ ലോക ഒന്നാം നമ്പര്‍ ടെന്നിസ് താരം ഗുസ്താവോ കര്‍ട്ടന്‍ സ്റ്റേഡിയത്തിലേക്ക്. പിന്നാലെ, ബാസ്കറ്റ്ബാള്‍ താരം ഹോര്‍ട്ടനിഷ്യ മല്‍കരിയിലേക്ക്. അപ്പോഴും ദീപം തെളിയിക്കുന്നത് ആരെന്ന് അവ്യക്തം. ഒളിമ്പിക് ദീപത്തിന്‍െറ വെളിച്ചംമാത്രം പരന്ന സ്റ്റേഡിയത്തില്‍ ആകാംക്ഷയുടെ നിമിഷങ്ങള്‍. കാത്തിരിപ്പ് അധികം നീണ്ടുനിന്നില്ല. ഇത്തിരിവെട്ടം നിറവെളിച്ചമായി മാറിയപ്പോള്‍ ഒരാള്‍ പ്രത്യക്ഷപ്പെട്ടു. 12 വര്‍ഷം മുമ്പ് ആതന്‍സില്‍ ബ്രസീലിന്‍െറ മാത്രമല്ല, കായികലോകത്തിന്‍െറ തന്നെ ആവേശമായി മാറിയ ദീര്‍ഘദൂര ഓട്ടക്കാരന്‍ വാന്‍ഡര്‍ലി ഡി ലിമ. നിറഞ്ഞ കൈയടിയില്‍ വാന്‍ഡര്‍ ലി സ്റ്റേഡിത്തിലെ കൂറ്റന്‍ തീകുണ്ഡത്തിലേക്ക് അഗ്നിപകര്‍ന്നു.

രാത്രി വൈകി ഒളിമ്പിക് ദീപം നഗരമധ്യത്തിലെ സ്ഥിരം അഗ്നികുണ്ഡത്തിലേക്ക് മാറ്റി. ഇനി മേള കൊടിയിറങ്ങുംവരെ ആ നാളങ്ങള്‍ ജ്വലിച്ചുകൊണ്ടിരിക്കും. പുതിയ ലോകമാണിതെന്ന് ഓര്‍മപ്പെടുത്തലുമായി. ബ്രസീല്‍ ആക്ടിങ് പ്രസിഡന്‍റ് മൈക്കിള്‍ ടെമറാണ് ഒളിമ്പിക്സ് ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.