???, ???, ??????

ലൈല, ലിന, ലില്ലി: ഒരേ ജന്മത്തിലെ ഓട്ടക്കാര്‍

റിയോ ഡെ ജനീറോ: ലൈല, ലിന, ലില്ലി -പൂക്കളെപോലെ എസ്തോണിയയില്‍നിന്ന് മൂന്ന് അപൂര്‍വ സഹോദരിമാര്‍. ഒറ്റ പ്രസവത്തില്‍ ജനിച്ച ഇവര്‍ ഒന്നിച്ച് ഒളിമ്പിക്സില്‍ ഓടാനിറങ്ങുമ്പോള്‍ അത് പുതുചരിതമാകും. റിയോയില്‍ മാരത്തണിലാണ് ത്രിമൂര്‍ത്തികള്‍ മത്സരിക്കുന്നത്. ഒളിമ്പിക്സില്‍ ആദ്യമായാണ് മൂന്ന് സഹോദരിമാര്‍ മത്സരിക്കുന്നത്. ഒരു ഗെയിംസിലോ വ്യത്യസ്ത ഗെയിംസിലോ ആയി മുന്‍ അനുഭവം ഇല്ല. ലൂയിക് സഹോദരിമാര്‍ എന്നറിയപ്പെടുന്ന മൂവരും മുന്‍ സോവിയറ്റ് യൂനിയന്‍ രാജ്യമായ എസ്തോണിയയുടെ അഭിമാനസംഘമാണ്. ലിനയും ലില്ലിയും നേരത്തെതന്നെ ഒളിമ്പിക് യോഗ്യത നേടിയപ്പോള്‍ ലൈല ഇക്കഴിഞ്ഞ ഏപ്രിലില്‍ ഹംബര്‍ഗ് മീറ്റിലാണ് ചിത്രം പൂര്‍ത്തിയാക്കി യോഗ്യത ഉറപ്പിച്ചത്. ഇരട്ടകള്‍ മുമ്പ് ഒളിമ്പിക്സില്‍ മത്സരിച്ചിട്ടുണ്ട്. സ്ലോവാക്യയുടെ പാവല്‍, പീറ്റര്‍ ഇരട്ടകള്‍ തുഴച്ചിലില്‍ 2000 മുതല്‍ നാല് ഒളിമ്പിക്സില്‍ മത്സരിച്ചത് ഒരു ഉദാഹരണം. പക്ഷെ, മൂന്നു സഹോദരിമാര്‍ ഒന്നിക്കുന്നത് ആദ്യമാണ്, വേനല്‍ ഒളിമ്പിക്സായാലും ശൈത്യകാല ഒളിമ്പിക്സായാലും.

1985 ഒക്ടോബര്‍ 14നായിരുന്നു മൂവരുടെയും ജനനം. പിറന്നത് മുതല്‍ എല്ലാ കാര്യത്തിലും ഒന്നിച്ചായിരുന്നു ഈ പെണ്‍കൂട്ടം, ഓട്ടത്തിലും കളിയിലുമെല്ലാം. കാഴ്ചയിലും പെരുമാറ്റത്തിലും ഒരേപോലെ. ഇതാ ഇപ്പോള്‍ ഒന്നിച്ച് ഒളിമ്പിക്സിനും. എസ്തോണിയന്‍ നഗരമായ ടര്‍ട്ടുവിലെ യൂനിവേഴ്സിറ്റി അക്കാദമിക് സ്പോര്‍ട്സ് ക്ളബില്‍  കോച്ച് ഹാരി ലംബര്‍ഗിന് കീഴില്‍ കഠിന പരിശീലനം കഴിഞ്ഞാണ് മൂവരും റിയോയിലത്തെിയത്. വെറും ആറുവര്‍ഷം മുമ്പാണ് മൂവരും ദീര്‍ഘദൂര ഓട്ടത്തെ ഗൗരവത്തോടെ കാണുന്നത്. ലിനയായിരുന്നു മറ്റുള്ളവര്‍ക്ക് പ്രചോദനം. ഒറ്റക്കുള്ള പരിശീലനം ബോറായപ്പോള്‍ ലിന സഹോദരിമാരെക്കൂടി കൂട്ടുകയായിരുന്നു. എസ്തോണിയയിലെ ചില മീറ്റുകളെല്ലാം വിജയിച്ചപ്പോള്‍ രണ്ടു വര്‍ഷത്തിന് ശേഷം അന്താരാഷ്ട്ര മീറ്റുകളില്‍ പങ്കെടുക്കാന്‍ തുടങ്ങി. പിന്നീടാണ് ഒളിമ്പിക് മോഹം മനസ്സില്‍ കയറിയത്.

2011ല്‍ ഇവരില്‍ രണ്ടുപേര്‍ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നു സ്വര്‍ണം നേടി. ലിന 10,000 മീറ്ററിലും ഹാഫ് മാരത്തണിലും. ലൈല മാരത്തണിലും. ലില്ലിയാകട്ടെ കഴിഞ്ഞവര്‍ഷം ബെയ്ജിങ്ങില്‍ നടന്ന ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍  മാരത്തണില്‍ മത്സരിക്കുകയും ചെയ്തു. മൂവരും ഓട്ടക്കാര്‍ മാത്രമല്ല. നല്ല നര്‍ത്തകരുമാണ്. പരിശീലനത്തിനും മത്സരത്തിനുമുള്ള പണം കണ്ടത്തെുന്നത് നൃത്തത്തിലൂടെയാണ്. 2014ല്‍ സൂറിച്ചില്‍ നടന്ന യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നു സഹോദരിമാരും ഒന്നിച്ചു മത്സരിച്ച് ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. മൂന്നുപേരും ഒന്നിച്ച് മാരത്തണ്‍ ഓടുന്നത് ആദ്യമായായിരുന്നു. കൂട്ടത്തില്‍ വേഗം കൂടുതല്‍ ലൈലക്കാണ്. രണ്ടു മണിക്കൂര്‍ 31 മിനിറ്റ് 11 സെക്കന്‍ഡാണ് ലൈലയുടെ മികച്ച സമയം. രണ്ടര മിനിറ്റ് പിന്നില്‍ ലിനയും മൂന്നു മിനിറ്റ് പിന്നില്‍ ലില്ലിയുമുണ്ട്. നിലവിലെ ലോക സമയത്തില്‍നിന്ന് ഏറെ അകലെയൊന്നുമല്ല ഇവര്‍. എന്നാല്‍, ആഫ്രിക്കക്കാരോട് മത്സരിച്ച് ജയിക്കുക പാടാണെന്ന് ലിന പറയുമ്പോള്‍ ലൈലയും ലില്ലിയും തലകുലുക്കുന്നു. 14നാണ് വനിതകളുടെ മാരത്തണ്‍ മത്സരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.