റിയോ ഡെ ജനീറോ: നീന്തല്‍ക്കുളത്തിലെ ലോകറെക്കോഡും ജിംസ്നാസ്റ്റിക്സ് ഫ്ളോറിലെ കണ്ണീരും സുരക്ഷാഭീഷണിയുമൊക്കെയായി റിയോ ഒളിമ്പിക്സിലെ ആദ്യദിനം സംഭവബഹുലമായി. വിയറ്റ്നാമും തായ്ലന്‍ഡും ഒളിമ്പിക് ചരിത്രത്തിലെ ആദ്യ സ്വര്‍ണമെഡല്‍ സ്വന്തമാക്കുന്നതിനും ആദ്യദിനം സാക്ഷിയായി.
ബ്രിട്ടന്‍െറ ആദം പീറ്റിയാണ് നീന്തലില്‍ റെക്കോഡുമായി ഒളിമ്പിക് അക്വാറ്റിക്സ് സ്റ്റേഡിയത്തെ ത്രസിപ്പിച്ചത്. പുരുഷന്മാരുടെ 100 മീറ്റര്‍ ബ്രെസ്റ്റ് സ്ട്രോക്കില്‍ 57.55 സെക്കന്‍ഡില്‍ നീന്തിക്കയറിയ പീറ്റി കഴിഞ്ഞവഷം താന്‍തന്നെ സ്ഥാപിച്ച 57.92 സെക്കന്‍ഡ് സമയമാണ് വന്‍ വ്യത്യാസത്തില്‍ മറികടന്നത്. പുരുഷന്മാരുടെ 400 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ ആസ്ട്രേലിയയുടെ മാര്‍ക് ഹോര്‍ട്ടനെ പിന്തള്ളി ചൈനയുടെ സുന്‍ യാങ് സ്വര്‍ണം സ്വന്തമാക്കി. ഇന്ത്യയുടെ ജിതു റായി മെഡലില്ലാതെ മടങ്ങിയ പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ സ്വര്‍ണം സ്വന്തമാക്കിയ ഹോങ് സുവാന്‍ വിന്‍ വിയറ്റ്നാമിന്‍െറ ആദ്യ സുവര്‍ണപ്പതക്കം മാറിലണിഞ്ഞ് ഒളിമ്പിക് ചരിത്രത്തിലിടം പിടിച്ചു. വനിതകളുടെ 48 കിലോ ഭാരോദ്വഹനത്തില്‍ 200 കിലോ ഉയര്‍ത്തിയ തായ്ലന്‍ഡിന്‍െറ സോപാത തനാസെനും സമാനനേട്ടത്തിനുടമയായി.
സുരക്ഷയുമായി ബന്ധപ്പെട്ട രണ്ട് സംഭവങ്ങളും ആദ്യദിനം റിയോയിലുണ്ടായി. കോപകബാന ബീച്ചിനടുത്ത് പുരുഷന്മാരുടെ സൈക്ക്ള്‍ വേദിക്കടുത്തുനിന്ന് സംശയാസ്പദമായ നിലയില്‍ കണ്ടെടുത്ത സ്ഫോടകവസ്തു സൈനികവിഭാഗം നിര്‍വീര്യമാക്കിയപ്പോള്‍ ദിയോഡോറോയില്‍ നടക്കുന്ന കുതിരയോട്ട മത്സരത്തിനിടെ മീഡിയ സെന്‍ററിലെ മേല്‍ക്കൂരയില്‍ വെടിയുണ്ട വന്നുപതിച്ചതും പരിഭ്രാന്തി പരത്തി. ഇത് എവിടെനിന്നോ ലക്ഷ്യംതെറ്റി പതിച്ച വെടിയുണ്ടയാണെന്നും സുരക്ഷാഭീഷണിയൊന്നുമില്ളെന്നും ഒളിമ്പിക്സ് വക്താവ് മാരിയോ ആന്ദ്രാദെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.