അവസാനം മാറക്കാന ചിരിച്ചു

മാറക്കാന സ്റ്റേഡിയം മുമ്പൊരിക്കലും ഇത്രയധികം സന്തോഷിച്ചിട്ടുണ്ടാകില്ല. ബ്രസീലുകാര്‍ ആത്മാഭിമാനത്തോടെ ലോകത്തിനുമുന്നില്‍ നെഞ്ചുവിരിച്ച് ഈ ഗാലറിപ്പടവുകള്‍ ഇറങ്ങിയിട്ടുമുണ്ടാവില്ല. വെള്ളിയാഴ്ച രാത്രി അവര്‍ക്കുനല്‍കിയ ആഹ്ളാദത്തിന് അതിരില്ല. ഒളിമ്പിക്സ് അനുവദിച്ചതുമുതല്‍ കേള്‍ക്കുന്ന പഴികളെല്ലാം ഒറ്റ രാത്രികൊണ്ട് അവര്‍ കഴുകിക്കളഞ്ഞിരിക്കുന്നു. ലോകം മുഴുവന്‍ ആ വര്‍ണക്കാഴ്ചകളില്‍ മുഴുകിയിരിക്കുമ്പോള്‍ മാറക്കാനയിലെ ഗാലറികളില്‍ നിര്‍ത്താത്ത ആട്ടവും പാട്ടവും ആരവങ്ങളുമായിരുന്നു. അതിനിയും ഒടുങ്ങിയിട്ടില്ല. ഇതാ ബ്രസീല്‍. ചരിത്രവും വര്‍ത്തമാനവും ഉജ്ജ്വലവും പ്രൗഢവുമായ ദൃശ്യവിരുന്നായി മാറക്കാന മൈതാനത്ത് ചാലിട്ടൊഴുകിയ മണിക്കൂറുകളില്‍ ബ്രസീല്‍ ലോകത്തിന്‍െറ നെറുകയിലേക്കുള്ള ചവിട്ടുപടികള്‍ കയറുകയായിരുന്നു. ഒരുപക്ഷേ, ‘മാറക്കാന ദുരന്തം’ പോലും ഒളിമ്പിക് ദീപം തെളിഞ്ഞ രാത്രിയില്‍ ബ്രസീലുകാര്‍ വിസ്മൃതിയിലേക്ക് തള്ളിയിട്ടുണ്ടാകും. രാജ്യത്തെ മുഴുവന്‍ കണ്ണീരണിയിച്ച 1950 ലോകകപ്പിലെ ആ തോല്‍വി നടന്നത് മാറക്കാനയുടെ പുതുമണം മാറാത്ത മൈതാനത്തായിരുന്നു. പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും അവരെ വേട്ടയാടിക്കൊണ്ടിരിക്കുന്ന ദുരന്തം.

