സാനിയ- ബൊപ്പണ്ണ സഖ്യം സെമിയില്‍

റിയോ ഡെ ജനീറോ: ഒളിമ്പിക്സ് മെഡലിലേക്ക് കണ്ണുപായിച്ച് സാനിയ മിര്‍സയും രോഹന്‍ ബൊപ്പണ്ണയും. ടെന്നിസ് മിക്സഡ് ഡബ്ള്‍സില്‍ ഇരുവരും തുടര്‍ച്ചയായി രണ്ടാം ജയത്തോടെ സെമിഫൈനലില്‍ സ്ഥാനംപിടിച്ചു. ഒരു ജയംകൂടി നേടിയാല്‍ വെള്ളി ഉറപ്പിക്കാം. തോറ്റാല്‍ ലൂസേഴ്സ് ഫൈനലിലൂടെ വെങ്കലത്തിന് സാധ്യത. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രിട്ടന്‍െറ ലോക രണ്ടാം നമ്പര്‍ താരമായ ആന്‍ഡി മറെയും ഹീതര്‍ വാട്സണും ചേര്‍ന്ന് നടത്തിയ ചെറുത്തുനില്‍പ്പിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് മറികടന്നാണ് ഇന്ത്യന്‍ ടീം വിജയം ആഘോഷിച്ചത്. സ്കോര്‍ 6-4, 6-4. ഒന്നേകാല്‍ മണിക്കൂര്‍ മാത്രം നീണ്ട മത്സരത്തില്‍ സാനിയയും ബൊപ്പണ്ണയും ഒത്തിണക്കത്തോടെ തുടക്കംമുതല്‍ കളിച്ചത് ഫലം കണ്ടു. സാനിയ തന്‍െറ റിട്ടേണുകളിലെ മികവ് ആവര്‍ത്തിച്ചപ്പോള്‍ ബൊപ്പണ്ണ സര്‍വില്‍ തിളങ്ങി. ആദ്യ സെറ്റില്‍ ഇന്ത്യയെ ‘ബ്രേക് ചെയ്ത് ബ്രിട്ടീഷ് ജോടിയാണ് ആദ്യം മുന്നേറിയത്. തിരിച്ചു രണ്ടുതവണ ബ്രേക് ചെയ്ത് മുന്നില്‍ കയറിയ ഇന്ത്യന്‍ സംഘം 4-3ന് മുന്നിലത്തെിയ ശേഷം പിന്നെ തിരിഞ്ഞുനോക്കിയില്ല.

രണ്ടാം സെറ്റിലും ഇന്ത്യയുടെ തുടക്കം മികച്ചതായിരുന്നില്ല. പക്ഷേ, വാട്സന്‍െറ സര്‍വുകള്‍ മുതലെടുത്ത് തിരിച്ചടിച്ച ഇന്ത്യ ബൊപ്പണ്ണയുടെ മികച്ച സര്‍വുകളിലൂടെ 5-3ന് മുന്നില്‍ക്കയറി. ഒരു ഗെയിമിലും കൂടിയേ ബ്രിട്ടീഷുകാര്‍ പോരാട്ടവീര്യം കാണിച്ചുള്ളൂ. 10ാം ഗെയിമില്‍ ഇന്ത്യ സെറ്റും മത്സരവും സ്വന്തമാക്കി. രാവിലെ പുരുഷ സിംഗ്ള്‍സില്‍ രണ്ടു മണിക്കൂര്‍ നീണ്ട ക്വാര്‍ട്ടര്‍ പോരാട്ടത്തിനുശേഷം മിക്സഡ് ഡബ്ള്‍സില്‍ ഇറങ്ങേണ്ടിവന്നതിന്‍െറ ക്ഷീണം മറെയില്‍ പ്രകടമായിരുന്നു. നിലവിലെ ഒളിമ്പിക്സ് സിംഗ്ള്‍സില്‍ ചാമ്പ്യനായ മറെ കളിയില്‍ പിഴവുകള്‍ വരുത്തിയതും ഇന്ത്യക്ക് ഗുണമായി. മിക്സഡ് ഡബ്ള്‍സില്‍ നിലവിലെ വിംബ്ള്‍ഡണ്‍ ജേത്രിയായ വാട്സണും ഫോമിലത്തൊനായില്ല. സെമിയില്‍ അമേരിക്കയുടെ വീനസ് വില്യംസ്-രാജീവ് റാം ടീമാണ് ഇന്ത്യയുടെ അടുത്ത എതിരാളികള്‍.

ഡബ്ള്‍സില്‍ പങ്കാളിയുമായി ചേര്‍ന്ന് കളിക്കുകയാണ് പ്രധാനമെന്നും തന്‍െറ മുന്‍ ജോടി മഹേഷ് ഭൂപതിയോടൊത്ത് കളിക്കുമ്പോഴുള്ള ഒത്തിണക്കമാണ് രോഹനുമായി കളിക്കുമ്പോഴുള്ളതെന്നും സാനിയ മത്സര ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആദ്യ മത്സരത്തില്‍ ആസ്ട്രേലയന്‍ ടീമിനെതിരെയും നന്നായി കളിക്കാനായി. ക്വാര്‍ട്ടറില്‍ മറെ മങ്ങിയത് കാര്യങ്ങള്‍ എളുപ്പമാക്കി -വനിതാ ഡബ്ള്‍സില്‍ നിലവില്‍ ലോക ഒന്നാം നമ്പറായ 29 കാരി പറഞ്ഞു.നേരത്തെ സാനിയ-പ്രാര്‍ഥന സഖ്യം വനിതാ ഡബ്ള്‍സിലും ബൊപ്പണ്ണ-ലിയാണ്ടര്‍ പേസ് ടീം പുരുഷ ഡബ്ള്‍സിലും തോറ്റു പുറത്തായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.