ആദ്യമായി ലോകകപ്പിന് മണ്ണൊരുക്കുമ്പോള്‍ കിരീടധാരണത്തിനായി പണിതതാണ് നാടിന്‍െറ അഭിമാനമായ ഈ സ്റ്റേഡിയം. കപ്പിന് ഏറ്റവും സാധ്യത കല്‍പിക്കപ്പെട്ട ടീം. അന്ന് ജുലൈ 16ന്  ഫൈനല്‍ കാണാന്‍ ഇവിടെ ഇരമ്പിയത്തെിയത് രണ്ടുലക്ഷത്തോളം പേര്‍. അയല്‍ക്കാരായ ഉറുഗ്വായ്ക്കെതിരെ സമനില മാത്രം മതി മഞ്ഞപ്പടക്ക് ലോകകപ്പ് സ്വന്തമാക്കാന്‍. ആദ്യപകുതി കഴിഞ്ഞയുടന്‍ ഫ്രിയാക്കയുടെ ഗോളില്‍ ബ്രസീല്‍ മുന്നിലത്തെിയതോടെ തന്നെ സ്റ്റേഡിയത്തില്‍ ആഘോഷം തുടങ്ങിയിരുന്നു. ആല്‍ബര്‍ട്ടോ ഷിയാഫിനോ ഗോള്‍ മടക്കിയടിച്ചപ്പോഴും ബ്രസീല്‍ ലോകകപ്പ് മോഹം ഉപേക്ഷിച്ചില്ല. എന്നാല്‍, ഫൈനല്‍ വിസിലിന് 11 മിനിറ്റ് ബാക്കിനില്‍ക്കെ കാനറികളുടെ നെഞ്ചുപിളര്‍ത്തി ഗിഗിയ ബ്രസീല്‍ വലയിലേക്ക് ഷോട്ട് പായിച്ചു. ഫുട്ബാള്‍ ചരിത്രത്തിലെ ഏറ്റവുംവലിയ അട്ടിമറികളിലൊന്നിന്‍െറ പിറവിയായിരുന്നു ലോകത്തിന് അതെങ്കില്‍ ബ്രസീലിന് അത് മായ്ക്കാനാവാത്ത മാനഹാനിയും ദുരന്തവുമായിരുന്നു. അന്ന് ടീമിലുണ്ടായിരുന്നവരെല്ലാം കളിനിര്‍ത്തുകയോ ശപിക്കപ്പെട്ടവരോ ആയി മാറി. പിന്നീട് അഞ്ചുതവണ ലോകകിരീടം ചൂടിയിട്ടും ‘മാറക്കാനാസോ’ അവരെ വേദനിപ്പിച്ചുകൊണ്ടിരുന്നു.

ആ തീയില്‍നിന്നാണ് മാറക്കാന പുതിയ വിജയഗാഥ വെള്ളിയാഴ്ച രചിച്ചത്. പ്രാദേശിക സമയം വൈകീട്ട് നാലുമണി മുതല്‍ തന്നെ സ്റ്റേഡിയത്തിലേക്ക് ആളുകള്‍ ഒഴുകിത്തുടങ്ങിയിരുന്നു. ഏറെ അകലത്തെന്നെ സുരക്ഷാഭടന്മാര്‍ തീര്‍ത്ത കോട്ട കടന്നാണ് അവര്‍ വന്നത്. കറുത്ത വേഷത്തില്‍ തോക്കും ചൂണ്ടിനിന്ന പൊലീസുകാരുടെ മുഖത്ത് പക്ഷേ, സൗഹൃദത്തിന്‍െറ പുഞ്ചിരിയുണ്ടായിരുന്നു. വെള്ള പ്രതലമാക്കിമാറ്റിയ മൈതാനത്ത് രാത്രി ഏഴരയോടെ പ്രകാശത്തൂണ്‍ വീണു. അരമണിക്കൂറോളം നീണ്ട ആമുഖ അവതരണത്തിന് ശേഷമായിരുന്നു കൂറ്റന്‍ സ്ക്രീനുകളില്‍ അക്കങ്ങള്‍ പിന്നോട്ട് സഞ്ചരിച്ചത്.
10ല്‍ തുടങ്ങി പൂജ്യത്തിലത്തെിയപ്പോള്‍ ആര്‍പ്പുവിളികളുടെ അകമ്പടിയില്‍ മൈതാനം സാഗരമായി മാറി. തുടര്‍ന്നുള്ള ഒരോ മിനിറ്റും വിസ്മയങ്ങളുടെയും കലാസൗന്ദര്യത്തിന്‍െറയും പുതിയ നിറക്കൂട്ടുകള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. സിറ്റി ഓഫ് ഗോഡ് എന്ന സിനിമയിലൂടെ ലോക പ്രശസ്തനായ സംവിധായകന്‍ ഫെര്‍ണാണ്ടോ മെയ്റില്‍സും സംഘവും രണ്ടുവര്‍ഷം മുമ്പ് തുടങ്ങിയ കലാസപര്യ വെറുതെയായില്ല. സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ 60,000ത്തിലേറെ പേരും ലോകമെങ്ങുമുള്ള 350 കോടി ടെലിവിഷന്‍ പ്രേക്ഷകരും ഒരിക്കലും മറക്കില്ല മാറക്കാനയെ.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.